വസ്തുത പരിശോധന: പ്രചരിക്കുന്നത് യുഎസിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ചിത്രമോ?
പ്രചരിക്കുന്ന ചിത്രം ഇന്ത്യക്കാരുടേതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി

Claim :
കൈകാലുകളിൽ വിലങ്ങണിയിച്ച് യുഎസിൽ നിന്ന് ഇന്ത്യൻ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നുFact :
പ്രചരിക്കുന്ന ചിത്രത്തിലേത് ഇന്ത്യക്കാരല്ല. ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുടെ ചിത്രമാണ്
അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ജനുവരി 20ന് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യക്കാരുൾപ്പടെയുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നത് യുഎസ് ഭരണകൂടം ആരംഭിച്ച് കഴിഞ്ഞു. തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘം പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സപ്രസ് വാർത്ത പ്രകാരം നൂറിലധികം പേരാണ് സാൻ അന്റോണിയോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട യുഎസ് സൈനിക വിമാനത്തിൽ അമൃത്സറിൽ ഇറങ്ങിയത്. ഗുജറാത്തിൽ നിന്നും ഹരിയാനയിൽ നിന്നും 33 പേർ വീതവും ഹരിയാനയിൽ നിന്നും മുപ്പത് പേരുമുൾപ്പടെ 104 പേരാണ് വിമാനത്തിലുള്ളതെന്നാണ് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട്. കുടിയേറ്റ നിയമം കർശനമാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടിയെന്ന് യുഎസ് എംബസി അറിയിച്ചതായും വാർത്തയിലുണ്ട്. ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തില് അമേരിക്ക തിരിച്ചയയ്ക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ്, കൊളമ്പിയ എന്നിവിടങ്ങളിലേക്കും കുടിയേറ്റക്കാരെ തിരിച്ചയച്ചിട്ടുണ്ട്.
ടെക്സസിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പുറപ്പെട്ട വാർത്ത വന്നതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൈ കാലുകളിൽ വിലങ്ങണിയിച്ച് സൈനിക വിമാനത്തിലിരിക്കുന്ന ഇന്ത്യക്കാർ, കൈവിലങ്ങോടെ നടന്നുനീങ്ങുന്ന ഇന്ത്യക്കാർ തുടങ്ങി നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കൈകാലുകളിൽ വിലങ്ങണിഞ്ഞ് ഇന്ത്യക്കാർ മടങ്ങുന്നു, ഒരു ഇന്ത്യക്കാരനും ഇങ്ങനെ അപമാനിക്കപ്പെട്ടിട്ടില്ല എന്ന അടിക്കുറിപ്പോടെയാണ് ഒരു പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
കൈവിലങ്ങണിഞ്ഞ് നടന്നുനീങ്ങുന്ന ചിലരുടെ ദൃശ്യങ്ങളും യുഎസിൽ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാർ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നുണ്ട്.
വസ്തുത പരിശോധന:
അനധികൃത കുടിയേറ്റത്തിനെതിരായ നടപടിയുടെ ഭാഗമായി യുഎസ് നാടുകടത്തുന്ന ഇന്ത്യക്കാരുടെ ദൃശ്യമെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രവും ദൃശ്യവും വ്യാജമാണ്. യുഎസ് ഒഴിപ്പിച്ച ഇന്ത്യക്കാർ ഇന്ന് പഞ്ചാബിലെ അമൃത്സറിലെത്തിയെങ്കിലും പ്രചാരണത്തിലുള്ള ചിത്രത്തിലുള്ളത് ഇന്ത്യക്കാരല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കാലുകൾക്ക് വിലങ്ങണിയിച്ച് സൈനിക വിമാനത്തിലിരിക്കുന്നവർ ഇന്ത്യക്കാരാണോ എന്നറിയാൻ റിവേഴ്സ് ഇമേജ് പരിശോധന നടത്തി.