ഫാക്ട് ചെക്ക്: പ്രധാനമന്ത്രി മോദിയേക്കാൾ വിദേശ യാത്രക്ക് ചെലവായത് മൻമോഹൻ സിങ്ങിനോ?
പ്രധാനമന്ത്രിയുടെ രണ്ടര വർഷത്തെ കണക്കാണ് മുൻ പ്രധാനമന്ത്രിയുമായി താരതമ്യം ചെയ്യുന്നത്

Claim :
പ്രധാനമന്ത്രി മോദിയേക്കാൾ വിദേശ യാത്രക്ക് ചെലവായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്Fact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ രണ്ടര വർഷത്തെ ചെലവ് കണക്കാണ് മുൻ പ്രധാനമന്ത്രിയുടെ ആകെ യാത്രയുമായി താരതമ്യം ചെയ്യുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളുടെ ചെലവ് വിവരം രാജ്യസഭയിൽ പങ്കുവെച്ചിരിക്കുകയാണ് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരറ്റി. 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ 258 കോടി രൂപയാണ് വിദേശ യാത്രകൾക്ക് മാത്രം ചെലവായത് . 38 വിദേശ യാത്രകളാണ് രണ്ടുവർഷത്തിൽ മോദി നടത്തിയത്. 2023 ജൂണിൽ മോദി നടത്തിയ അമേരിക്കൻ യാത്രക്കാണ് ഏറ്റവും കൂടുതൽ പണം ചെലവായത്. 22 കോടിയിലധികം രൂപയാണ് യുഎസ് സന്ദർശനത്തിന്റെ ചെലവ്. രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കുള്ള ക്രമീകരണങ്ങൾക്കായി ചെലവഴിച്ച ആകെ തുക, ഹോട്ടൽ, ഗതാഗതം, മറ്റ് ചെലവുകൾ എന്നിവയുടെ വിവരങ്ങളാണ് ഖാർഗെ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിദേശ സന്ദർശനങ്ങളുടെ ചെലവുമായി താരതമ്യം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളുടെ ചെലവിനേക്കാൾ കൂടുതലാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ചെലവെന്നാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
വിദേശ സന്ദർശനങ്ങൾക്ക് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പ്രധാമന്ത്രി നരേന്ദ്ര മോദിയേക്കാൾ തുക ചെലവാക്കിയെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പത്ത് വർഷക്കാലയളവിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നടത്തിയ വിദേശ സന്ദർശനങ്ങളുടെ ചെലവ് കണക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടര വർഷത്തെ വിദേശ സന്ദർശനവുമായി താരതമ്യം ചെയ്ത് പ്രചരിക്കുന്നത്.
മൻമോഹൻ സിങ് 72 വിദേശ സന്ദർശനങ്ങൾക്ക് ചെലവാക്കിയത് 1350 കോടിയാണെന്നും (ഒരു യാത്രയ്ക്ക് ശരാശരി 18.75 കോടി) വിദേശ സന്ദർശനങ്ങൾക്ക് മോദി ചെലവാക്കിയത് 259 കോടി മാത്രമാമെന്നും (ശരാശരി 6.81കോടി) എന്നാണ് ഒരു പ്രചാരണം. മറ്റൊന്ന് പത്ത് വർഷത്തെ വിദേശ യാത്രക്ക് ഡോ. മൻമോഹൻ സിങ് ചെലവാക്കിയത് 642 കോടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 11 വർഷത്തിനിടെ ചെലവാക്കിയത് 258 കോടിയാണെന്നുമാണ്. കണക്കിലെ വ്യത്യാസം പ്രചാരണം വസ്തുത വിരുദ്ധമാണെന്ന സൂചന നൽകുന്നുണ്ട്.
