വസ്തുത പരിശോധന: 1950ലെ ശബരിമലയുടെ ദൃശ്യങ്ങളോ?
തമിഴ് സിനിമ സ്വാമി അയ്യപ്പനിലെ ഗാനത്തിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
Claim :
1950ലെ ശബരിമല തീർഥാടനത്തിന്റെ ദൃശ്യങ്ങൾFact :
പ്രചരിക്കുന്നത് 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന തമിഴ് ചിത്രത്തിലെ ഗാന രംഗങ്ങൾ
ശബരിമലയുടെ പഴയകാല ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാ കാലത്തും പ്രചരിക്കാറുണ്ട്. 1950 ൽ പകർത്തിയ ശബരിമല തീർഥാടനത്തിന്റെ ദൃശ്യങ്ങൾ എന്ന തരത്തിലാണ് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്. പതിനെട്ടാം പടി കയറാൻ ഇരു മുടിക്കെട്ടും തലയിലേറ്റി കാനന പാതയിലൂടെ നടന്ന് നീങ്ങുന്ന ഭക്തരാണ് ദൃശ്യത്തിൽ. കടുവയും സന്നിധാനവും നടയുമെല്ലാം വീഡിയോയിലുണ്ട് . 1950 ലെ ശബരിമല കാഴ്ചകൾ എന്ന തലക്കെട്ടോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
സുജിത്ത് മംഗലശ്ശേരിയിൽ എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ മറ്റു ഭാഷകളിലും ഷെയർ ചെയ്യപ്പെടുന്നുണ്ട്.
1950 കളിൽ ശബരിമലയിലേക്കുള്ള പാത എന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം.
വസ്തുത അന്വേഷണം:
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 1950ലെ ശബരിമലയിലെ കാഴ്ചകൾ യഥാർഥത്തിൽ ശബരിമല തീർഥാടനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അല്ലെന്ന് കണ്ടെത്തി. 1975 പുറത്തിറങ്ങിയ തമിഴ് ചിത്രം 'സ്വാമി അയ്യപ്പനി'ലെ ഗാനത്തിൽ നിന്നുള്ള രംഗങ്ങളാണ്.
പ്രചരിക്കുന്ന വീഡിയോയിലെ കടുവയുടേത് ഉൾപ്പടെയുള്ള ദൃശ്യങ്ങൾ യഥാർഥമാണോ എന്ന് പരിശോധിച്ചു. വീഡിയോയിൽ ജിഎൽവി എന്ന് ഇംഗ്ലീഷിൽ നൽകിയ വാട്ടർ മാർക്ക് ശ്രദ്ധയിപ്പെട്ടു. ജിഎൽവി മീഡിയ എന്നത് തമിഴ് ന്യൂസ് കമ്പനിയാണെന്ന് വ്യക്തമായി. ജിഎൽവി 1950ൽ ശബരിമലയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചുണ്ടോ എന്നും അന്വേഷിച്ചു. പ്രധാനമായും സിനിമയുമായി ബന്ധപ്പെട്ടാണ് ജിഎൽവി ചിത്രീകരണം. വ്യക്തതയ്ക്കായി പ്രചരിക്കുന്ന വീഡിയോയിലെ രംഗങ്ങളുടെ പ്രധാന ഭാഗങ്ങൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാന ദൃശ്യങ്ങളുള്ള യൂട്യൂബ് വീഡിയോ കണ്ടെത്താനായി. ജിഎൽവി മീഡിയയുടെ ക്ലാസിക് മൂവീസ് എന്ന സിനിമ യൂട്യൂബ് ചാനലിലാണ് പ്രസ്തുത വീഡിയോയുള്ളത്. ലിങ്ക് ചുവടെ.
സ്വാമിയേ ശരണം എൻ അയ്യപ്പാ| ടിഎംഎസ് അയ്യപ്പൻ സോങ്സ്| സ്വാമി ശരണം| തമിഴ് സിനിമ എന്നതാണ് ഗാനത്തിന്റെ അടിക്കുറിപ്പ്. വൈറൽ വീഡിയോയിൽ ഉള്ള ഭക്തരുടെ ദൃശ്യങ്ങളും കടുവയുമെല്ലാം ഈ ഗാനത്തിന്റെ ദൃശ്യങ്ങളിലുണ്ട്.
