ഫാക്ട് ചെക്ക്: ഇഫ്താർ വിരുന്നിന് പിന്നാലെ വിജയിയുടെ ഓഫീസ് പൊളിച്ചുമാറ്റിയോ?
ചെന്നൈയിൽ വിജയ് സംഘടിപ്പിച്ച നോമ്പുതുറയക്ക് പിന്നാലെ ഓഫീസ് പൊളിച്ചുനീക്കിയെന്നാണ് പ്രചാരണം;

ഇഫ്താർ വിരുന്നിന് പിന്നാലെ നടൻ വിജയിയുടെ പാർട്ടി ഓഫീസ് പൊളിച്ചുനീക്കി
റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 2025 മാർച്ച് 7നാണ് തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ചെന്നൈ റോയപ്പേട്ടയിലെ വൈ എം സി എ മൈതാനത്ത് നോമ്പ് തുറ സംഘടിപ്പിച്ച താരം വിശ്വാസികൾക്കൊപ്പം പ്രാർഥനയിലും പങ്കെടുത്തു. വെള്ള വസ്ത്രവും തൊപ്പിയും ധരിച്ചാണ് വിജയ് ചടങ്ങിൽ പങ്കെടുത്തത്.ഇഫ്താറുമായി ബന്ധപ്പെട്ട് വിജയിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയിയുടെ ടി വി കെ സഖ്യ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോകുകയാണ്. ഡി എം കെയെയും ബിജെപിയെയും എതിർക്കുന്ന ടി വി കെ അണ്ണാ ഡി എം കെയുമായി ചർച്ച സജീവമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് നടന്റെ ഇഫ്താറെന്നാണ് വിമർശനം. ഇതിനിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നാലെ വിജയിയുടെ പാർട്ടി ഓഫീസ് തകർക്കുന്നുവെന്ന അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. വിജയിയുടെ ചിത്രം പതിച്ച ഒരു കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതാണ് ദൃശ്യത്തിൽ. അണ്ണൻ എവിടെയോ പ്രാർത്ഥിക്കാൻ പോയതേ ഓർമ്മയുള്ളു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.

വസ്തുത പരിശോധന:
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നാലെ തമിഴ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയിയുടെ ഓഫീസ് തകർത്തെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ദൃശ്യങ്ങൾക്ക് ഇഫ്താർ വിരുന്നുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ ഫെബ്രുവരിയിൽ സമാന വീഡിയോ വിവിധ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചതായി കണ്ടെത്തി. 2025 ഫെബ്രുവരി 18നാണ് ന്യൂസ് തമിഴ് ൨൪൭ എന്ന് വാർത്ത ചാനൽ യൂട്യൂബ് പേജിൽ നൽകിയ റിപ്പോർട്ടിൽ കെട്ടിടെ പൊളിച്ചു മാറ്റുന്ന ദൃശ്യം കാണാം. തമിഴക വെട്രി കഴകം ഓഫീസ് പൊളിച്ചു നീക്കുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
തിരുവള്ളൂരിലെ കയ്യേറ്റ ഭൂമിയിലുള്ള തമിഴക വെട്രി കഴകം ഓഫീസ് ഹൈവേ അധികാരികൾ ഒഴിപ്പിക്കുന്നതിനെ കുറിച്ചാണ് റിപ്പോർട്ട്. ദേശീയപാതയോരത്ത് പൊതുഭൂമി കയ്യേറി നിർമിച്ച കടകളും വീടുകളും പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ടി വി കെ ഓഫീസ് പൊളിച്ചു നീക്കിയത്. ലഭ്യമായ വിവരം പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ ലഭിച്ചു. 2025 ഫെബ്രുവരി 18ന് വൺ ഇന്ത്യ നൽകിയ റിപ്പോർട്ട് പ്രകാരം തിരുവള്ളൂർ ദേശീയ പാതയിലെ ട്രാഫിക്ക് തടസ്സം നീക്കുന്നതിനായാണ് അനധികൃത കെട്ടിടങ്ങൾ ഹൈവേ അതോറിറ്റി പൊളിച്ചുനീക്കുന്നത്. ഫെബ്രുവരി 18ന് മാത്രം വീടുകളും കച്ചവട സ്ഥാപനങ്ങളുമുൾപ്പടെ 17ലധികം കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. ടി വി കെ ഓഫീസ് പൊളിച്ചു നീക്കിയതിൽ പ്രതിഷേധമുയർന്നെങ്കിലും നേരത്തെ നോട്ടീസ് നൽകിയാണ് പൊളിച്ചു നീക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് തമിഴും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 മാർച്ച് 7ന് സംഘടിപ്പിച്ച ഇഫ്താർ വിരുന്നുമായി ഇതിന് ബന്ധമില്ലെന്ന് വ്യക്തമായി.
റമദാൻ വ്രതത്തോട് അനുബന്ധിച്ച് തമിഴ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന് പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് ടി വി കെ ഓഫീസ് തകർത്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ വ്യക്തമായി. തിരുവള്ളൂർ ദേശീയ പാതയിലെ ട്രാഫിക്ക് തടസ്സം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈവേയിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജയിയുടെ ടി വി കെ തിരുവള്ളൂർ ഓഫീസ് പൊളിച്ചുമാറ്റിയത്. പൊതുഭൂമി കയ്യേറി നിർമിച്ച വീടുകളും കടകളുമുൾപ്പടെ ഹൈവേ അധികൃതർ പൊളിച്ചുമാറ്റിയിട്ടുണ്ട്. ഒരു മാസത്തിലധികമായി തുടരുന്ന ഓപ്പറേഷന്റെ ഭാഗമായി നോട്ടീസ് നൽകിയ ശേഷമാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി. 2025 ഫെബ്രുവരി 18നാണ് തിരുവള്ളൂർ ടി വി കെ ഓഫീസ് ഹൈവേ അധികൃതർ പൊളിച്ചുമാറ്റിയത്. എന്നാൽ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ 2025 മാർച്ച് 7നാണ് ചെന്നൈയിലെ വൈ എം സി എ മൈതാനത്ത് വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതും തുടർന്ന് വൈകീട്ടുള്ള പ്രാർഥനയിൽ പങ്കെടുത്തതും. ഇതോടെ തിരുവള്ളൂരിലെ ടി വി കെ ഓഫീസ് അധികൃതർ പൊളിച്ചുമാറ്റിയതിന് വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നുമായി ബന്ധമില്ലെന്ന് വ്യക്തമായി