ഫാക്ട് ചെക്ക്: കേരളത്തെ തകർക്കാൻ സുനിത വില്യംസ് ശ്രമിച്ചെന്ന് മന്ത്രി പറഞ്ഞോ?
നിയമസഭയിലെ മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം

Claim :
കേരളത്തെ തകർക്കാൻ സുനിത വില്യംസ് ശ്രമിച്ചെന്ന് ധനമന്ത്രിFact :
പ്രചാരണം അടിസ്ഥാനരഹിതം. കേരളത്തെ തകർക്കാൻ ശ്രമിച്ചാൽ സുനിത വില്യംസിനെ പോലെ മുന്നോട്ട് പോകുമെന്നാണ് മന്ത്രി പറഞ്ഞത്
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നിലവിൽ മൂന്നുമാസത്തെ പെൻഷനാണ് കുടിശ്ശികയാണുള്ളതെന്ന് എംഎൽഎമാരായ എം.പി.അനിൽ കുമാർ, ഐ.സി ബാലകൃഷ്ണൻ, കെ.കെ ശൈലജ, എൽദോസ് പി. കുന്നപ്പിള്ളി എന്നിവർ നൽകിയ കത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകിയിരുന്നു. കേരളത്തിന്റെ ധനസ്ഥിതിയിൽ ആശങ്ക അറിയിച്ചിരിക്കുകയാണ് പ്രതിപക്ഷം. സർക്കാർ പാസാക്കിയ എസ്റ്റിമേറ്റിൽ അൻപത് ശതമാനം കട്ടാണെന്നും സെയ്ഫ് ലാൻഡിങ്ങിന്റെ സമയത്താണ് ധനമന്ത്രി ടേക്ക് ഓഫിന് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു. അൻപത് ശതമാനം കുറവുള്ളപ്പാഴാണ് ട്രില്ല്യൺ കണക്ക് ധനമന്ത്രി പറയുന്നതെന്നും എംഎൽഎ കുറ്റപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി കണക്കുകൾ വിശ്വസിക്കണമെന്നാണ് ധനമന്ത്രി മറുപടി നൽകിയത്. അതിനിടെ കേരളത്തെ തകർക്കാൻ ശ്രമിച്ചാൽ കേരളം വീണ്ടും ശക്തമായി മുന്നോട്ട് പോവും എന്ന് ധനമന്ത്രി സഭയിൽ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കേരളത്തെ തകർക്കുവാൻ സുനിതാ വില്യംസോ? കിളി പോയി എന്നാണ് തോന്നുന്നത് കൂടിയതെന്തോ ആണ് ഉപയോഗിക്കുന്നത്എന്ന അടിക്കുറിപ്പോടെയാണ് പ്രസ്തുത ഭാഗം പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
കേരളത്തെ സുനിത വില്യംസ് തകർക്കാൻ ശ്രമിച്ചെന്ന് ധനമന്ത്രി പറഞ്ഞെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരാമർശം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. നിയമസഭയിലെ മറുപടി പ്രസംഗത്തിൽ നിന്ന് കുറച്ച് ഭാഗമെടുത്താണ് പ്രചാരണെന്നും വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ നിയമസഭയിലെ പ്രസംഗത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്. പ്രതിസന്ധികൾക്കിടെ നാളെ നാട്ടിലേക്ക് വരുന്ന സുനിത വില്യംസിനെ പോലെ എന്നാണ് മന്ത്രി പറയുന്നത്. ഒൻപത് മാസക്കാലമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും 2025 മാർച്ച് 19നാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഈ പശ്ചാത്തലത്തിലാണ് സഭയിലെ പ്രസംഗത്തിൽ മന്ത്രിയുടെ പരാമർശം എന്ന് വ്യക്തമായി. പ്രചരിക്കുന്ന വീഡിയോയിൽ കൈരളി വാർത്ത ചാനലിന്റെ ലോഗോയുണ്ട്. 2025 മാർച്ച് 18 ആണ് വീഡിയോയിലെ തിയതി. കൈരളി ചാനലിന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കേരളത്തെ തകർക്കാൻ ശ്രമിക്കേണ്ട, സുനിത വില്യംസിനെ പോലെ തിരിച്ചുവരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. സുനിത വില്യംസ് കേരളത്തെ തകർത്തു എന്നല്ല മറിച്ച് കേരളത്തെ തകർക്കാൻ ശ്രമിച്ചാൽ സുനിത വില്യംസിനെ പോലെ തിരിച്ചുവരുമെന്നാണ് മന്ത്രിയുടെ മറുപടി എന്ന് വ്യക്തമായി.
