Fact Check: ബംഗ്ലാദേശിലെ ഹിന്ദുക്കളെക്കുറിച്ച് ആശങ്കയില്ലെന്ന ബാഗ് പ്രിയങ്ക ഗാന്ധി ധരിച്ചോ?
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക ധരിച്ച ബാഗിലെ വാചകങ്ങൾ എഡിറ്റ് ചെയ്താണ് പ്രചാരണം
Claim :
പ്രിയങ്ക ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കളെ കുറിച്ച് താൻ കാര്യമാക്കുന്നില്ലെന്ന ബാഗ് ധരിച്ച് പാർലമെന്റിലെത്തിയെന്ന് പ്രചാരണംFact :
ഫലസ്തീന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്റിൽ ധരിച്ചെത്തിയ ഫലസ്തീൻ എന്നെഴുതിയ ബാഗിലെ എഴുത്ത് എഡിറ്റ് ചെയ്താണ് പ്രചാരണം
നവംബർ 28ന് വയനാട് എംപിയായി പാർലമെന്റിൽ രംഗപ്രവേശം നടത്തിയത് മുതൽ പ്രിയങ്ക ഗാന്ധിയെ ചുറ്റി പറ്റി വാദ പ്രതിവാദങ്ങളൾ തുടരുകയാണ്. ഡിസംബർ 16 ന് പ്രിയങ്ക പാർലമെന്റിൽ ധരിച്ചെത്തിയ ബാഗിനെ ചൊല്ലിയാണ് പുതിയ വിവാദം. ഫലസ്തീൻ എന്നെഴുതിയ, ഫലസ്തീൻ പ്രതീകങ്ങളായ തണ്ണിമത്തനും കെഫിയ്യയും ഒലിവ് മരത്തിന്റെ ഇലകളും പതിപ്പിച്ച ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തുകയും ചെയ്തു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി പ്രിയങ്ക ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവും സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഉയർന്നു. ഇതിന് പിന്നാലെയാണ് ഫലസ്തീൻ എന്നെഴുതിയ ബാഗിലെ ചിത്രവും എഴുത്തും എഡിറ്റ് ചെയ്ത് ഇംഗ്ലിഷിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഞാൻ കാര്യമാക്കുന്നില്ല എന്നെഴുതിയ ബാഗ് എന്നാക്കിയുള്ള പ്രചാരണം. പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് ചുവടെ.
ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഞാൻ കാര്യമാക്കുന്നില്ല എന്നെഴുതിയ ബാഗ് ധരിച്ച് വയനാട് എംപിയായ പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയെന്നാണ് പ്രചാരണം. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി ഫലസ്തീൻ എന്നെഴുതിയ ബാഗ് ധരിച്ച് പാർലമെന്റിലെത്തിയതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം.
വസ്തുത അന്വേഷണം:
പ്രിയങ്ക ഗാന്ധി പാർലമെന്റിൽ ധരിച്ചെത്തിയ ഫലസ്തീൻ എന്നെഴുതിയ ബാഗിലെ എഴുത്തും ചിത്രവും മാറ്റി, ബംഗ്ലാദേശിലെ ഹിന്ദുക്കളെ താൻ കാര്യമാക്കുന്നില്ല എന്ന ഇംഗ്ലീഷ് വാചകം വ്യാജമായി ചേർത്താണ് പ്രചാരണം.
വസ്തുത അന്വേഷിക്കാൻ ആദ്യം പ്രചാരത്തിലുള്ള ചിത്രം പരിശോധിച്ചു. ബാഗിൽ എഴുതിയ വാചകം വ്യാജമായി ചേർത്തതാണെന്ന സൂചന നൽകുന്ന തരത്തിലാണ് എഴുത്ത്. ചിത്രം റിവേഴ്സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ യഥാർഥ ചിത്രം കണ്ടെത്താനായി. എഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദാണ് ചിത്രം ആദ്യം പങ്കുവെച്ചത്. യഥാർഥ ചിത്രവും എക്സ് പോസ്റ്റിന്റെ ലിങ്കുമാണ് ചുവടെ.
ഫലസ്തീൻ എന്നെഴുതിയ, ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളായ തണ്ണിമത്തൻ, കെഫിയ്യ, ഒലിവ് മരത്തിന്റെ ഇലകൾ, വെള്ളരിപ്രാവ് തുടങ്ങിയ ചിത്രങ്ങൾ അടങ്ങിയ ബാഗ് ധരിച്ചാണ് പ്രിയങ്ക ഗാന്ധി ഡിസംബർ 6 ന് പാർലമെന്റിലെത്തിയത്. ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ ഐക്യദാർഢ്യ പ്രകടനം. പ്രിയങ്കയുടെ നീക്കത്തെ പ്രകീർത്തിച്ച് ഒരു വിഭാഗം എത്തിയപ്പോൾ കടുത്ത വിമർശനമാണ് ബിജെപിയുടെയും വലതുപക്ഷത്തിന്റെയും ഭാഗത്ത് നിന്നുണ്ടായത്. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുകയാണെന്നും വാർത്തയാകാൻ വേണ്ടിയാണ് നീക്കമെന്നുമാണ് ബിജെപി എംപി ഗുലാം അലി ഖതാനയുടെ വിമർശനം.
ഇതിന് പിന്നാലെ പ്രിയങ്കയെ പിന്തുണച്ചും എതിർത്തും പലരും രംഗത്തെത്തി. പ്രിയങ്ക ധരിച്ചത് ഫലസ്തീൻ ഐക്യദാർഢ്യം എന്നാണെങ്കിൽ ഉദ്ദേശിച്ചത് ബംഗ്ലാദേശ് ഹിന്ദുക്കളെ താൻ കാര്യമാക്കുന്നില്ല എന്നാണെന്ന് മറ്റൊരു പ്രചാരണം.
നേരത്തെയും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
ഡിസംബർ 11ന് ഫലസ്തീൻ എംബസിയിലെത്തിയ പ്രിയങ്ക ഗാന്ധി നയതന്ത്ര പ്രതിനിധി ആബിദ് എല്റാസെഗ് അബി ജാസറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെഫിയ ധരിച്ചാണ് പ്രിയങ്ക അന്നെത്തിയത്.
വിമർശനങ്ങൾക്ക് താൻ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്നും പ്രിയങ്ക മറുപടി നൽകി.
ഡിസംബർ 17ന് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബാഗ് ധരിച്ചായിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും ഒപ്പം നിൽക്കുന്നുവെന്ന് ഹിന്ദിയിൽ എഴുതിയ ബാഗ് ധരിച്ചാണ് പ്രിയങ്ക എത്തിയത്. ബംഗ്ലാദേശിലെ സംഘർഷത്തിനും ഇസ്കോൺ സംഘടനയുടെ നേർക്ക് ഉണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഐക്യദാർഢ്യ പ്രഖ്യാപനം.
ബംഗ്ലാദേശിലെ ഹിന്ദുക്കളെ താൻ കാര്യമാക്കുന്നില്ല എന്നെഴുതിയ ബാഗ് ധരിച്ച് പാർലമെന്റിൽ നിൽക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തി. പ്രിയങ്ക ധരിച്ചെത്തിയ ഫലസ്തീൻ എന്നെഴുതിയ ബാഗിലെ വാചകവും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് പ്രചാരണം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാഗ് ധരിച്ചും വയനാട് എംപിയായ പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയിരുന്നു.
ఇప్పుడు Desh Telugu Keyboard యాప్ సహాయంతో మీ ప్రియమైన వారికి తెలుగులో సులభంగా మెసేజ్ చెయ్యండి. Desh Telugu Keyboard and Download The App Now