വസ്തുത പരിശോധന: ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയെന്ന പഴയ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു
പ്രചാരണം ജാർഖണ്ഡ് സ്വദേശികൾ വധഭീഷണി ഭയന്ന് കേരളത്തിലെത്തിയതിന് പിന്നാലെ

Claim :
ഹിന്ദു യുവാവിനെ മുസ്ലിം പെൺസുഹൃത്തിന്റെ കുടുംബം കൊലപ്പെടുത്തിFact :
പ്രചരിക്കുന്നത് 2012ലെ വാർത്ത
പ്രണയത്തിന്റെ പേരിൽ വധഭീഷണിമൂലം നാട് വിട്ട ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടിയ വാർത്ത വലിയ തോതിൽ പ്രചരിക്കുകയാണ്. 30കാരനായ മുഹമ്മദ് ഗാലിബും 26കാരി ആശാ വർമ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. ലൌ ജിഹാദ് ആരോപിച്ച് ബന്ധുക്കളും തീവ്ര ഹിന്ദുത്വ സംഘടനകളും വധഭീഷണി ഉയർത്തിയതിനെ തുടർന്നാണ് ഇരുവരും നാടുവിട്ടത്. ജാർഖണ്ഡിൽ നിന്നും ആശാ വർമയുടെ കുടുംബം കേരളത്തിലെത്തുകയും ആശാ വർമ മടങ്ങാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്ത് മടങ്ങിയെത്തുകയും ചെയ്തു. എന്നാൽ ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരുവർക്കും സംരക്ഷണമൊരുക്കുകയായിരുന്നു. പ്രസ്തുത വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഹിന്ദു യുവാവിനെ തീക്കൊളുത്തിക്കൊന്ന വാർത്തയുടെ പത്ര കട്ടിങ് പ്രചരിക്കുകയാണ്. കേരളത്തിൽ മുസ്ലിം പെൺസുഹൃത്തിന്റെ കുടുംബം ഹിന്ദു യുവാവിനെ തീക്കൊളുത്തിക്കൊന്നു എന്ന തലക്കെട്ടോടെ ടൈംസ് ന്യൂസ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിങ്ങാണ് പ്രചരിക്കുന്നത്. കൊടുങ്ങല്ലൂരിൽ ജിത്തു മോഹൻ എന്ന ഹിന്ദു യുവാവിനെ മുസ്ലിമായ പെൺസുഹൃത്തിന്റെ കുടുംബം തീക്കൊളുത്തിക്കൊന്നെന്നാണ് വാർത്ത. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
കേരളത്തിൽ ഹിന്ദു യുവാവിനെ മുസ്ലിം പെൺസുഹൃത്തിന്റെ കുടുംബം തീക്കൊളുത്തി കൊന്നെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്നത് 2012ലെ വാർത്തയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ലൌ ജിഹാദ് ആരോപിച്ച് വധഭീഷണി ഭയന്ന് ജാർഖണ്ഡ് സ്വദേശികൾ കേരളത്തിലെത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ദുരഭിമാനക്കൊലയുടെ വാർത്തയുടെ വസ്തുത അറിയാൻ കീ വേർഡ് പരിശോധന നടത്തി. 2019ലും സമാന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വാർത്ത പുതിയതല്ലെന്നും 2019ലെ വാർത്തയാണ് പുതിയതായി പ്രചരിക്കുന്നതെന്നും വസ്തുത അന്വേഷണ റിപ്പോർട്ട് ലഭിച്ചു.
പ്രചരിക്കുന്ന പോസ്റ്റിലെ വാർത്ത പ്രകാരം സംഭവം നടന്നത് കൊടുങ്ങല്ലൂരിലാണ്. കേരള ജൂനിയർ ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റനാണ് മരിച്ച ജിത്തു മോഹൻ. വാർത്ത സ്ഥിരീകരിക്കാനായി നടത്തിയ പരിശോധനയിൽ ദ ന്യൂ ഇന്ത്യൻ എക്സപ്രസ് നൽകിയ വാർത്ത ലഭിച്ചു. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ ജിത്തു മോഹന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യ വേദി കായംകുളം - പുനലൂർ റോഡ് ഉപരോധിച്ചെന്നാണ് വാർത്ത. 2012 ഒക്ടോബർ 3ന് പ്രസിദ്ധീകരിച്ച വാർത്തയിൽ ജിത്തുവിന്റെ പെൺസുഹൃത്തിന്റെ കുടുംബം വിവാഹത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് വരുത്തിയെന്നും ജിത്തുവിനോട് മതം മാറാൻ ആവശ്യപ്പെട്ടെന്നും നിരസിച്ചപ്പോൾ ആറംഗ സംഘം പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയെന്ന് മരിച്ച ജിത്തുവിന്റെ ബന്ധു പറഞ്ഞെന്ന് ഹിന്ദു ഐക്യ വേദി സെക്രട്ടറി പറയുന്നുണ്ട്. കൊലയ്ക്ക് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥനുണ്ടെന്നും ശിശിൽ കുമാർ ആരോപിക്കുന്നുണ്ട്.
വാർത്തയിൽ നിന്ന ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2012 ഒക്ടോബർ 3ന് തന്നെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഭവുമായി നൽകിയ വാർത്ത ലഭിച്ചു. അതിൽ 23കാരനായ ജിത്തു മോഹൻ ദുരൂഹ സാഹചര്യത്തിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വാർത്ത. തന്നെ പെൺസുഹൃത്തിന്റെ ബന്ധു തീക്കൊളുത്തിയെന്ന് ജിത്തു മരണമൊഴി നൽകിയതായി ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബിജു ഭാസ്കർ ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ജിത്തു സ്വയം തീക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ മൊഴി നൽകിയതായും ഡിവൈഎസ്പി പറയുന്നുണ്ട്. ആരോപിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യാ സഹോദരിയാണ് ജിത്തുവിന്റെ പെൺസുഹൃത്തെന്നും റിപ്പോർട്ടിലുണ്ട്
ഇതേ വാർത്താ കുറിപ്പ് ന്യൂസ് 18നും നൽകിയതായി കണ്ടെത്തി. കൂടുതൽ പരിശോധനയിൽ സദാചാര പൊലീസ് ഫുട്ബോൾ കളിക്കാരന്റെ ജീവനെടുത്തു എന്ന തലക്കെട്ടോടെ ഡെക്കാൻ ഹെറാൾഡ് നൽകിയ വാർത്തയും ലഭിച്ചു. തന്നെ പെൺസുഹൃത്തിന്റെ സഹോദരൻ തീക്കൊളുത്തിയെന്ന് ജിത്തു മോഹൻ മരണമൊഴി നൽകിയെന്ന് ഡെക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലൌ ജിഹാദ് ആരോപിച്ച് വധഭീഷണി ഭയന്ന് ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടിയെന്ന വാർത്തയ്ക്ക് പിന്നാലെ കേരളത്തിൽ ഹിന്ദു യുവാവിനെ മുസ്ലിം പെൺസുഹൃത്തിന്റെ കുടുംബം തീക്കൊളുത്തി കൊന്നെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. കേരള ജൂനിയർ ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റൻ ജിത്തു മോഹനാണ് മരിച്ചത്. 2012ലെ വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും വ്യക്തമായി