Fact Check: ഗാന്ധി കുടുംബത്തിന്റെ അഴിമതി തുറന്നുകാട്ടി അമൂൽ പരസ്യമോ?
അമൂൽ പരസ്യബോർഡിലെ ചിത്രം വ്യാജമായി നിർമിച്ചതാണ്. അമൂൽ കമ്പനി ഇത്തരത്തിലുള്ള പരസ്യം നൽകിയിട്ടില്ല.
Claim :
ഗാന്ധി കുടുംബത്തിന്റെ പേരിൽ അഴിമതി ആരോപിച്ച് അമൂൽ പരസ്യബോർഡെന്ന് പ്രചാരണം. പരസ്യബോർഡിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രം കാണാംFact :
അമൂൽ അത്തരമൊരു പരസ്യം നൽകിയിട്ടില്ല. മറ്റൊരു ബിൽ ബോർഡ് എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് പ്രചാരണം
മാർക്കറ്റിങ് തന്ത്രത്തിൽ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട് ഡയറി ബ്രാൻഡായ അമൂൽ. സമകാലിക വിഷയങ്ങളെ പരസ്യങ്ങളിലേക്ക് ചേർത്ത് കൈയ്യടി വാങ്ങാറുണ്ട്. ബട്ടർ ഗേളാണ് അമൂലിന്റെ പരസ്യ താരം. രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പടെ പരസ്യത്തിലെത്തിക്കുന്ന അമൂലിനെ ചുറ്റിപ്പറ്റി വ്യാജ പ്രചാരണങ്ങളും നടക്കാറുണ്ട്. ഗാന്ധി കുടുംബത്തിൽ അഴിമതി ആരോപിച്ച് അമൂൽ പരസ്യമെന്നതാണ് പുതിയ പ്രചാരണം. ബട്ടർ ഗേളിനൊപ്പം എംപിമാരും സഹോദരങ്ങളുമായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ക്യാരിക്കേച്ചറുകൾ ചേർത്താണ് പരസ്യ ബോർഡ്. ഗാന്ധി കുടുംബം തലമുറകളായി അഴിമതിക്കാരാണെന്ന ആരോപിക്കുന്ന ഹിന്ദി വാചകങ്ങളാണ് പരസ്യത്തിൽ. 'മുത്തച്ഛൻമാർ കഴിച്ചു, അച്ഛൻ കഴിച്ചു, അമ്മ കഴിച്ചു, വരൂ സഹോദരീ നീയും കഴിക്കൂ അളിയനെയും ഇങ്ങോട്ട് വിളിക്കൂ' എന്നിങ്ങനെയാണ് പരസ്യ ബോർഡിലെ വാചകങ്ങൾ.
ഗാന്ധി കുടുംബത്തിലെ അഴിമതി തുറന്നുകാട്ടി അമൂൽ പരസ്യബോർഡെന്ന രീതിയിലാണ് പ്രചാരണം. ബട്ടർ ഗേളിനൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുണ്ട്. എക്സിൽ പ്രചാരണത്തിലുള്ള പരസ്യ ബോർഡ് 2019ലും പ്രചരിച്ചിരുന്നു.
രാഷ്ട്രീയത്തിലെ കന്നിയങ്കത്തിൽ വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ വലിയ തോതിൽ വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നുണ്ട്. നവംബർ 28ന് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
വസ്തുത അന്വേഷണം:
പ്രചരാണത്തിന്റെ വസ്തുത അറിയാൻ പോസ്റ്റ് റിവേഴ്സ് ഇമേജിൽ പരിശോധിച്ചു. പരിശോധനയിൽ യഥാർഥ പരസ്യ ബോർഡ് കണ്ടെത്താനായി. ഇന്ത്യ മാർട്ട് പരസ്യത്തിനായി ഉപയോഗിച്ച ബിൽ ബോർഡിലെ ചിത്രമാണ് എഡിറ്റ് ചെയ്ത് മാറ്റിയതെന്ന് കണ്ടെത്തി. യഥാർഥ പരസ്യ ബോർഡിന്റെ ചിത്രമാണ് ചുവടെ.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ക്യാരിക്കേച്ചർ ഉപയോഗിച്ച് അമൂൽ പരസ്യം നൽകിയിട്ടുണ്ടോ എന്നറിയാൻ കീവേഡ് പരിശോധന നടത്തി. 2019 ജനുവരി 24ന് പ്രയങ്ക ഗാന്ധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം എന്നെഴുതി അമൂൽ കോർപ്പറേഷൻ എക്സിൽ (അന്നത്തെ ട്വിറ്ററിൽ) പങ്ക് വെച്ച പോസ്റ്റ് കണ്ടെത്തി. 'കുടുംബ സ്ത്രീ' സഹോദരങ്ങൾക്ക് അമൂൽ എന്ന് ഹിന്ദിയിൽ എഴുതിയ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ക്യാരിക്കേച്ചറുകൾ ചേർത്തതാണ് പരസ്യം. യഥാർഥ അമൂൽ പരസ്യത്തിന്റെ പോസ്റ്റും ലിങ്കുമാണ് ചുവടെ.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശന സൂചനകൾ നൽകി അമൂൽ പരസ്യം എന്ന തലക്കെട്ടിൽ മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. അമൂൽ നൽകിയ പ്രസ്തുത പരസ്യം ഉപയോഗിച്ച് 2019ൽ തന്നെ വ്യാജ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അമൂൽ പരസ്യം മാത്രമാണിതെന്നും തന്റെ രാഷ്ട്രീയ വ്യാഖ്യാനമല്ലെന്നും പറഞ്ഞായിരുന്നു പോസ്റ്റ്
ഇന്ന് പ്രചരിക്കുന്ന അഴിമതി ആരോപണങ്ങൾ തന്നെയാണ് 2019ലും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. 2019 മെയ് 14ന് തന്നെ പ്രചാരണങ്ങൾ തള്ളി അമൂൽ 4 കസ്റ്റമർ എക്സിൽ രംഗത്തെത്തി. വ്യാജ പോസ്റ്റാണെന്നും അമൂൽ ഇത്തരത്തിലുള്ള പരസ്യം നൽകിയിട്ടില്ലെന്നും വിശദീകരണം നൽകി.
2019ൽ പ്രചരിച്ച പോസ്റ്റും അമൂൽ നൽകിയ വിശദീകരണത്തിന്റെയും ലിങ്ക് ചുവടെ നൽകുന്നു.
പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ കന്നിയങ്കത്തിന് പിന്നാലെ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുകയാണ്. ശൈത്യകാല പാർലമെന്റ് സമ്മേളനത്തിൽ കഴിഞ്ഞ ദിവസം ഫലസ്തീൻ ബാഗ് ധരിച്ചെത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ കടുത്ത വിമർശനമാണ് ബിജെപിയും വലത് പക്ഷവും ഉയർത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കളെ കുറിച്ച് പ്രിയങ്ക മിണ്ടിയില്ലെന്ന് ആരോപിച്ചായിരുന്നു വിമർശനം. തൊട്ടടുത്ത ദിവസം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയുമായി പ്രിയങ്കയെത്തിയിരുന്നു.
ഗാന്ധി കുടുംബത്തിന്റെ അഴിമതി തുറന്നുകാട്ടി അമൂൽ നൽകിയ പരസ്യം എന്ന നിലയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തി. ഇതാദ്യമല്ല പ്രസ്തുത പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. 2019ൽ അമൂൽ പുറത്തിറക്കിയ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന സൂചന നൽകുന്ന പരസ്യത്തിലെ രാഹുലിന്റെയും പ്രിയങ്കയുടെ ക്യാരിക്കേച്ചർ ഉപയോഗിച്ചാണ് വ്യാജ നിർമിതി. ഇന്ത്യ മാർട്ടിന്റെ പരസ്യ ബോർഡ് എഡിറ്റ് ചെയ്ത് അതിൽ അമൂൽ നൽകിയ ക്യാരിക്കേച്ചർ ചേർത്ത് അഴിമതി ആരോപിക്കുന്ന വാചകങ്ങൾ കൂട്ടിചേർത്താണ് വ്യാജ പോസ്റ്റ് നിർമിച്ചതെന്ന് കണ്ടെത്തി. 2019ൽ വ്യാജ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിലും വാട്സാപ്പിലും പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് തന്നെ അമൂൽ വ്യാജ പോസ്റ്റാണെന്ന വിശദീകരണവുമായി രംഗത്തെത്തിയതാണ്.