വസ്തുത പരിശോധന: ഷാരൂഖ് ഖാനും ഭാര്യയും മക്കയിൽ? വാസ്തവമറിയാം
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ചിത്രമാണ് പ്രചരിക്കുന്നത്
Claim :
ഉംറ ചെയ്യുന്ന ഷാരൂഖ് ഖാനും ഭാര്യയുംFact :
എഐ ഉപയോഗിച്ച് നിർമിച്ച ചിത്രമാണ് പ്രചരിക്കുന്നത്
പ്രശസ്ത ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മതവിശ്വാസവും രാഷ്ട്രീയവും എല്ലാ കാലവും ചർച്ചയാണ്.സ്വതന്ത്രസമര സേനാനിയായ മിർ താജ് മുഹമ്മദ് ഖാന്റെ മകനായ ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ, എപ്പോഴും തന്റെ മുസ്ലിം സ്വത്വം വ്യക്തമാക്കാറുണ്ട്. 2010ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനിലെ ഷാരൂഖ് ഖാൻ്റെ കഥാപാത്രം റിസ്വാൻ ഖാന്റെ 'മൈ നെയിം ഈ ഖാൻ, ആൻ്റ് അയാം നോട്ട് എ ടെററിസ്റ്റ്' എന്ന ഡയലോഗ് ഇന്നും പ്രശസ്തവും പ്രസക്തവുമാണ്. സിനിമയിലെ കഥാപാത്രങ്ങളിലും ജീവിതത്തിലും രാഷ്ട്രീയം കൃത്യമായി വ്യക്തമാക്കുന്ന ആളാണ് ഷാരൂഖ്.
ഹൈന്ദവ വിശ്വാസിയാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ. വീട്ടിൽ രണ്ട് വിശ്വാസമാണെന്ന് ഷാരൂഖ് തന്നെ പല ഘട്ടങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഷാരൂഖ് ഖാന്റെ മതം പല രീതിയിൽ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകപ്പെടാറുള്ളത്. ഇസ്ലം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ മക്കയിൽ ഉംറ തീർഥാടനത്തിനെത്തിയ ഷാരൂഖ് ഖാനും ഭാര്യയും എന്ന അടിക്കുറിപ്പോടെ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
മക്കയിലെത്തിയ ഷാരൂഖ് ഖാനും ഭാര്യ ഗൌരി ഖാനും, ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനും തുടങ്ങിയ അടിക്കുറിപ്പുകളോടെ നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്.
ലക്ഷക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് പേർ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാം മത വിശ്വാസിയായ ഷാരൂഖ് ഖാനും ഹൈന്ദവ വിശ്വാസിയായ ഭാര്യ ഗൌരി ഖാനും ഇസ്ലാം മത വിശ്വാസികളുടെ തീർത്ഥാടന കർമമായ ഉംറ നിർവഹിക്കുന്ന ചിത്രം വലിയ തോതിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാണ്. ഷാരൂഖ് ഖാൻ മത സ്വത്വത്തിൽ ഉറച്ച് നിന്ന് നിലപാടുകൾ പറയുന്നതും കൂട്ടിച്ചേർത്താണ് പ്രചാരണം. പ്രചരിക്കുന്ന പോസ്റ്റുകൾക്ക് താഴെ വിശ്വാസികളുടെയും ആരാധകരുടെയും ആശംസകൾ കമൻ്റുകളിലുണ്ട്. ലവ് ജിഹാദ് ഉൾപടെ ഉള്ള ആരോപണങ്ങളും വിമർശനവും മറ്റൊരു പക്ഷം ഉയർത്തുന്നുണ്ട്.
വസ്തുത അന്വേഷണം:
പ്രശസ്ത ബോളിവുഡ് നടൻ ഷാരൂഖ് ഖാനും ഹൈന്ദവ വിശ്വാസിയായ ഭാര്യയും മക്കയിൽ ഉംറ നിർവഹിക്കുന്ന ചിത്രം വ്യാജമായി നിർമിച്ചതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ചിത്രം നിർമിച്ചതെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഒന്നിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുമുണ്ട്. ഷാരൂഖിനൊപ്പം ഇഹ്രാം ധരിച്ച ആര്യൻ ഖാൻ ടീ ഷർട്ട് ധരിച്ചതായി കാണാം. ചിത്രം വ്യജമാണെന്ന സൂചനകൾ ഇതിൽ നിന്ന് ലഭ്യമായി. ഇഹ്റാമിൽ പുരുഷൻ ധരിക്കേണ്ടത് വെള്ള നിറത്തിലുള്ള തുണിയാണ്. ഇസ്ലാം മതവിശ്വാസികൾ മക്കയിൽ ഉംറ, ഹജ്ജ് കർമം നിർവഹിക്കുമ്പോൾ ധരിക്കുന്ന വസ്ത്രമാണ് ഇഹ്രാം. ആര്യൻ ഖാൻ്റെ ചിത്രത്തിൽ ഇഹ്റാമിൻ്റെ വെള്ള വസ്ത്രത്തിന് അടിയിൽ നീല ടി ഷർട്ട് വ്യക്തമായി കാണാം.
ആദ്യ ഘട്ടത്തിൽ ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ചോ എന്നറിയാൻ കീ വേഡ് പരിശോധന നടത്തി. 2022ൽ സൌദി അറേബ്യയിലെ ജിദ്ദയിൽ റെഡ് സീ ഫിലിം ഫെസ്റ്റിവലിനെത്തിയ ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ചതായി വാർത്തകളിൽ നിന്ന് കണ്ടെത്തി. 2022 ഡിസംബർ 1 ന് ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളിൽ ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചതിൻ്റെ വാർത്തകൾ വന്നിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഷാരൂഖ് ഖാൻ്റെ ആരാധകർ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചുവടെ.
ജിദ്ദയിലെ റെഡ് സി ചലച്ചിത്രോത്സവത്തിന് എത്തിയ ഷാരൂഖ് ഖാൻ ഉംറ നിർവഹിക്കാനെത്തിയപ്പോൾ കൂടെ ഉണ്ടായിരുന്നത് സുരക്ഷ ഉദ്യോഗസ്ഥരാണെന്നും വാർത്തകളിലുണ്ട്. കൂടെ ഭാര്യ ഗൌരി ഖാനോ മകൻ ആര്യൻ ഖാനോ ഉള്ളതായി കണ്ടെത്താനായില്ല.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാൻ ട്രൂ മീഡിയയിൽ ചിത്രം പരിശോധിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാന്നിധ്യവും വസ്തുതയും കണ്ടെത്തുന്ന വെബ്സൈറ്റാണ് ട്രൂ മീഡിയ. ചിത്രം വ്യാജമായി നിർമിച്ചതാണെന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചതായും ട്രൂ മീഡിയയിൽ നിന്ന് കണ്ടെത്താനായി.
ചിത്രത്തിൽ വ്യക്തമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നതായി ട്രൂ മീഡിയയിൽ നിന്ന് കണ്ടെത്താൻ സാധിച്ചു. എഐ സാന്നിധ്യവും മുഖങ്ങളിൽ വരുത്തിയ മാറ്റവും ട്രൂ മീഡിയ കണ്ടെത്തിയിട്ടുണ്ട്.
ഷാരൂഖ് ഖാൻ ഭാര്യ ഗൗരി ഖാനും മകൻ ആര്യൻ ഖാനും ഒപ്പം ഉംറ നിർവഹിച്ചെന്ന് അവകാശപെട്ടുള്ള ചിത്രങ്ങൾ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തി.