സഭയിലെ മന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം ലഭിക്കാൻ സഭാ ടി വിയുടെ യൂട്യൂബ് പേജ് പരിശോധിച്ചു.
പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനാണ് മന്ത്രി കെ എൻ ബാലഗോപാൽ പ്രസ്തുത മറുപടി നൽകുന്നതെന്ന് കണ്ടെത്തി. സർക്കാർ പാസാക്കിയ എസ്റ്റിമേറ്റുകളിൽ അൻപത് ശതമാനം കട്ടുള്ളപ്പോൾ ട്രില്ല്യൺ കണക്ക് എങ്ങനെയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. കണക്കുകൾ ഓഡിറ്റബളാണെന്നും അടുത്ത വർഷത്തെ നല്ല ടേക്ക് ഓഫിന് നല്ല ലാൻഡിങ് ആവശ്യമാണെന്നുമായിരുന്നു ധനമന്ത്രിയുടെ മറുപടി. തൊട്ടുപിന്നാലെ പലിശ കുറയ്ക്കുന്നതിനായി സർക്കാർ എന്തു ചെയ്തെന്നായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യം. കേന്ദ്ര വിഹിതത്തിൽ നിന്ന് കിട്ടേണ്ട തുകയുടെ പകുതി പോലും സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും കിട്ടേണ്ട തുക ലഭിച്ചാൽ പ്രതിസന്ധി ഒഴിവാക്കാമെന്നും മറുപടി നൽകി. പിന്നാലെ ലാൻഡിങ്ങിനെ കുറിച്ച് പ്രതിപക്ഷ ഉപനേതാവ് പറഞ്ഞതിനെ സൂചിപ്പിച്ചാണ് സുനിത വില്യംസ് പരാമർശം മന്ത്രി നടത്തുന്നത്.
പ്രതിസന്ധികൾക്കിടെ മടങ്ങിയെത്തുന്ന സുനിത വില്യംസിനെ പോലെ, കേരളത്തെ തകർക്കാൻ ശ്രമിച്ചാൽ, കേരളം മുന്നോട്ട് പോകുമെന്നാണ് മന്ത്രി പറയുന്നത്. ഇതോടെ കേരളത്തെ തകർക്കാനുള്ള ശ്രമം സുനിത വില്യംസിനെ പോലെ മറികടക്കുമെന്നാണ് മന്ത്രി പറയുന്നതെന്ന് വ്യക്തമായി
കേരളത്തെ സുനിത വില്യംസ് തകർക്കാൻ ശ്രമിച്ചെന്ന തരത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ഉപനേതാവ് സേഫ് ലാൻഡിങ്ങിനെ കുറിച്ച് പരാമർശിച്ചപോൾ സുനിത വില്യംസിനെ പോലെ പ്രതിസന്ധി മറികടന്ന് മുന്നോട്ട് പോകുമെന്നാണ് മന്ത്രി പറഞ്ഞതെന്ന് വ്യക്തമായി. മന്ത്രിയുടെ മറുപടി പ്രസംഗത്തിൽ നിന്ന് കുറച്ച് ഭാഗമെടുത്താണ് പ്രചാരണെന്നും വ്യക്തമായി.