Fact Check: സോണിയ ഗാന്ധിയുടെ ഓഫീസിൽ ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കാം എന്ന പുസ്തകമോ?
സോണിയ ഗാന്ധിയുടെ ഓഫീസിലെ ഷെൽഫിലെ പുസ്തകത്തിന്റെ പേര് മോർഫ് ചെയ്താണ് പ്രചാരണം.
Claim :
സോണിയ ഗാന്ധിയുടെ പുസ്തക ഷെൽഫിൽ ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കാം എന്ന പുസ്തമുണ്ടെന്ന് പ്രചാരണംFact :
ഷെൽഫിലെ പുസ്തകം മോർഫ് ചെയ്താണ് പ്രചാരണം
രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചിത്രത്തിൽ സോണിയ ഗാന്ധിക്ക് പിന്നിലുള്ള പുസ്തക ഷെൽഫിലെ പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് പ്രചാരണം. ഇന്ത്യയെ എങ്ങനെ ക്രൈസ്ത രാഷ്ട്രമാക്കാം എന്നർഥം വരുന്ന ഇംഗ്ലിഷ് പുസ്തകമാണ് ഷെൽഫിൽ. തൊട്ടടുത്തായി വിശുദ്ധ ബൈബിളുമുണ്ട്. സോണിയ ഗാന്ധിക്ക് സമീപം യേശു ക്രിസ്തുവിന്റെ പ്രതിമയും കാണാം.
ചിത്രം സൂം ചെയ്ത് സൂക്ഷ്മമമായി നോക്കൂ, ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കാം എന്ന പുസ്തകമാണ് ഷെൽഫിൽ. മറ്റെന്തെങ്കിലും തെളിവിന്റെ ആവശ്യമുണ്ടോ? എന്ന ഹിന്ദി അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് എക്സ് അക്കൌണ്ടിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ്. ഡൽഹിയിലെ അഭിഭാഷകൻ കൂടിയായ വിഭർ ആനന്ദ് എന്ന വ്യക്തിയുടെ എക്സ് അക്കൌണ്ടിൽ ഇത് പോസ്റ്റ് ചെയ്തത് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്താണ്. ഇത് വിശദീകരിക്കാമോ? എന്ന ചോദ്യത്തോടെയാണ് പോസ്റ്റ്. പ്രചരിക്കുന്ന പോസ്റ്റും ലിങ്കുമാണ് ചുവടെ.
വസ്തുത അന്വേഷണം:
പ്രചാരണത്തിലുള്ള ചിത്രം സൂം ചെയ്ത് പരിശോധിക്കുമ്പോൾ പുസ്തകത്തിന്റെ പേര് എഡിറ്റ് ചെയ്തതാണെന്ന സൂചന ലഭിക്കുന്നുണ്ട്.പോസ്റ്റിന്റെ വസ്തുത അറിയാൻ റിവേഴ്സ് ഇമേജ് പരിശോധന നടത്തി. സമാന ചിത്രം പല മാധ്യമങ്ങളും ഫയൽ ചിത്രമായി ഉപയോഗിച്ചതായി കണ്ടെത്തി. ഹിന്ദുസ്ഥാൻ ടൈംസ്, ദ മിന്റ് ഉൾപ്പടെയുള്ള മാധ്യമങ്ങളാണ് 2020, 2021, വർഷങ്ങളിൽ പല വാർത്തകൾക്കും സമാന ചിത്രം ഉപയോഗിച്ചത്. എന്നാൽ ചിത്രം കൃത്യമായി പരിശോധിച്ചപ്പോൾ അതിലെ പറയപ്പെടുന്ന പുസ്തകത്തിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രൈസ്ത രാഷ്ട്രമാക്കാം' എന്നല്ലെന്ന് വ്യക്തമായി. തൊട്ടടുത്ത് വൈറൽ ചിത്രത്തിലുള്ളത് പോലെ വിശുദ്ധ ബൈബിളോ യേശു ക്രിസ്തുവിന്റെ പ്രതിമയോ ഇല്ല.
സോണിയ ഗാന്ധിയുടെ ഇടതുവശത്തെ നീല പുറംചട്ടയുള്ള പുസ്തകത്തിന്റെ പേര് മോർഫ് ചെയ്താണ് 'ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കാം' എന്ന പേര് നൽകിയതെന്ന് വ്യക്തമാകും. പ്രചരിക്കുന്ന ചിത്രലുള്ളത് പോലെ ഇടത് വശത്ത് യേശു ക്രിസ്തുവിന്റെ പ്രതിമയും പിടിഐയിൽ നിന്ന ദ മിന്റെടുത്ത ചിത്രത്തിലില്ല. സൂം ചെയ്ത് ചിത്രം നോക്കാൻ ആവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിലും എക്സിലും ചിത്രം പ്രചരിക്കുന്നുണ്ട്.
