Fact Check: മോഹൻലാൻ എബിവിപി യൂണിയൻ അംഗമായിരുന്നോ?
നടൻ മോഹൻലാൽ എബിവിപി പ്രവർത്തകനായിരുന്നുവെന്ന പ്രചാരണം വ്യാജമാണ്
Claim :
നടൻ മോഹൻലാൽ കോളജ് വിദ്യാർഥിയായിരിക്കെ എബിവിപി എംജി കോളജ് യൂണിയൻ അംഗമായിരുന്നുFact :
കലോത്സവത്തിൽ രണ്ടാമത്തെ മികച്ച നടനായിതിന്റെ ചിത്രത്തിൽ അടിക്കുറിപ്പ് വ്യാജമായി ചേർത്തതാണ്
ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രത്യക്ഷത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത നടൻ മോഹൻലാലിന്റെ രാഷ്ട്രീയം എക്കാലവും ചർച്ചയാണ്. 2014ൽ അധികാരത്തിൽ വന്നത് മുതൽ മോദി സർക്കാരിന്റെ പല നിലപാടുകളെയും നയങ്ങളെയും താരം പിന്തുണക്കാറുണ്ട്. നോട്ട് നിരോധനത്തെ പിന്തുണച്ചതോടെ ബിജെപി രാഷ്ട്രീയമാണ് നടൻ മോഹൻലാലിനെന്ന ചർച്ച ഉയർന്നുവന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയാകും എന്ന തരത്തിലും പ്രചാരണങ്ങളുണ്ടായിരുന്നു.
പല സന്ദർഭങ്ങളിലും മോഹൻലാലിന്റെ രാഷ്ട്രീയം ചർച്ചയാകാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു പഴയകാല ചിത്രം താരത്തിന്റെ രാഷ്ട്രീയം വീണ്ടും സജീവ ചർച്ചയാക്കുന്നത്. കോളജ് വിദ്യാർഥിയായിരിക്കെ നടൻ മോഹൻലാൽ എബിവിപി നേതാവിയിരുന്നു എന്നാണ് പ്രചാരണം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പഴയ കോളേജ് മാഗസിന്റെ പേജിൽ, മോഹൻലാലിന്റെ ചിത്രത്തിനു താഴെയായി എബിവിപി എംജി കോളേജ് യൂണിയൻ എന്ന് അടിക്കുറിപ്പുണ്ട്. ബിജുശ്രുതിപിള്ള എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ വന്ന പോസ്റ്റിനെ ഏറ്റെടുത്തും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
സമാന ചിത്രം എക്സിലും പ്രചരിക്കുന്നുണ്ട്.
വസ്തുത അന്വേഷണം:
നടൻ മോഹൻലാൽ തിരുവനന്തപുരം മഹാത്മ ഗാന്ധി കോളജിൽ വിദ്യാർഥിയായിരിക്കെ എബിവിപി യൂണിയൻ അംഗമായിരുന്നു എന്നത് വ്യാജപ്രചാരണമാണ്. യൂത്ത് ഫെസ്റ്റിവലിൽ മികച്ച നടന് രണ്ടാം സ്ഥാനം നേടിയത് അച്ചടിച്ചുവന്ന കോളജ് മാഗസിനിലെ ചിത്രത്തിന് താഴെ എബിവിപി യൂണിയൻ എന്ന് എഡിറ്റ് ചെയ്താണ് പ്രചാരണം.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണത്തിലുള്ള ചിത്രത്തിൽ രണ്ട് പേരുടെ ചിത്രത്തിന് താഴെയാണ് എബിവിപി എംജി യൂണിയൻ എന്ന അടിക്കുറിപ്പ് നൽകിയിട്ടുള്ളത്. അലൈൻമെന്റിലെ വ്യത്യാസം ചിത്രം വ്യാജമാണെന്ന സൂചന നൽകുന്നുണ്ട്. വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2020ൽ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന ഫേസ്ബുക്ക് പേജിൽ കലോത്സവത്തിലെ മികച്ച നടൻ മോഹൻലാൽ ഒരു അപൂർവ ചിത്രം എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി.
കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള മഹാത്മ ഗാന്ധി കോളജിലെ വിദ്യാർഥിയായ മോഹൻലാൽ മികച്ച നടനുള്ള രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ഒന്നാം സ്ഥാനം നേടിയത് സുരേഷ് കുമാർ എന്ന വ്യക്തിയും. മാഗസിൻ പേജിലെ ആദ്യ ചിത്രം ക്ലാസിക്ക് സംഗീതത്തിലും ലളിത ഗാനത്തിലും ഒന്നാം സ്ഥാനം നേടിയ കാവാലം ശ്രീകുമാറിന്റേതാണെന്ന് താഴെ അടിക്കുറിപ്പിലുണ്ട്. ചിത്രത്തിലുള്ള ഒൻപത് പേരുടെയും നേട്ടങ്ങളും പേജിലുണ്ട്. എന്നാൽ ചിത്രത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിലേത് പോലെ എബിവിപി എംജി യൂണിയൻ എന്ന അടിക്കുറിപ്പില്ല.
ഈ ചിത്രം 2022 ഏപ്രിൽ നാലിന് മോഹൻലാൽ ഫാൻസ് ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിൽ വന്നതിന് പിന്നാലെ മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച രണ്ടാമത്തെ നടനായി മോഹൻലാൽ; വൈറലായി പഴയ ചിത്രമെന്ന തലക്കെട്ടോടെ സൌത്ത് ലൈവ് ചിത്രവും വാർത്തയും നൽകിയിട്ടുണ്ട്. ഈ ചിത്രത്തിലൊന്നും തന്നെ പ്രചാരണത്തിലുള്ള എബിവിപി എംജി കോളജ് യൂണിയൻ എന്ന അടിക്കുറിപ്പില്ല.
കൃത്യമായി രാഷ്ട്രീയമോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് അനുഭാവമോ ഇപ്പോൾ പ്രകടിപ്പിക്കാത്ത വ്യക്തിയാണ് നടൻ മോഹൻലാൽ. പല സന്ദർഭങ്ങളിം നിലപാട് പറയുമ്പോൾ താരത്തിന്റെ രാഷ്ട്രീയ ചായ്വ് ചർച്ചയാകാറുണ്ട്. വലത് രാഷ്ട്രീയത്തോടും ബിജെപിയോടുമാണ് മോഹൻലാലിന് ചായ്വെന്ന രീതിയിൽ പ്രചാരണവുമുണ്ടായിട്ടുണ്ട്. എന്നാൽ വിദ്യാർഥിയായിരിക്കെ വ്യക്തമായ രാഷ്ട്രീയ നിലപാട് മോഹൻലാലിനുണ്ടായിരുന്നുവെന്ന് നടന്റെ സഹ പ്രവർത്തകനും നടനും സംവധിയാകനുമായ ഷാജി കൈലാസ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. താനും മോഹൻലാലും ഒരേ വിദ്യാർഥി സംഘടനയിലായിരുന്നുവെന്നാണ് ഷാജി കൈലാസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്നു ഷാജി കൈലാസ്.
പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളജിലാണ് നടൻ മോഹൻലാൽ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ബി കോമിലായിരുന്നു മോഹൻലാലിന്റെ ബിരുദം. അന്നത്തെ കോളേജ് മാഗസിനില്‍ നിന്നുളള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ചിത്രത്തില്‍ യുവാവായ മോഹന്‍ലാലിനേയും കാണാം. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്കാരം നേടിയ മോഹൻലാലിന്റെ കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോള്‍ വ്യാജ അവകാശവാദവുമായി പ്രചരിപ്പിക്കപ്പെടുന്നത്. ലഭ്യമായ വിവരം പ്രകാരം നടൻ മോഹൻലാൽ എംജി കോളജിലെ പഠന കാലത്ത് എബിവിപി പ്രവർത്തകനോ യൂണിയൻ അംഗമോ അല്ലെന്നും കണ്ടെത്താനായി.