Fact Check: തരൂരിന്റെ വിരുന്നിൽ പാകിസ്താൻ വിദേശകാര്യമന്ത്രി പങ്കെടുത്തോ?
ന്യൂയോർക്കിൽ 2009ൽ ശശി തരൂർ സംഘടിപ്പിച്ച വിരുന്നിൽ പാക് വിദേശകാര്യമന്ത്രി പങ്കെടുത്തെന്ന പ്രചാരണം വ്യാജം
Claim :
സോറസിനു വേണ്ടി ന്യൂയോര്ക്കില് ശശി തരൂര് വിരുന്നൊരുക്കി: പാകിസ്താൻ വിദേശകാര്യ മന്ത്രിയും പങ്കെടുത്തുFact :
ഹർദീപ് സിങ് പുരി ഒരുക്കിയ വിരുന്നിൽ സോറസ് പങ്കെടുത്തു, പാകിസ്താൻ വിദേശകാര്യ മന്ത്രി പങ്കെടുത്തിട്ടില്ല.
അമേരിക്കൻ ഹംഗേറിയൻ കോടീശ്വരനായ ജോർജ് സോറസിനെ ചുറ്റിപ്പറ്റി വാദപ്രതിവാദം തുടരുന്നതിനിടെയാണ് പുതിയ പ്രചാരണം. യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശശി തരൂരിനായി ന്യൂയോർക്കിൽ സംഘടിപ്പിച്ച വിരുന്നിൽ ജോർജ് സോറസിനെ ക്ഷണിച്ചത് തരൂർ തന്നെയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ആരോപണമുന്നയിച്ചതോടെയാണ് വിരുന്നിൽ പാകിസ്താൻ വിദേശകാര്യമന്ത്രിയും പങ്കെടുത്തെന്ന പ്രചാരണം. ന്യൂയോർക്കിലെത്തിയ വിദേശകാര്യ മന്ത്രി ശശി തരൂരിന്, യുഎൻ അംബാസിഡറും ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായ ഹർദീപ് സിങ് പുരിയാണ് വിരുന്നൊരുക്കിയത്. ഒക്ടോബർ 11ന് പ്രാതലും 12ന് അത്താഴവും ഒരുക്കിയ പുരി, താൻ ന്യൂയോർക്കിൽ പുതിയ ആളായതിനാൽ തരൂരാണ് ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയതെന്നും പറയുന്നുണ്ട്. ഈ ലിസ്റ്റിൽ ജോർജ് സോറസുണ്ട്.
സോറസുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തിന് ആക്കം കൂട്ടിയാണ് ഹർദീപ് സിങ് പുരിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ സർക്കാർ അട്ടിമറിക്ക് സോറസ് ശ്രമിക്കുന്നുവെന്നും സോണിയ ഗാന്ധിയുടെ എഫ്ഡിഎൽ-എപി ഫൌണ്ടേഷന് സോറസ് ഫൌണ്ടേഷനുമായി ബന്ധമുണ്ടെന്നും, കശ്മീരിനെ സ്വതന്ത്ര രാഷ്ട്രമാക്കുകയാണ് സോറസിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപണമുന്നയിക്കുന്നു. 1999 മുതൽ സ്കോളർഷിപ്പും സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി സോറസിന്റെ ഓപൺ സൊസൈറ്റി ഫൌണ്ടേഷൻ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ മോദി സർക്കാരിനെ ഞെരുക്കുമെന്ന സോറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനാണ് സോറസ് ലക്ഷ്യമിടുന്നതെന്ന പ്രചാരണം ബിജെപി ആരംഭിച്ചത്.
ഇതിനിടെയാണ് മലയാളം ദിനപത്രമായ ജന്മഭൂമി ജോർജ് സോറസിന് ശശി തരൂർ വിരുന്നൊരുക്കിയെന്നും വിരുന്നിൽ പാകിസ്താൻ വിദേശകാര്യമന്ത്രി പങ്കെടുത്തു എന്നും വാർത്ത നൽകിത്.
