ഫാക്ട് ചെക്ക്: ശരീഅത്ത് പ്രകാരം പിതാവ് മകളെ വിവാഹം ചെയ്തോ?
മുസ്ലിം വ്യക്തിനിയമപ്രകാരം നാല് പേരെ വിവാഹം ചെയ്യാമെന്നും അതിൽ ഒന്ന് മകളാകാമെന്നുമാണ് വീഡിയോയിൽ;

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്. വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ കസ്റ്റഡി, രക്ഷാകർത്തൃത്വം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ സംബന്ധിച്ച് വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ വ്യത്യസ്തങ്ങളാണ്. ഇവയിലെ വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്ത് പൊതുവായ വ്യക്തി നിയമം നടപ്പാക്കുകയാണ് ഏക സിവിൽ കോഡ് ലക്ഷ്യമിടുന്നത്. വിവിധ മതങ്ങളുടെ വ്യക്തി നിയമങ്ങള്‍, വ്യത്യസ്ത ഗോത്രങ്ങളുടെ നിയമങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. മുസ്ലിം വ്യക്തിനിയമമായ ശരീഅത്ത് നിയമത്തിനെതിരെ വ്യാപക പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇസ്ലാമിക നിയമ പ്രകാരം സ്വന്തം മകളെ വിവാഹം ചെയ്ത പിതാവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയിലുള്ള മുതിർന്ന പുരുഷൻ, ഇസ്ലാമിൽ നാല് പേരെ വിവാഹം കഴിക്കാമെന്നും അതിൽ ഒരാൾ സ്വന്തം മകളാകാമെന്നും ആർക്കും പ്രശ്നം തോന്നേണ്ടതില്ലെന്നും പറയുന്നുണ്ട്. കൂടെ മകളെന്ന് തോന്നിക്കുന്ന പെൺകുട്ടിയുമുണ്ട്. സ്വന്തം മകളെ വിവാഹം കഴിക്കുന്നത് ഇസ്ലാമിൽ തെറ്റില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ

വസ്തുത പരിശോധന:
മുസ്ലിം വ്യക്തി നിയമമായ ശരീഅത്ത് പ്രകാരം സ്വന്തം മകളെ വിവാഹം കഴിച്ച പിതാവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി. പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത അറിയാൻ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചപ്പോൾ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. രാജ് താക്കുർ എന്ന യൂട്യൂബ് ചാനലിൽ 2025 മാർച്ച് 5നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
24 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് താഴെയായി നൽകിയിരിക്കുന്ന വിവരണത്തിൽ വീഡിയോ യഥാർഥമല്ലെന്നും തിരക്കഥ എഴുതി ചിത്രീകരിച്ചതാണെന്നും കൊടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള തിരക്കഥ വിദ്വേഷം പരത്തുകയെന്ന ലക്ഷ്യത്തോടെയല്ലേ എന്ന ചോദ്യം പ്രേക്ഷകൻ കമന്റ് ബോക്സിൽ ചോദിക്കുന്നുമുണ്ട്. മുഴുനീള വീഡിയോ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ലഭ്യമായ വിവരം പ്രകാരം നടത്തിയ പരിശോധനയിൽ Raj Thakur എന്ന ഫെയ്സ്ബുക്ക് പേജിൽ 3:30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കണ്ടെത്തി. വീഡിയോയിൽ മകളെ വിവാഹം ചെയ്തെന്നും രണ്ടുമാസം ഗർഭിണിയാണെന്നുമെല്ലാം പറയുന്നുണ്ട്. തന്റെ പിതാവിനെ വിട്ട് എവിടെയും പോകില്ലെന്ന് പറഞ്ഞ മകളെ വിവാഹം ചെയ്തെന്നുമാണ് തിരക്കഥ. രാജ് താക്കൂർ എന്ന ഫെയ്സ്ബുക്ക് പേജിലെ മറ്റു വീഡിയോകൾ പരിശോധിച്ചപ്പോഴും സമാന രീതിയിൽ വിദ്വേഷ വീഡിയോകൾ പങ്കുവെച്ചതായി കണ്ടെത്തി. ഇതോടെ പ്രചരിക്കുന്ന വീഡിയോ തിരക്കഥ എഴുതി തയ്യാറാക്കിയ വീഡിയോ ആണെന്ന് വ്യക്തമായി
വീഡിയോയിൽ പരമാർശിക്കുന്ന മുസ്ലിം വ്യക്തിനിയമത്തെ കുറിച്ചും അന്വേഷിച്ചു. ശരീഅത്ത് നിയമ പ്രകാരം സ്വന്തം മകളെ വിവാഹം കഴിക്കാമെന്ന് പറയുന്നില്ലെന്നും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇസ്ലാമിക ഗ്രന്ഥമായ ഖുർആൻ പ്രകാരം വിവാഹം നിഷിദ്ധമാക്കപ്പെട്ടവരുടെ പട്ടികയിലാണ് മക്കൾ. മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, സഹോദര പുത്രിമാർ, സഹോദര പുത്രിമാർ, മാതൃ- പിതൃ സഹോദരിമാർ എന്നിവരെ വിവാഹം ചെയ്യൽ നിഷിദ്ധമാണെന്ന് ഖുർആൻ നാലാം അധ്യായം 23ആം സൂക്തത്തിൽ പറയുന്നുണ്ട്. ഇതോടെ മുസ്ലിം വ്യക്തിനിയമമായ ശരീഅത്തിൽ പിതാവിന് മകളെ വിവാഹം കഴിക്കൽ അനുവദനീയമാണെന്ന പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി.
മുസ്ലിം വ്യക്തി നിയമമായ ശരീഅത്ത് പ്രകാരം സ്വന്തം മകളെ വിവാഹം കഴിച്ച പിതാവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്നത് രാജ് താക്കൂർ എന്ന യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത സ്ക്രിപ്റ്റഡ് വീഡിയോയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വീഡിയോയിൽ ശരീഅത്ത് നിയമത്തെ കുറിച്ചുള്ള പരാമർശവും വ്യാജമാണെന്ന് കണ്ടെത്തി. ശരീഅത്ത് നിയമപ്രകാരം മകളെ വിവാഹം ചെയ്യൽ നിഷിദ്ധമാണെന്നും വ്യക്തമായി.