കുടിയേറ്റക്കാരുമായി മെക്സിക്കൻ വ്യോമാതിർത്തി ഒഴിവാക്കി ഗ്വാട്ടിമാലയിലെത്തിയ യുഎസ് സൈനിക വിമാനത്തെക്കുറിച്ച ദ സ്പെക് ജനുവരി 30ന് നൽകിയ വാർത്തയിൽ സമാന ചിത്രം ഉപയോഗിച്ചിട്ടുണ്ട്. കൈകാലുകൾ വിലങ്ങണിയിച്ച, ഗ്വാട്ടിമാലയിലേക്ക് നാടുകടത്തുപ്പെടുന്ന കുടിയേറ്റക്കാർ സൈനിക വിമാനത്തിൽ എന്ന അടിക്കുറിപ്പോടെ നൽകിയ ചിത്രമെടുത്തത് അസോസിയേറ്റഡ് പ്രസിലെ ക്രിസ്റ്റിൻ ഷാവസാണെന്ന് അടിക്കുറിപ്പിലുണ്ട്. ആധികാരികതയ്ക്കായി എപി വെബ്സൈറ്റ് പരിശോധിച്ചു. ജനുവരി 30നാണ് അസോസിയേറ്റഡ് പ്രസ് ചിത്രമുൾപ്പടെ നാടുകടത്തൽ വാർത്ത നൽകിയത്. ടെക്സസിൽ നിന്ന ഗ്വാട്ടമാലിയേക്കുള്ളതാണ് വിമാനമെന്നും എപി വെബ്സൈറ്റിലുണ്ട്. ടെക്സസിലെ എൽ പാസോയിലെ സൈനിക വിമാനത്താവളമായ ഫോർട്ട് ബ്ലിസിൽ നിന്ന് പുറപ്പെട്ട വിമാനം ആറ് മണിക്കൂറെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് പുറപ്പെട്ട സൈനിക വിമാനം ടെക്സസിലെ തന്നെ സാൻ അന്റോണിയോ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടത്.
ഇന്ത്യൻ കുടിയേറ്റക്കാരുമായി അമൃത്സറിൽ ഇന്ന് ഇറങ്ങിയ വിമാനം ടെക്സസിൽ നിന്ന് പുറപ്പെട്ടത് എപ്പോഴാണെന്ന് അന്വേഷിച്ചു. ദ മിന്റ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് നൽകിയ വാർത്ത പ്രകാരം ഫെബ്രുവരി 3നാണ് വിമാനം പുറപ്പെട്ടത്. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട ചിത്രം ജനുവരി 30ന് ടെക്സസിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുടേതാണ്. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം ഗ്വാട്ടമാലിയിലേക്ക് നാടുകടത്തിയ കുടിയേറ്റക്കാരുടേതാണെന്നും ഇന്ത്യക്കാരുടേതല്ലെന്ന് വ്യക്തമായി.
അമേരിക്കയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ചാണ് തിരിച്ചയക്കുന്നതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ചിത്രം യുഎസിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുടെ ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അസേസിയേറ്റഡ് പ്രസ് പകർത്തിയ ചിത്രം ജനുവരി 30നാണ് എടുത്തതെന്നും ഇന്ത്യക്കാരുമായി യുഎസിൽ നിന്ന് ഫെബ്രുവരി മൂന്നിനാണ് സൈനിക വിമാനം പുറപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പുറമെ കൈകാലുകൾ ബന്ധിപ്പിച്ച് അമേരിക്കയിൽ നിന്ന് ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ കോൺഗ്രസ് കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇന്ത്യൻ ജനതയെ മാനംകെടുത്തിക്കൊണ്ടുള്ള നടപടിയാണ് യുഎസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എഐസിസി വക്താവ് പവൻ കേഡ വിമർശിച്ചു. പഞ്ചാബിലെ അമൃത്സറിൽ വിമാനമിറങ്ങിയെങ്കിലും യുഎസിൽ നിന്നൊഴിപ്പിച്ച ഇന്ത്യൻ കുടിയേറ്റക്കാരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. അനധികൃത കുടിയേറ്റം തടയാൻ ട്രംപ് ഭരണകൂടത്തിന്റെ കർശന നടപടിയുടെ ഭാഗമായി ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പതിനായിരക്കണക്കിന് കുടിയേറ്റക്കാരെയാണ് അമേരിക്ക ഒഴിപ്പിക്കുന്നത്. ആദ്യഘട്ട ഒഴിപ്പിച്ച ഇന്ത്യക്കാരാണ് ഇന്ന് അമൃത്സറിൽ വിമാനമിറങ്ങിയത്.