പാകിസ്താൻ വിദേശകാര്യ മന്ത്രി പങ്കെടുത്തെന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
വസ്തുത അന്വേഷണം:
ജന്മഭൂമി നൽകിയ വാർത്തയിൽ നൽകിയ ചിത്രം ബിലാവെൽ ഭൂട്ടോ സർദാരിയുടേതാണ്. 2009ലെ ചടങ്ങിൽ പാകിസ്താൻ വിദേശകാര്യമന്ത്രി പങ്കെടുത്തുന്നു എന്നാണ് തലക്കെട്ട്. 2008മുതൽ 2011വരെ ഷാ മുഹമ്മദ് ഖുറേശിയായിരുന്നു പാകിസ്താൻ വിദേശകാര്യ മന്ത്രി. ബിലാവെൽ ഭൂട്ടോ പാകിസ്താൻ വിദേശകാര്യ മന്ത്രിയായത് 2022മുതൽ 2023വരെയാണെന്ന് കണ്ടെത്തി. വ്യക്തതയ്ക്കായി വാർത്തയിൽ പരാമർശിച്ച ബിലാവെൽ ഭൂട്ടോയോ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദോ ചടങ്ങിൽ പങ്കെടുത്തോ എന്നറിയാൻ ചടങ്ങിനെ കുറിച്ച് അന്വേഷിച്ചു. സോറസ് പങ്കെടുത്തെന്ന ഹർദീപ് സിങ് പുരിയുടെ വെളിപ്പെടുത്തലും തരൂരിന്റെ മറുപടിയും വാർത്തകളായുണ്ട്.
ഡിസംബർ 15ന് സന്ദീപ് മിശ്ര എന്ന എക്സ് അക്കൌണ്ടിലാണ് ശശി തരൂർ 2009 മെയ് 26ന് എക്സിൽ (അന്നത്തെ ട്വിറ്ററിൽ) കുറിച്ച പഴയ സുഹൃത്ത് ജോർജ് സോറസിനെ കണ്ടു എന്ന പോസ്റ്റ് വിശദീകരിക്കാനാവശ്യമുയർന്നത്. തന്റെ യുഎൻ കാലം മുതൽ സോറസിനെ അറിയാമെന്നും ഒരു സാമൂഹിക സുഹൃത്തെന്നതിലുപരി അദ്ദേഹത്തിൽ നിന്നോ ഫൌണ്ടേഷനിൽ നിന്നോ പണം സ്വീകരിച്ചിട്ടില്ലെന്നും മറുപടി നൽകി.
സോറസിനെ ഹർദീപ് സിങ് പുരി ഒരുക്കിയ വിരുന്നിൽ വെച്ച് കണ്ടിരുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ വെളിപ്പെടുത്തൽ. വിദേശകാര്യ മന്ത്രിയെ സ്വീകരിക്കാനായി ഒരുക്കിയ പ്രാതലിനും അത്താഴത്തിനും ക്ഷണിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ ഉൾപ്പടെ ചേർത്താണ് പുരിയുടെ പോസ്റ്റ്.
അത്താഴവിരുന്നിനും പ്രാതലിനും ക്ഷണിച്ചവരുടെ പേരുവിവരങ്ങൾ ഹർദീപ് സിങ് പുരിയുടെ പോസ്റ്റിലുണ്ട്. ഇതിലൊന്നും പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദിന്റേയോ വാർത്തയിൽ പരാമർശിക്കുന്ന ബിലാവേൽ ഭൂട്ടോയുടേയോ പേരില്ല. സോറസ് പങ്കെടുത്തതുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിലും ഇത് പരാമർശിക്കുന്നില്ല. ശശി തരൂർ ബിലാവേൽ ഭൂട്ടോയുമായോ ഷാ മുഹമ്മദ് ഖുറേശിയുമായോ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നറിയാൻ കീവേഡ് സെർച്ച് നടത്തി. ഒന്നും കണ്ടെത്താനായില്ല.
വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശശി തരൂരിന് ഹർദീപ് സിങ് പുരി ഒരുക്കിയ വിരുന്നിൽ ജോർജ് സോറസ് പങ്കെടുത്തിരുന്നു. എന്നാൽ പാകിസ്താൻ വിദേശകാര്യമന്ത്രി പങ്കെടുത്തെന്ന വാർത്ത വസ്തതുത വിരുദ്ധമാണ്. ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയത് തരൂർ ആണെന്നാണ് പുരി പറയുന്നത്. പുരി തന്നെ പുറത്തുവിട്ട ലിസ്റ്റിൽ വാർത്തയിൽ പരാമർശിച്ച ബിലാവേൽ ഭൂട്ടോയുടെ പേര് പരാമർശിക്കുന്നില്ല. പാക് വിദേശകാര്യ മന്ത്രിയെ ശശി തരൂർ കണ്ടെന്നതിന്റെ സൂചനയും ലഭിച്ചില്ല.