വാസ്തവം അറിയാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിദേശ സന്ദർശനങ്ങളെ കുറിച്ച് പരിശോധിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 2004 ജൂലൈയിലെ ബാങ്കോക്ക് സന്ദർശനം മുതൽ 2014 മാർച്ചിൽ മ്യാൻമർ സന്ദർശിച്ചത് വരെയുള്ള മുഴുവൻ കണക്കുകളും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. സന്ദർശനത്തിന്റെ തീയതിയും യാത്രാചെലവുമാണ് രേഖയിലുള്ളത്.
ഈ കണക്കുകൾ പ്രകാരം മുൻ പ്രധാനമന്ത്രി 73 വിദേശ സന്ദർശനങ്ങളാണ് നടത്തിയതെന്നും ആകെ യാത്രാ ചെലവ് 541.39 രൂപയാണെന്നും കണ്ടെത്തി. മറ്റു ചെലവുകൾ ഉൾപ്പടെ ആകെ ചെലവിനെ കുറിച്ചും അന്വേഷിച്ചു. ദ ഇന്ത്യൻ എക്സ്പ്രസ് നൽകിയ റിപ്പോർട്ട് പ്രകാരം പത്ത് വർഷത്തിനിടെ 676 കോടി രൂപയാണ് മൻമോഹൻ സിങ് വിദേശയാത്രയ്ക്കായി ചെലവാക്കിയത്. 2015ൽ ഡാനിയേൽ യേശുദാസ് എന്ന വ്യക്തി ഫയൽ ചെയ്ത വിവരാവകാശ അപേക്ഷയക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി പ്രകാരമാണിത്. ദ ഹിന്ദു ഉൾപ്പടെയുള്ള മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2013 വരെയുള്ള വിദേശ സന്ദർശനങ്ങളുടെ കണക്കാണ് അന്ന് പിഎം ഓഫീസ് പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളുടെ ചെലവ് പല ഘട്ടങ്ങളിലായി പുറത്തുവന്നതാണ്. ഏറ്റവും ഒടുവിൽ 2025 മാർച്ച് 21നാണ് രാജ്യസഭയിൽ വിദേശകാര്യ സഹമന്ത്രി രണ്ടര വർഷത്തെ കണക്ക് പുറത്തുവിട്ടത്. 2022 മെയ് മുതൽ 2024 ഡിസംബർ വരെ 258 കോടി ചെലവായെന്നാണ് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് മറുപടി നൽകിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ പതിനൊന്ന് വർഷത്തെ കണക്കല്ല പുറത്തുവിട്ടതെന്ന് വ്യക്തം. 2014 മുതലുള്ള യാത്രയുടെ ചെലവ് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലുണ്ട്. 2019 വരെയുള്ള യാത്രയുടെ ചെലവ് കണക്ക് മാത്രമാണ് വെബ്സൈറ്റിലുള്ളത്.
കീ വേഡ് പരിശോധനയിൽ 2018ൽ പുറത്തുവന്ന കണക്ക് പ്രകാരം 2014 മുതൽ ആകെ 2000 കോടിയിലധികമാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളുടെ ചെലവ്. അന്നത്തെ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് പാർലമെന്റിൽ കണക്ക് പുറത്തുവിട്ടതെന്ന് ദ മിന്റ് റിപ്പോട്ടിലുണ്ട്. കോവിഡ് 19നെ തുടർന്ന് 2021ൽ പ്രധാനമന്ത്രി വിദേശയാത്ര നടത്തിയിട്ടില്ല. ഇതോടെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശന ചെലവ് ഏകദേശം 2300 കോടി രൂപയിലധികം വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വിദേശ സന്ദർശനങ്ങൾക്ക് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പ്രധാമന്ത്രി നരേന്ദ്ര മോദിയേക്കാൾ തുക ചെലവാക്കിയെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടര വർഷത്തെ യാത്രയ്ക്ക് ചെലവായ തുകയാണ് മുൻ പ്രധാനമന്ത്രിയുടെ ചെലവുമായി താരതമ്യം ചെയ്തതെന്നും വ്യക്തമായി