'സ്വാമി അയ്യപ്പൻ' എന്ന തമിഴ് സിനിമയെ കുറിച്ച് അന്വേഷിച്ചു. 1975 ൽ പുറത്തിറങ്ങിയ സിനിമയാണ് 'സ്വാമി അയ്യപ്പൻ'. തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറയിങ്ങിയ സിനിമ സംവിധാനം ചെയ്തതും നിർമിച്ചതും മെരിലാൻഡ് സ്റ്റുഡിയോ ഉടമയായ പി സുബ്രഹ്മണ്യമാണ്. തിക്കുറിശ്ശി സുകുമാരൻ നായർ, ജെമിനി ഗണേശൻ, വിനോദിനി, ബഹദൂർ, കെ ബാലാജി, ലക്ഷ്മി, റാണി ചന്ദ്ര, ശ്രീവിദ്യ, സുകുമാരി തുടങ്ങിയവരാണ് 'സ്വാമി അയ്യപ്പൻ' സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നാല് കേരള സംസ്ഥാന ചലചിത്ര അവാർഡുകളും നേടിയ സിനിമയാണ് 'സ്വാമി അയ്യപ്പൻ'. മികച്ച ഛായാഗ്രാഹകൻ - മസ്താൻ, മികച്ച ഗാനരചയിതാവ് - വയലാർ രാമവർമ, മികച്ച ബാലതാരം - മാസ്റ്റർ രഘു, ജനപ്രിയവും കലാമൂല്യവുമുള്ള മികച്ച സിനിമ എന്നിങ്ങനെയാണ് നാല് അവാർഡുകൾ
പതിനാല് ഗാനങ്ങളാണ് സിനിമയിൽ ആകെ ഉള്ളത്. ഇതിൽ കണ്ണദാസൻ എഴുതി ടി എം സൌന്ദരരാജനും സംഘവും ആലപിച്ച ഗാനമാണ് 'സ്വാമി ശരണം എൻ അയ്യപ്പ'. ശബരിമലയിൽ അയ്യപ്പനെ ഉറക്കുന്ന താരാട്ടുപാട്ടായ 'ഹരിവരാസനം' 'സ്വാമി അയ്യപ്പൻ' സിനിമയിലുള്ളതാണ്. കെ ജെ യേശുദാസാണ് ഗാനം ആലപിച്ചത്.
ദ ഹിന്ദു സ്വാമി അയ്യപ്പൻ: 1975, ദൈവത്തിന്റെ നാമത്തിൽ (ഇൻ ദ നെയിം ഓഫ് ഗോഡ്) എന്നീ രണ്ട് ലേഖനങ്ങൾ സ്വാമി അയ്യപ്പൻ സിനിമയെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി അയ്യപ്പൻ സിനിമ ചിത്രീകരിച്ചത് മെരിലാൻഡ് സ്റ്റുഡിയോയിലും ശബരിമലയിലുമാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. 'സ്വാമി അയ്യപ്പൻ' സംവിധാനം ചെയ്ത പി സുബ്രഹ്മണ്യന്റെ മക്കളായ എസ് കാർത്തികേയനും എസ് മുരുകനും 'സ്വാമി അയ്യപ്പൻ' ടെലിവിഷൻ സീരിയലായും പുറത്തിറക്കിയിട്ടുണ്ട്. ഏഷ്യാനെറ്റാണ് സീരിയൽ സംപ്രേഷണം ചെയ്തത്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ 1950 ലെ ശബരിമലയിലെ ദൃശ്യങ്ങളല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്താനായി. 1975 ൽ പുറത്തിറങ്ങിയ 'സ്വാമി അയ്യപ്പൻ' എന്ന സിനിമയിൽ 'സ്വാമി ശരണം എൻ അയ്യപ്പ' എന്ന ഗാനത്തിലെ രംഗങ്ങളാണ് ശബരിമലയിലെ 1950 ലെ കാഴ്ചകൾ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. ഗാനത്തിൽ പമ്പ നദിയും, കാനന പാതയും സന്നിധാനവും ശബരിമല നടയും ചടങ്ങുകളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. 'സ്വാമി അയ്യപ്പൻ' എന്ന സിനിമയുടെ മലയാളം പതിപ്പിലെ 'സ്വാമി ശരണം ശരണം പൊന്നയപ്പ' എന്ന ഗാനത്തിലും സമാന ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് ചുവടെ
എല്ലാ മണ്ഡലകാലത്തും സമാന രീതിയിൽ ശബരിമലയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ ലെ ശബരിമലയിലെ ദൃശ്യങ്ങളല്ലെന്നും ൽ പുറത്തിറങ്ങിയ 'സ്വാമി അയ്യപ്പനി'ലെ ഗാനരംഗമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി