വസ്തുത പരിശോധന: മഹാകുംഭമേളയ്ക്ക് പോയ ട്രെയിൻ മുസ്ലിം ജിഹാദികൾ ആക്രമിച്ചോ?
ബിഹാറിലെ മധുബാനി സ്റ്റേഷനിലാണ് പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ ആക്രമിക്കപ്പെട്ടത്

Claim :
മഹാകുംഭമേളയ്ക്ക് പോയ ട്രെയിൻ മുസ്ലിം ജിഹാദികൾ ആക്രമിച്ചുFact :
ട്രെയിൻ ആക്രമിച്ചത് കുംഭമേളയ്ക്ക് പോകാനെത്തിയ ഭക്തർ
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ തുടരുന്ന മഹാകുംഭ മേള ഈ മാസം 26നാണ് അവസാനിക്കുന്നത്. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയിൽ പങ്കെടുക്കാൻ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്തരാണ് പ്രയാഗ് രാജിലെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ചടങ്ങിന്റെ ഭാഗമാകാൻ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലെത്തി. മഹാകുംഭ മേള അവസാനിക്കാറായപ്പോൾ പ്രയാഗ് രാജിലേക്കെത്തുന്ന ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ പലയിടത്തും അപാകതയുണ്ടായി. ശനിയാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ പ്ലാറ്റഫോം മാറിയതോടെ തിക്കിലും തിരക്കിലും പതിനെട്ട് യാത്രക്കാരാണ് മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതിനിടെ മഹാകുംഭ മേളയ്ക്കായി പ്രയാഗ് രാജിലേക്ക് തിരിച്ച തീർഥാടകർ യാത്രചെയ്ത ട്രെയിൻ മുസ്ലിം തീവ്രവാദികൾ ആക്രമിച്ചെന്നാരോപിച്ചാണ് പുതിയ പ്രചാരണം. നിർത്തിയിട്ട ട്രെയിൻ ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്ന ദൃശ്യം ഉൾപ്പടെ ഉപയോഗിച്ചാണ് പ്രചാരണം. പണ്ട് ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീയിട്ടതിന്റെ മറ്റൊരു പതിപ്പെന്ന വിവരണത്തോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും
വിവരം വെക്കാത്ത ലാലുവിന്റെ ജനതയെന്ന അടിക്കുറിപ്പോടെ ബിഹാറിൽ നടന്ന സംഭവമാണെന്ന തരത്തിലാണ് പ്രചാരണം.
വസ്തുത അന്വേഷണം:
മഹാകുംഭ മേളയ്ക്ക് പോകുന്ന തീർഥാടകർ സഞ്ചരിച്ച ട്രെയിൻ മുസ്ലിം തീവ്രവാദികൾ അടിച്ചുതകർത്തെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. ജനത്തിരക്കിൽ പ്രകോപിതരായ പ്രയാഗ് രാജിലേക്ക് പോകുന്ന ഭക്തർ തന്നെയാണ് ട്രെയിൻ അടിച്ചുതകർത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിക്കുമ്പോൾ ആക്രമിക്കപ്പെട്ടത് ജയനഗർ ന്യൂ ഡൽഹി ട്രെയിനാണെന്ന് വ്യക്തമായി. ലഭ്യമായ വിവരപ്രകാരം കീ വേഡ് പരിശോധന നടത്തിയപ്പോൾ സമാന വീഡിയോ ഇന്ത്യൻ എക്സ്പ്രസ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചതായി കണ്ടെത്തി. തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറാൻ കഴിയാതെ വന്നതോടെ ബീഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാനായി തിരിച്ച ഭക്തർ സ്വതന്ത്ര സേനാനി എക്സ്പ്രസിൻ്റെ എസി കോച്ചുകൾ നശിപ്പിച്ചെന്നാണ് വാർത്ത. യാത്രക്കാർ ട്രെയിനിന് കല്ലെറിയുന്നതും ജനൽ തകർക്കുന്നതിന്റെയും വൈറൽ ദൃശ്യത്തെ കുറിച്ചും വാർത്തയിൽ പരമാർശമുണ്ട്. ഫെബ്രുവരി 11നാണ് ഇന്ത്യൻ എക്സ്പ്രസ് വാർത്ത റിപ്പോർട്ട് ചെയ്തത്.
എസി കോച്ചിൻ്റെ വാതിലുകൾ തുറക്കാൻ നിരവധി യാത്രക്കാർ ശ്രമിക്കുന്ന മറ്റൊരു വീഡിയോയും ഇന്ത്യൻ എക്സ്പ്രസ് പങ്കുവെച്ചിട്ടുണ്ട്. എസി കോച്ചുകളിൽ ഭക്തർ തിങ്ങിനിറഞ്ഞതിനാൽ വാതിലുകൾ തുറക്കാൻ കഴിഞ്ഞില്ല. സ്റ്റേഷനിൽ തിരക്ക് കൂടിയതോടെ ചില യാത്രക്കാർ ജനൽ വഴി അകത്തു കടക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നതായും റിപ്പോർട്ടിലുണ്ട്.
ന്യൂസ് 18 രാജസ്ഥാന് ഇതുസംബന്ധിച്ച് യൂട്യൂബില്‍ പങ്കുവച്ച റിപ്പോർട്ടിലും സമാന ദൃശ്യമുണ്ട്. ബിഹാറിലെ മധുബാനി സ്റ്റേഷനിലായിരുന്നു ആക്രമണമെന്ന് സ്ഥിരീകരിക്കാനായി.
.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ലഭ്യമായ വിവരങ്ങൾ പ്രകാരം നടത്തിയ പരിശോധനയിൽ മധുബാനി സ്റ്റേഷനിലെ ആക്രമണത്തെ കുറിച്ച് ദേശീയ മാധ്യമങ്ങൾ നൽകിയ വാർത്തകൾ ലഭിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ ബിഹാറിലെ മധുബാനി സ്റ്റേഷനിൽ ഉണ്ടായ ആക്രമണത്തിൽ അവസാനിച്ചില്ലെന്നും മധുബാനിക്കും ധർബംഗയ്ക്കും മധ്യേ 12561 നമ്പർ ട്രെയിനിന്റെ എം1 മുതൽ ബി5 വരെയുള്ള കോച്ചുകളും എ1 കോച്ചുമാണ് ആക്രമിക്കപ്പെട്ടത്. സമാസ്തിപൂർ സ്റ്റേഷനിലും ഭക്തർ എസി കോച്ചുകളിൽ വലിഞ്ഞുകയറാൻ ശ്രമിച്ചെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലുണ്ട്. ദഹിന്ദു, എൻഡിടിവി തുടങ്ങിയ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രയാഗ് രാജിൽ പുരോഗമിക്കുന്ന മഹാകുംഭ മേളയ്ക്കായി തീർഥാടകർ സഞ്ചരിച്ച ട്രെയിൻ മുസ്ലിം തീവ്രവാദികൾ തകർത്തെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിഹാറിലെ മധുബാനി റെയിൽവേ സ്റ്റേഷനിൽ മഹാകുംഭ മേളയ്ക്ക് പോകാനായി എത്തിയ ഭക്തർ ട്രെയിനിൽ കയറാനാകാതെ വന്നതോടെ ആക്രമിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ഡൽഹിയിൽ പ്രയാഗ് രാജിലേക്കുള്ള ട്രെയിനിനായി കാത്തുനിന്ന ഭക്തരിൽ 18 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. റെയിൽവെയുടെ ഭാഗത്ത് വലിയ അനാസ്ഥ സംഭവിച്ചതായി വലിയ വിമർശനം ഉയരുന്നുണ്ട്. തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് വീഴ്ചപറ്റിയെന്നാണ് പ്രധാന വിമർശനം. മധുബാനി റെയിൽവേ സ്റ്റേഷനിൽ മാത്രമല്ല ട്രെയിനിന് നേരെ ആക്രമണമുണ്ടായത്. കുംഭമേളക്കായി ഝാന്‍സിയില്‍ നിന്നും പ്രയാഗ് രാജിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ നേരെ യാത്രികരുടെ ആക്രമണമുണ്ടായിരുന്നു. ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതില്‍ പ്രകോപിതനായ യാത്രക്കാരൻ കല്ലെടുത്ത് ഡോറിന്റെ ചില്ല് എറിഞ്ഞ് തകർത്തു. ട്രെയിൻ മധ്യപ്രദേശിലെ ഹര്‍പാല്‍പ്പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആക്രമണം