ഫാക്ട് ചെക്ക്: നിർബന്ധിച്ച് നോമ്പ് മുറിപ്പിച്ചതാണെന്ന് ഷമി പറഞ്ഞോ?
ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ നോമ്പ് മുറിച്ചത് നിർബന്ധത്തിന് വഴങ്ങിയെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്

Claim :
നോമ്പ് മുറിച്ചത് നിർബന്ധിക്കപ്പെട്ടതിനാലെന്ന് ഷമിFact :
2024ൽ പെരുന്നാൾ ആശംസയറിയിച്ച് ഷമി പോസ്റ്റ് ചെയ്ത വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്താണ് പ്രചാരണം
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയിരിക്കുകയാണ്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ന്യൂസിലന്‍ഡ് മുന്നോട്ട് വച്ച 252 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 2025 മാർച്ച് 4നായിരുന്നു ഇന്ത്യയുടെ സെമി ഫൈനൽ. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി വെള്ളം കുടിക്കുന്ന ദൃശ്യം ചർച്ചയായിരുന്നു. ഇസ്ലാം മത വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്ന മാസമാണ് റമദാൻ. ദുബൈയിൽ 2025 മാർച്ച് ഒന്നിനാണ് റമദാൻ മാസം ആരംഭിച്ചത്. മുഹമ്മദ് ഷമി വ്രതം അനുഷ്ഠിക്കാതെ വെള്ളം കുടിച്ചതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. അഖിലേന്ത്യ മുസ്ലിം ജമാഅത്ത് അധ്യക്ഷൻ മൌലാനാ ഷഹാബുദ്ദീൻ റസ്വി ഷമിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. നോമ്പനുഷ്ഠിക്കാത്തതിൽ ശരീഅത്ത് നിയമം പ്രകാരം ഷമി കുറ്റവാളിയാണെന്നായിരുന്നു പരാമർശം. എന്നാൽ ഷമിയെ അനുകൂലിച്ചും മുസ്ലിം പണ്ഡിതൻമാർ രംഗത്തെത്തി.
ഇതിന് പിന്നാലെ താൻ മത്സരത്തിനിടെ വെള്ളം കുടിച്ചത് വിശദീകരിച്ച് മുഹമ്മദ് ഷമി രംഗത്തെത്തിയെന്ന അവകാശ വാദത്തോടെ ഷമിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തൊപ്പി ധരിച്ച മുഹമ്മദ് ഷമി റമദാനിൽ വ്രതം അനുഷ്ഠിക്കാതത്തിൽ മാപ്പ് ചോദിക്കുന്നുണ്ട്. താൻ മനപ്പൂർവ്വം ചെയ്തത് അല്ലെന്നും തന്നെ തെറ്റിദ്ധരിക്കരുതെന്നും ഷമി വീഡിയോയിൽ പറയുന്നുണ്ട്. താൻ വ്രതം മുറിക്കാൻ നിർബന്ധിക്കപ്പെട്ടതാണെന്നും ഇല്ലെങ്കിൽ തൻ്റെ കരിയർ അവർ തകർക്കും എന്നുമാണ് വീഡിയോയിൽ ഉള്ളത്. പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനിടെ റമദാൻ വ്രതമനുഷ്ഠിക്കാതെ വെള്ളം കുടിച്ചത് നിർബന്ധത്തിന് വഴങ്ങിയാണെന്ന ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയുടെ വിശദീകരണമെന്ന നിലയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. അത്തരത്തിലുള്ള പ്രതികരണം ഷമി നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് പഴയ വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്താണെന്നും വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിക്കുമ്പോൾ ഷമിയുടെ വാക്കുകളും ചുണ്ടുകളുടെ ചലനവും തമ്മിൽ വ്യത്യാസം ഉള്ളതായി കണ്ടെത്തി. വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് പരിശോധന നടത്തിയപ്പോൾ സമാന വസ്ത്രത്തിൽ മുഹമ്മദ് ഷമി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭ്യമായി.
2024 ഏപ്രിൽ 11നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ചെറിയ പെരുന്നാൾ ആശംസ അറിയിച്ചുള്ള വീഡിയോയിൽ വൈറൽ വീഡിയോയിലെ സമാന വേഷവും പശ്ചാത്തലവുമാണ്. മുഹമ്മദ് ഷമിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ടിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2025 മാർച്ച 4ന് നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ നോമ്പനുഷ്ഠിക്കാത്തിൽ ഉയർന്ന വിമർശനത്തിന് ഷമി ഏതെങ്കിലും തരത്തിൽ പ്രതികരിച്ചിട്ടുണ്ടോ എന്നറിയാൻ ഔദ്യോഗിക സമൂഹ മാധ്യമ അക്കൌണ്ടുകൾ പരിശോധിച്ചു. ഫെയ്സ്ബുക്കിൽ മാർച്ച് നാലിന് ശേഷമുള്ള ഷമിയുടെ പോസ്റ്റുകൾ ചാമ്പ്യൻസ് ട്രോഫി ജയത്തോട് അനുബന്ധിച്ചുള്ളത് മാത്രമാണെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാമിലോ മറ്റു സമൂഹ മാധ്യമ അക്കൌണ്ടിലോ സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതികരണം കണ്ടെത്താനായില്ല. ഇതോടെ തന്റെ കരിയർ തകർക്കുമെന്ന ഭയത്താലാണ് നോമ്പ് മുറിച്ചതെന്ന് മുഹമ്മദ് ഷമി വിശദീകരിച്ചെന്ന വീഡിയോ യഥാർഥമല്ലെന്ന് വ്യക്തമായി.
റമദാൻ വ്രതമനുഷ്ഠിക്കാതെ വെള്ളം കുടിച്ചത് നിർബന്ധത്തിന് വഴങ്ങിയാണെന്ന ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയുടെ വിശദീകരണമെന്ന നിലയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. അത്തരത്തിലുള്ള പ്രതികരണം ഷമി നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് പഴയ വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്താണെന്നും വ്യക്തമായി. 2025 മാർച്ച 4ന് നടന്ന ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിനിടെയാണ് ഷമി വെള്ളം കുടിച്ചത്. ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ അഖിലേന്ത്യ മുസ്ലിം ജമാഅത്ത് അധ്യക്ഷൻ മൌലാനാ ഷഹാബുദ്ദീൻ റസ്വിയെ തള്ളി മുസ്ലിം പണ്ഡിതരുൾപ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിൽ ഷമിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായതായി കണ്ടെത്താനായില്ല. ഷമി നോമ്പെടുക്കാത്തതിൽ തെറ്റില്ലെന്ന് മുസ്ലിം മതപണ്ഡിതനും വ്യക്തി നിയമ ബോർഡ് എക്സിക്യൂട്ടീവ് അംഗം മൌലാന ഖാലിദ് റാഷിദ് വ്യക്തമാക്കി. റമദാനിൽ നോമ്പെടുക്കൽ എല്ലാ മുസ്ലിംകൾക്കും നിർബന്ധമാണെങ്കിലും ആരോഗ്യപരമായ പ്രശ്നമുള്ളവർക്കും യാത്രക്കാർക്കും ഇക്കാര്യത്തിൽ ഇളവുണ്ടെന്ന് ഖുർആൻ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.