വസ്തുത പരിശോധന: ഡൽഹി മരിച്ചവരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചോ?
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെ സന്ദർശിച്ചെന്നാണ് പ്രചാരണം

Claim :
ഡൽഹി മരിച്ചവരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചുFact :
പ്രചരിക്കുന്നത് വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ മരിച്ചവരെ സന്ദർശിക്കുന്ന വീഡിയോ
പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭ മേള ഈ മാസം 24നാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ ത്രിവേണി സംഗമത്തിലേക്കെത്തുകയാണ്. ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ കുംഭമേളക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 18 മരണം. മരിച്ചവരിൽ അഞ്ചു പേര് കുട്ടികളാണ്. ഫെബ്രുവരി 15ന് രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മഹാകുംഭ മേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. ഡൽഹിയിൽ നിന്ന് പ്രയാഗ് രാജിലേക്ക് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ചില ട്രെയിനുകൾ സമയം തെറ്റിയതും പ്ലാറ്റ്ഫോം മാറിയതും അപകടത്തിന് കാരണമായതായാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ റെയിൽവെയുടെ ഭാഗത്ത് വലിയ അനാസ്ഥ സംഭവിച്ചെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അനിയന്ത്രിതമായി ടിക്കറ്റ് നൽകിയതിനെ സുപ്രിംകോടതിയും രൂക്ഷമായി വിമർശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്ജി പരിഗണിക്കവെയാണ് സോളിസിറ്റര്‍ ജനറലിനോട് സുപ്രീംകോടതിയുടെ ചോദ്യം. ഓരോ ട്രെയിനിനും ഉൾക്കൊള്ളാവുന്ന ജനങ്ങളുടെ എണ്ണത്തിന് പരിധിയുണ്ടെന്നിരിക്കെ എന്തിന് കൂടുതൽ ടിക്കറ്റുകൾ വിറ്റു എന്നതിന് മറുപടി നൽകണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ഇതിനിടെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും ഡൽഹി റെയിൽവെ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെ ആശുപത്രിയിൽ സന്ദർശിക്കുന്നുവെന്ന് കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. ബിജെപി സർക്കാരിനെതിരെ രാഹുൽ ഗാന്ധി പ്രതിഷേധം സംഘടിപ്പിക്കണമെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരെ രാഹുൽ ഗാന്ധിയും പ്രയിങ്ക ഗാന്ധിയും സന്ദർശിക്കുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വയനാട് ഉരുൾപ്പൊട്ടലിൽ മരിട്ടവരെ രാഹുൽ ഗാന്ധിയുടെ പ്രിയങ്ക ഗാന്ധിയും സന്ദർശിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യം സൂക്ഷമമായി പരിശോധിക്കുമ്പോൾ മൃതദേഹം സൂക്ഷിച്ച ഫ്രീസറിൽ മലയാളത്തിലുള്ള എഴുത്ത് വ്യക്തമായി കാണാം. ഇതിന്റെ അടിസ്ഥാനത്തിൽ ദൃശ്യത്തിന്റെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന ദൃശ്യം യൂട്യൂബിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2024 ഓഗസ്റ്റ് 3നാണ് സാധ്യം കഫെ എന്ന യൂട്യൂബ് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2024 ജൂലൈ 30നാണ് വയനാട് മേപ്പാടിയിലെ മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടലുണ്ടായത്. നൂറുകണക്കിന് പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത ബാധിതരെയും ദുരന്തബാധിത പ്രദേശങ്ങളും വയനാട് ലോക്സഭാ മണ്ഡലം മുൻ എംപി കൂടിയായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയു സന്ദർശിക്കുന്നത്.
ഓഗസ്റ്റ് രണ്ടിന് എഐസിസി ദേശീയ സെക്രട്ടറി രുചിര ചതുർവേദിയും പങ്കുവെച്ചിട്ടുണ്ട്.
ലഭ്യമായ വിവരപ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ ഓഗസ്റ്റ് ഒന്നിനാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്തഭൂമിയിലെത്തിയതെന്ന മനോരമ ന്യൂസ് നൽകിയ റിപ്പോർട്ട് ലഭിച്ചു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ക്യാമ്പിലും ആശുപത്രിയിലുമെത്തിയ രാഹുലിന്റെയും പ്രിയങ്കയുടെയും ദൃശ്യങ്ങൾ മാധ്യമങ്ങൾ നൽകിയിട്ടുണ്ട്.
സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഇരുവരും എക്സിൽ അത് പങ്കുവെച്ചിട്ടുമുണ്ട്.
ഡൽഹിയിൽ ആശുപത്രിയിലെത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന്. ഡൽഹിലെ ആശുപത്രിയിലെ സന്ദർശനമെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സമയത്തെതാണെന്ന് കണ്ടെത്തി. ഡൽഹി ദുരന്തത്തിൽ രാഹുൽ ഗാന്ധി ദുഃഖം രേഖപ്പെടുത്തിയിരുന്നു.
ഡൽഹി ദുരന്തത്തിൽ ഇരയായവരെയോ മരിച്ചവരെയോ രാഹുൽ ഗാന്ധി സന്ദർശിച്ചോ എന്നറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ അങ്ങനെയൊരു സന്ദർശനത്തെക്കുറിച്ച് വാർത്തയോ വിശദാംശങ്ങളോ ലഭ്യമായില്ല