മാധ്യമങ്ങൾ നൽകുന്ന ഫയൽ ചിത്രത്തിന്റെ ഉറവിടം അന്വേഷിച്ചു. 2020 ഒക്ടോബർ 27ന് രാഹുൽ ഗാന്ധി എക്സിൽ (അന്നത്തെ ട്വിറ്ററിൽ) പങ്ക് വെച്ച വീഡിയോയിൽ നിന്നെടുത്ത സ്ക്രീൻഷോട്ടാണ് ചിത്രമെന്ന് വ്യക്തമായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എടുത്ത വീഡിയോയിൽ ബിഹാറിലെ ജനങ്ങളോട് മഹാഗഡ്ബന്ധന് വോട്ട് തേടുകയാണ് സോണിയ ഗാന്ധി. രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ് ലിങ്ക് ചേർക്കുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോണിയ ഗാന്ധിയുടെ സമാന പശ്ചാത്തലത്തിലുള്ള നിരവധി വീഡിയോകൾ പങ്കുവെച്ചതായി കാണാം.
പ്രചരിക്കുന്ന ചിത്രത്തിന്റെ സമാന പശ്ചാത്തലത്തിലുള്ള സോണിയ ഗാന്ധിയുടെ നിരവധി വീഡിയോകൾ കണ്ടെത്താനായെങ്കിലും പ്രചരിക്കുന്ന പേരുള്ള നീല പുറംചട്ടയുള്ള പുസ്തകം ഷെൽഫിലെവിടെയുമില്ല. 'How to convert India into Christian Nation' എന്ന പേരിൽ പുസ്തകം ഇറങ്ങിയിട്ടുണ്ടോ എന്നും അന്വേഷിച്ചു. വിവിധ തരത്തിൽ ഇംഗ്ലിഷിലും മലയാളത്തിലും ഹിന്ദിയിലുമായി കീവേഡ് സെർച്ച് നടത്തിയെങ്കിലും അത്തരമൊരു പുസ്തകം പുറത്തിറങ്ങിയതായി കണ്ടെത്താനായില്ല.
പാർലമെന്റ് ശൈത്യകാല സമ്മേളനം തുടങ്ങിയത് മുതൽ സോണിയ ഗാന്ധിയെയും മക്കളും എംപിമാരുമായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് നിരവധി വ്യാജ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തുടരുകയാണ്.
സോണിയ ഗാന്ധി ഇന്ത്യയെ ക്രൈസ്ത രാഷ്ട്രമാക്കുകയാണെന്ന് എക്സിൽ പോസ്റ്റ് ചെയ്ത വിഭർ ആനന്ദിന്റെ പ്രൊഫൈൽ പരിശോധിച്ചു. ഡൽഹിയിൽ അഭിഭാഷകനായ വിഭർ ആനന്ദിന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഡൽഹി പൊലീസ് കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയതായും കണ്ടെത്തി. ബോളിവുഡ് നടൻ സുഷന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യാജ പ്രചാരണത്തിലാണ് കേസെടുത്തത്. അന്ന് വിഭർ ആനന്ദിന്റെ എക്സ് അക്കൌണ്ട് സസ്പെൻഡ് ചെയ്തിരുന്നു.
സോണിയ ഗാന്ധിയുടെ ഷെൽഫിൽ ഇന്ത്യയെ എങ്ങനെ ക്രൈസ്തവ രാഷ്ട്രമാക്കാം എന്ന പുസ്തകമുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. രാഹുൽ ഗാന്ധി പങ്കുവെച്ച വീഡിയോയുടെ സ്ക്രീൻ ഷോട്ട് പിടിഐ ഉൾപ്പെടെയുള്ള വാർത്ത ഏജൻസികൾ ഉപയോഗിക്കുന്നതാണ്. ഈ സ്ക്രീൻ ഷോട്ടിൽ സോണിയയുടെ ഇടതുപക്ഷത്തുള്ള നീല പുറംചട്ടയുള്ള പുസ്തകത്തിന്റെ പേര് മോർഫ് ചെയ്താണ് വ്യാജ പ്രചാരണമെന്നും കണ്ടെത്താനായി.
ఇప్పుడు Desh Telugu Keyboard యాప్ సహాయంతో మీ ప్రియమైన వారికి తెలుగులో సులభంగా మెసేజ్ చెయ్యండి. Desh Telugu Keyboard and Download The App Now