വസ്തുത പരിശോധന: തിരുച്ചെണ്ടൂർ അമ്പലത്തിന് ഗുരുവായൂർ ക്ഷേത്രം ആനയെ നൽകിയോ?
യന്ത്ര ആനയെ സമ്മാനിച്ച പെറ്റയുടെ നടപടിക്ക് പിന്നാലെ ഗുരുവായൂർ ക്ഷേത്രം കുട്ടിയാനയെ സമ്മാനിച്ചെന്നാണ് പ്രചാരണം

Claim :
തിരുച്ചെണ്ടൂർ അമ്പലത്തിന് ഗുരുവായൂർ ക്ഷേത്രം ആനയെFact :
ക്ഷേത്രത്തിന് ആനയെ സമ്മാനിച്ചെന്ന പ്രചാരണം തെറ്റാണെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു
സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്. ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നായിരുന്നു പ്രധാന നിർദേശം. ഇതിന് പിന്നാലെ സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദ മാർഗനിർദേശങ്ങളും പുറത്തിറക്കി. ഉത്സവങ്ങള്ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനിവാര്യമായ ആചാരമല്ലെങ്കില് ഉത്സവങ്ങള്ക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. വിധിക്കെതിരെ ദേവസ്വങ്ങൾ ഹരജി സമർപ്പിച്ചതോടെ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. ക്ഷേത്ര ഉത്സവങ്ങൾ ഉൾപ്പടെയുള്ള മത ആചാരങ്ങളിലെ നിർണായക ഘടകമായ ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങളിലും കടുത്ത എതിർപ്പാണ് ഉയർന്നത്.
ഇതിനിടെ തൃശൂരിലെ കൊമ്പര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് പെറ്റ ഇന്ത്യ യന്ത്ര ആനയെ സമ്മാനിക്കുന്നത്. ക്ഷേത്രത്തിൽ ചടങ്ങുകൾക്കും എഴുന്നള്ളിപ്പിനും ആനയെ ഉപയോഗിക്കില്ലെന്ന ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റ യന്ത്ര ആനയെ കൈമാറിയത്. മൂന്ന് മീറ്റർ ഉയരവും 800 കിലോഗ്രാം ഭാരവുമുള്ള കൊമ്പര എന്ന് പേരിട്ട ആനയെ സംഗീതജ്ഞ അനുഷ്ക ശങ്കറാണ് കൈമാറിയത്. നീക്കത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. പെറ്റയുടെ കരണത്തടിയായി ഗുരുവായൂർ ക്ഷേത്ര ഭാരവാഹികൾ തിരുച്ചെണ്ടൂർ ക്ഷേത്രത്തിലേക്ക് കുട്ടിയാനയെ നൽകിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. നൃത്തം ചെയ്യുന്ന കുട്ടിയാനയാണ് ദൃശ്യത്തിൽ. പോസ്റ്റും ലിങ്കും ചുവടെ.

പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. യൂട്യൂബിലുൾപ്പടെ നിരവധി അക്കൌണ്ടുകളിൽ സമാന വീഡിയോ പ്രചരിക്കുന്നുണ്ട്.

