വസ്തുത പരിശോധന: ചാമ്പ്യൻസ് ട്രോഫി സെമിക്കിടെ വിവാഹ അഭ്യർഥന?
സെമി ഫൈനലിലെ ജയത്തിന് പിന്നാലെ ഓസ്ട്രേലിയൻ വനിതയോട് വിവാഹ അഭ്യർഥന നടത്തി ഇന്ത്യൻ യുവാവെന്നാണ് പ്രചാരണം

Claim :
ചാമ്പ്യൻസ് ട്രോഫി സെമിക്കിടെ ഓസ്ട്രേലിയൻ വനിതയെ പ്രൊപോസ് ചെയ്ത് ഇന്ത്യൻ യുവാവ്Fact :
പ്രചരിക്കുന്നത് 2020ലെ വീഡിയോയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി
ഐസിസി ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ദുബൈയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.2025 മാർച്ച് 4നാണ് സെമി ഫൈനൽ നടന്നത്. 2002ലും 2013ലും ചാമ്പ്യൻമാരായ ഇന്ത്യ മൂന്നാം കീരടമാണ് ലക്ഷ്യമിടുന്നത്. ഒരു കളിയും പരാജയപ്പെടാതെയാണ് ഫൈനൽ പ്രവേശം. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത ന്യൂസിലാൻഡാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. 2025 മാർച്ച് 9നാണ് ഫൈനൽ. ഇതിനിടെ 2025 മാർച്ച് നാലിന് നടന്ന സെമി ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മത്സരത്തിനിടെ ഓസ്ട്രേലിയൻ യുവതിയോട് വിവാഹ അഭ്യർഥന നടത്തുന്ന ഇന്ത്യൻ ആരാധകനെന്ന തരത്തിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഓസ്ട്രേലിയൻ ജെഴ്സി അണിഞ്ഞ യുവതിയോട് ഇന്ത്യൻ ജഴ്സിയണിഞ്ഞ യുവാവ് വിവാഹ അഭ്യർഥന നടത്തുന്നതാണ് ദൃശ്യത്തിൽ. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഐസിസി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിനിടെ ഓസ്ട്രേലിയൻ യുവതിയോട് വിവാഹ അഭ്യർഥന നടത്തുന്ന ഇന്ത്യൻ ആരാധകൻ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി. വീഡിയോ നാല് വർഷം മുൻപുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2020 നവംബർ 30ന് ഇകണോമിക ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നതിനിടെ ഗാലറിയിൽ ഓസ്ട്രേലിയൻ വംശജയായ പെൺസുഹൃത്തിനോട് വിവാഹ അഭ്യർഥന നടത്തുന്ന ഇന്ത്യൻ യുവാവിനെക്കുറിച്ചാണ് വാർത്ത. മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ആരാധകന് വിജയ നിമിഷം എന്നാണ് റിപ്പോർട്ടിൽ. സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ട് സ്റ്റേഡിയത്തിലാണ് സംഭവം. അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായതും റിപ്പോർട്ടിലുണ്ട്. നവംബർ 30ന് എക്സിൽ (അന്നത്തെ ട്വിറ്ററിൽ) വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയൻ പെൺസുഹൃത്തിനോട് വിവാഹ അഭ്യർഥന നടത്തുമ്പോൾ കാണികൾക്കൊപ്പം ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യത്തിലുണ്ട്. ക്രിക്കറ്റ് കമന്റേറ്റേഴ്സും അഭിനന്ദിക്കുന്നുണ്ട്.
ഇന്ത്യ ടുഡെ ഉൾപ്പടെയുള്ള മാധ്യമങ്ങളും നവംബർ 29ന് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ പരിശോധനയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദൃശ്യം യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
2020 നവംബർ 30ന് പങ്കുവെച്ച വീഡിയോയിൽ സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിൽ ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയക്കാരിയായ പെൺസുഹൃത്തിനെ പ്രൊപ്പോസ് ചെയ്യുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ. മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ 51 റൺസിന് പരാജയപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയ പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഐസിസി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിനിടെ ഓസ്ട്രേലിയൻ യുവതിയോട് വിവാഹ അഭ്യർഥന നടത്തുന്ന ഇന്ത്യൻ ആരാധകൻ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി. വീഡിയോ നാല് വർഷം മുൻപുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2020 നവംബർ 29ന് ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെയാണ് ഇന്ത്യൻ യുവാവ് ഓസ്ട്രേലിയൻ വംശജയായ യുവതിയോട് ഗ്യാലറിയിൽ പ്രൊപ്പോസ് ചെയ്തത്. ദൃശ്യത്തിന് 2025 മാർച്ച് നാലിന് നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ - ഓസ്ട്രേലിയ സെമി ഫൈനലുമായി ബന്ധമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതിനൊപ്പം ഓസ്ട്രേലിയൻ യുവതിയെ സ്വന്തമാക്കി എന്ന തരത്തിലാണ് പ്രചാരണം. എന്നാൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ട ഏകദിന മത്സരത്തിനിടെ നടന്ന സംഭവമാണ് പ്രചരിക്കുന്നത്.