ഫാക്ട് ചെക്ക്: വഖഫ് ബില്ലിനിടെ രാഹുൽ സഭയിലില്ലെന്ന് മാധ്യമങ്ങൾ നൽകിയത് വ്യാജ വാർത്തയോ?
രാഹുൽ ഗാന്ധി സഭയിലുള്ള ദൃശ്യം ഉപയോഗിച്ചാണ് പ്രചാരണം

Claim :
വഖഫ് ബില്ലിനിടെ രാഹുൽ ഗാന്ധി സഭയിലില്ലെന്ന് മാധ്യമങ്ങളുടെ വ്യാജവാർത്തFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. വാർത്ത നൽകുമ്പോൾ രാഹുൽ ഗാന്ധി സഭയിലില്ലെന്ന് കണ്ടെത്തി
പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായിരിക്കുയാണ്. 2025 ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളുകയായിരുന്നു. അതിനിടെ വഖഫ് ബിൽ ലോക്സഭയിലെത്തിയപ്പോൾ സഭയിൽ രാഹുൽ ഗാന്ധിയില്ലെന്ന് മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടർ ടിവിയുടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല എന്ന ടിക്കർ ബ്രേക്കിങ്ങിന്റെ സ്ക്രീൻഷോട്ടും കൈരളി ടിവിയുടെ ബ്രേക്കിങ് കാർഡും സഭയിൽ രാഹുൽ ഗാന്ധിയുള്ള സൻസദ് ടിവിയിലെ ചിത്രവും ഉപയോഗിച്ചാണ് പ്രചാരണം.
കൈരളി പ്രചരിപ്പിക്കുന്ന വ്യാജ വാർത്ത രാഹുൽഗാന്ധി സഭയിൽ ഇല്ല എന്ന്...
വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വന്ന സമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിൽ എത്തിയില്ല എന്ന വ്യാജ വാർത്ത കൈരളി ചാനലും റിപ്പോർട്ടർ ചാനലും പ്രചരിപ്പിക്കുന്നുണ്ട്. ആരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഇവർ ഇത്തരത്തിൽ വ്യാജ വാർത്തകൾ പുറപ്പെടുവിക്കുന്നത്. മാധ്യമ ധർമ്മം തെല്ലും പുലർത്താതെ കള്ളങ്ങളും അസത്യങ്ങളും മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ തെമ്മാടിക്കൂട്ടങ്ങളെ ഒറ്റപ്പെടുത്തുക. ഇവർക്കെതിരെ ശക്തമായി പ്രതിഷേധിക്കുക
രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
വഖഫ് ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ലോക്സഭയിലെത്തിയില്ല എന്ന മാധ്യമ വാർത്ത വ്യാജമാണെന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രസ്തുത വാർത്ത നൽകുമ്പോൾ രാഹുൽ സഭയിലില്ലെന്നും പിന്നീടാണ് എത്തുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
രാഹുൽ സഭയിലെത്തിയില്ലെന്ന വാർത്ത റിപ്പോർട്ടർ ടിവിയും കൈരളി ടിവിയും നൽകിയത് പരിശോധിച്ചു. റിപ്പോർട്ടർ ടിവിയുടെ തത്സമയ സംപ്രേഷണത്തിനിടെയാണ് ടിക്കർ ബ്രേക്കിങ്ങിൽ ബിൽ ലോക്സഭയിൽ എന്ന തലക്കെട്ടോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല എന്ന വാർത്ത നൽകിയിരിക്കുന്നത്. സ്ക്രീൻഷോട്ട് ചുവടെ.
2025 ഏപ്രിൽ 2ന് 12:15നാണ് കേന്ദ്ര പാർലമെന്ററി വകുപ്പ് മന്ത്രി കിരൺ റിജിജു വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
സഭാ നടപടികൾ സൻസദ് ടിവിയാണ് സംപ്രേഷണം ചെയ്യുന്നത്. സൻസദ് ടിവി നൽകിയ സംപ്രേഷണമാണ് റിപ്പോർട്ടർ ടിവി ഉൾപ്പടെയുള്ള മാധ്യമങ്ങൾ നൽകിയിരിക്കുന്നത്. വാർത്ത നൽകിയ സമയം മുകളിൽ വലത് വശം ചാനൽ ലോഗോയുടെ സമീപം കാണാം. 12:32നാണ് ബ്രേക്കിങ് നൽകുന്നത്. ഈ സമയം രാഹുൽ ഗാന്ധി ലോക്സഭയിലുണ്ടോ എന്നറിയാൻ സൻസദ് ടിവി പരിശോധിച്ചു. കെ സി വേണുഗോപാൽ എംപി സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി കാണാം. 12:07ന് കെ സി വേണുഗോപാൽ എംപി സംസാരിക്കുമ്പോൾ വൈഡ് ഷോട്ട് കാണിക്കുന്നത്. ഇതിൽ രാഹുൽ ഗാന്ധി ഇല്ലെന്ന് വ്യക്തമാകും.