വസ്തുത പരിശോധന:
തൃശൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് യന്ത്ര ആനയെ കൈമാറിയ പെറ്റ നടപടിക്ക് പിന്നാലെ തിരുച്ചെണ്ടൂർ മുരുകൻ ക്ഷേത്രത്തിന് ഗുരുവായൂർ ക്ഷേത്രം കുട്ടിയാനയെ കൈമാറിയെന്ന പ്രചാരണം വസ്തുത വിരുദ്ധമാണ്. ഗുരുവായൂർ ക്ഷേത്രം ആനയെ നൽകിയിട്ടില്ലെന്നും പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സാമൂഹ്യ മാധ്യമങ്ങൾ പെറ്റയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിക്കുമ്പോൾ വീഡിയോയിലെ ഗാനം ക്രൈസ്തവ ഭക്ത ഗാനമാണെന്ന് വ്യക്തമാണ്. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള ഗാനമാണ് ദൃശ്യത്തിലുള്ളത്. ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോയിൽ ക്രൈസ്തവ ഭക്തഗാനം ദൃശ്യത്തിന്റെ ആധികാരികതയെ കുറിച്ച് സംശയം ഉളവാക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോയിൽ വോയിസ് ഓഫ് തൃശൂർ എന്ന വാട്ടർമാർക്കുണ്ട്. കീ വേഡ് പരിശോധനയിൽ വോയിസ് ഓഫ് തൃശൂർ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ ലഭിച്ചു.
ഈ മ്യൂസിക്ക് കേട്ടാൽ ആനയായാൽ പോലും ഡാൻസ് കളിക്കുമെന്ന അടിക്കുറിപ്പോടെ 2024 ഓഗസ്റ്റ് എട്ടിനാണ് സമാന വീഡിയോ വോയിസ് ഓഫ് തൃശൂർ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചത്. കൊമ്പര ശ്രീകൃഷ്ണ ക്ഷേത്രത്തിന് പെറ്റ നൽകിയ യന്ത്ര ആനയുടെ പശ്ചാത്തലിത്തിലാണ് ഗുരുവായൂർ ക്ഷേത്രം കുട്ടിയാനയെ സമ്മാനിച്ചതെന്നാണ് പ്രചാരണം. തൃശൂരിലെ ക്ഷേത്രത്തിന് പെറ്റ എപ്പോഴാണ് യന്ത്ര ആനയെ നൽകിയതെന്നും വിശദാംശങ്ങളും പരിശോധിച്ചു. കീവേഡ് പരിശോധനയിൽ ജീവനുള്ള ആനയെ ഉത്സവങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള കൊമ്പര ശ്രീകൃഷണ ക്ഷേത്രത്തിന്റെ തീരുമാനത്തെ പ്രശംസിച്ച യന്ത്ര ആനയെ നൽകിയതിനെക്കുറിച്ച് പെറ്റ വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. 2025 ഫെബ്രുവരി അഞ്ചിനാണ് പെറ്റ യന്ത്ര ആനയെ കൈമാറിയത്. സിത്താർ സംഗീതജ്ഞ അനുഷ്ക ശങ്കർ ആനയെ കൈമാറുന്ന ദൃശ്യങ്ങൾ പെറ്റ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഇൻഡ്യ ടുഡെ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്.
പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത അറിയാൻ നടത്തിയ കീവേഡ് പരിശോധനയിൽ ഗുരുവായൂർ ക്ഷേത്രം കുട്ടിയാനയെ സമ്മാനിച്ചതുമായി ബന്ധപ്പെട്ട് വാർത്തയോ റിപ്പോർട്ടുകളോ ലഭ്യമായില്ല. തിരുച്ചെണ്ടൂർ മുരുകൻ ക്ഷേത്രത്തിന് ആനയെ നൽകിയിട്ടുണ്ടോ എന്നറിയാൻ ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ഓഫീസ് അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടക്കിരുത്തലിലൂടെ ആനകളെ ഭക്തർ ദാനം ചെയ്യാറാണ് പതിവെന്നു ദേവസ്വം ഓഫീസ് അറിയിച്ചു. വീഡിയോയിലെ ആന ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ളതല്ലെന്നും കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിന് യന്ത്ര ആനയെ നൽകിയ പെറ്റ നടപടിയിൽ പ്രതിഷേധിച്ച് കുട്ടിയാനയെ തിരുച്ചെണ്ടൂർ ക്ഷേത്രത്തിന് ഗുരുവായൂർ ക്ഷേത്രം സമ്മാനിച്ചെന്ന പ്രചാരണം വ്യാജമാണ്. ഇത്തരത്തിൽ ആനയെ നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന ദൃശ്യവുമായി ബന്ധമില്ലെന്നും ഗുരുവായൂർ ദേവസ്വം അറിയിച്ചു. പ്രചാരണത്തിലുള്ള പോസ്റ്റിലെ ദൃശ്യങ്ങൾ നേരത്തെയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിണ്ട്. പെറ്റ യന്ത്ര ആനയെ നൽകിയതുമായി ബന്ധപ്പെട്ടുള്ളതല്ല വീഡിയോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.