സൻസദ് ടിവിയിലെ മുഴുനീള സംപ്രേഷണം പരിശോധിക്കുമ്പോൾ 13:21ന് രാഹുൽ ഗാന്ധിയെ ഇരിപ്പിടത്തിൽ കാണാൻ സാധിക്കുന്നുണ്ട്. രാഹുൽ ഗാന്ധി പീന്നീട് സഭയിലെത്തിയ സൂചന ലഭിക്കുന്നുണ്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ പ്രതിപക്ഷ നേതാവ് ലോക്സഭയിലെത്തുന്ന ദൃശ്യം എഎൻഐ നൽകിയത് ലഭിച്ചു. 12:55നാണ് എഎൻഐ ദൃശ്യം എക്സിൽ പങ്കുവെച്ചത്. വഖഫ് ഭേദഗതി ബില്ലിൽ ചർച്ച പുരോഗമിക്കുകയാണെന്നും വിവരണമുണ്ട്. ഇതോടെ ബിൽ അവതരണം തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധി സഭയിലില്ലായിരുന്നുവെന്ന് വ്യക്തമായി.
രാഹുൽ ഗാന്ധി ബില്ലിൽ ലോക്സഭയിൽ എന്താണ് സംസാരിച്ചതെന്ന് പരിശോധിച്ചു. ബില്ലിൻമേൽ രാഹുൽ ഗാന്ധി സഭയിൽ സംസാരിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതിനെക്കുറിച്ച് മീഡിയവൺ നൽകിയ വാർത്ത ലഭിച്ചു. കെ സി വേണുഗോപാൽ, ഇമ്രാൻ മസൂദ് തുടങ്ങിയ എംപിമാരാണ് പ്രതിപക്ഷത്തിന് വേണ്ടി കൂടുതൽ സംസാരിച്ചതെന്നാണ് വാർത്ത.
പ്രിയങ്ക ഗാന്ധി സഭയിലെത്തിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. അടുത്തബന്ധുവിന്റെ ചികിത്സാര്ഥം പ്രിയങ്ക വിദേശത്താണെന്നാണ് വിവരം. യാത്ര, ലോക്സഭ സ്പീക്കറെയും കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടിയെയും അറിയിച്ചിരുന്നുവെന്നും മാതൃഭൂമി നൽകിയ വാർത്തയിലുണ്ട്.
എന്നാൽ ബിൽ അവതരണത്തിന് മുന്നോടിയായി പാർട്ടിയുടെ നിലപാട് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തെ പറ്റി ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത നൽകിയതായി കണ്ടെത്തി.
ബില്ലിൻമേൽ രാഹുൽ ഗാന്ധി എക്സിൽ പ്രതികരിച്ചതായി കണ്ടെത്തി. മുസ്ലീങ്ങളെ അരികുവൽക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് (ഭേദഗതി) ബിൽ. ആർഎസ്എസും ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ഭരണഘടനയ്ക്കെതിരായി നടത്തുന്ന ഈ ആക്രമണം ഇന്ന് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെങ്കിൽ ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യംവെക്കുന്നതിനുള്ള മാതൃകയാണ്.. എന്ന് തുടരുന്നതാണ് പോസ്റ്റ്.
വഖഫ് ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ലോക്സഭയിലില്ല എന്ന മാധ്യമ വാർത്ത വ്യാജമാണെന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വാർത്ത നൽകുമ്പോൾ രാഹുൽ സഭയിലില്ലെന്ന് സൻസദ് ടിവി തത്സമയ സംപ്രേഷണത്തിൽ നിന്ന് കണ്ടെത്തി. പിന്നീട് പ്രതിപക്ഷ നേതാവ് സഭയിലെത്തിയതായും വ്യക്തമായി