Fact Check: മസ്ജിദുകളിലെ സർവെ സുപ്രിംകോടതി തടഞ്ഞത് ലീഗ് ഇടപെടലിന് പിന്നാലെയോ?
പ്രചരിക്കുന്ന വാർത്ത സ്ക്രീൻഷോട്ട് വ്യാജം
Claim :
ആരാധനാലയങ്ങളിലെ സർവെ സുപ്രിംകോടതി തടഞ്ഞത് മുസ്ലിം ലീഗ് ഇടപെടലിനെ തുടർന്നെന്ന് പ്രചാരണംFact :
1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്നും നിലനിർത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഉത്തരവ്. പ്രചരിക്കുന്ന ടെക്സ്റ്റ് മീഡിയവൺ നൽകിയിട്ടില്ല
1991ലെ ആരധനാലയനിമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളിൽ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള പുതിയ കേസുകൾ കോടതികൾ സ്വീകരിക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് മുസ്ലിം ലീഗ് ഇടപെടലിനെ തുടർന്നെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. മസ്ജിദുകളിലെ സർവെ നടപടികളും വിലക്കി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിട്ടിരുന്നു.
വാദം:
നിർണായക ഉത്തരവിൽ പള്ളികളിലെ സർവെ സുപ്രിംകോടതി തടഞ്ഞത് മുസ്ലിം ലീഗ് ഇടപെടലിനെ തുടർന്നാണെന്നാണ് പ്രചാരണം. മീഡിയവൺ ചാനലിലെ തത്സമയ വാർത്ത പ്രക്ഷേപണത്തിലെ ഗ്രാഫിക്സിലെ വാചകമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
വസ്തുത പരിശോധന:
മസ്ജിദുകളിൽ സർവെ തടഞ്ഞ സുപ്രിംകോടതി ഉത്തരവ് മുസ്ലിം ലീഗ് ശ്രമം ഫലം കണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയുടെ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് കണ്ടെത്തി. തത്സമയ വാർത്ത സംപ്രേക്ഷണത്തിലെ ഗ്രാഫിക്സ് എഡിറ്റ് ചെയ്താണ് പ്രചാരണം.
മുസ്ലിം ലീഗിന്റെ ശ്രമഫലമാണോ സുപ്രിംകോടതി ഉത്തരവെന്ന് പരിശോധിച്ചു. ആരാധനാലയസംരക്ഷണനിയമം റദ്ദാക്കണമെന്നും നിലനിർത്തണമെന്നും ആവശ്യപ്പെട്ട് വിവിധ കക്ഷികൾ സമർപ്പിച്ച ഹരജിയിലാണ് നിർണായക ഉത്തരവെന്ന് കണ്ടെത്താനായി. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏതു സ്ഥിതിയിലായിരുന്നോ, അതിൽ മാറ്റം വരുത്തരുതെന്ന 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥയെ ചോദ്യംചെയ്താണ് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഈ കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
മുസ്ലീം ലീഗ്, സിപിഎം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ചരിത്രകാരി റോമില ഥാപ്പർ തുടങ്ങിയവർ സമർപ്പിച്ച ഹരജികൾ പരിഗണിക്കാനായി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയും ഓൾ ഇന്ത്യ ലായേഴ്സ് യൂണിയനും വാരണസി ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയും ഹരജി നൽകിയിട്ടുണ്ട്.
ഈ വാർത്തയുടെ തത്സമയ സംപ്രേക്ഷണത്തിൽ മീഡിയവൺ ഉപയോഗിച്ച ബ്രേക്കിങ് കാർഡ് ഗ്രാഫിക്സിൽ ‘ലീഗ് ഇടപെടൽ ഫലം കണ്ടു’ എന്ന ടെക്സ്റ്റെന്ന നിലയിലാണ് സാമുഹ്യമാധ്യമങ്ങളിലെ പ്രചാരണം.
എന്നാൽ മീഡിയവൺ ഇത്തരം ടെക്സറ്റ് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ബ്രേക്കിങ് കാർഡ് ഗ്രാഫിക്സിലെ ഫോണ്ട് മീഡിയവൺ ഫോണ്ടിൽ നിന്ന് വ്യത്യസ്തമാണെന്ന് വ്യക്തം. ഫോണ്ടിലെ വ്യത്യാസം എഡിറ്റ് ചെയ്തതാണെന്ന സൂചന നൽകുന്നുണ്ട്. ഗ്രാഫിക്സിൽ വലത്തേയറ്റത്ത് കാണുന്ന സമയം 2024 ഡിസംബർ 12, 4:17 pm ആണ്. തത്സമയ വാർത്ത സംപ്രേക്ഷണം പരിശോധിച്ചപ്പോൾ പരാമർശിക്കപ്പെട്ട സമയത്ത് മീഡിയവൺ നൽകിയ വാർത്ത സർവെ തടഞ്ഞതിൽ തന്നെയെന്ന് വ്യക്തമാണ്. കാർഡിലുള്ള അഡ്വ. ഹാരിസ് ബീരാൻ എംപിയുടെ ടെലി കാർഡിൽ നിന്ന് എംപിയിൽ നിന്ന് പ്രതികരണം തേടിയതായും കാണാം. കോടതി വിധിയെ വിലയിരുത്തുകയായിരുന്നു രാജ്യസഭാ എംപി കൂടിയായ അഡ്വ. ഹാരിസ് ബീരാൻ .
തത്സമയ സംപ്രേക്ഷണത്തിലെ യഥാർഥ ടെക്സറ്റാണ് ചുവടെ
ഗ്രാഫിക്സിൽ കാണുന്ന സമയത്തെ വാർത്തയുടെ കട്ടിങ് മീഡിയവൺ യൂട്യൂബ് പേജിൽ കണ്ടെത്തി. ഗ്രാഫിക്സിലെ വിവരങ്ങൾ തീർത്തും വ്യത്യസ്തമാണെന്നും തുടർന്നുള്ള സമയത്തോ വാർത്തയുടെ മുഴുനീള സംപ്രേക്ഷണ സമയത്തോ പരാമർശിക്കപ്പെട്ട വാക്കുകളോ ബന്ധപ്പെട്ട ടെക്സ്റ്റോ മീഡിയവൺ നൽകിയതായി കണ്ടെത്താൻ സാധിച്ചില്ല. സർവെ തടഞ്ഞു എന്ന തലക്കെട്ടിന് താഴെ വാർത്തയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് വാർത്ത നൽകുമ്പോൾ മീഡിയവൺ സ്ക്രീനിൽ നൽകിയത്. 4.17pm ന് ‘മൂന്ന് പള്ളികളിൽ പുതിയ ഉത്തരവ് വേണ്ട’, ‘കീഴ്കോടതികൾ സർവെക്ക് ഉത്തരവിടരുത്’, ‘പുതിയ ഉത്തരുവകൾ വേണ്ടെന്ന് സുപ്രിംകോടതി’, ‘കേന്ദ്രം മറുപടി സത്യവാങ്മൂലം നൽകണം’, ‘ആരാധനാലയങ്ങളിലെ സർവെ തടഞ്ഞ് സുപ്രിംകോടതി’, ‘ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദം തടഞ്ഞു’ എന്നീ ടെക്സ്റ്റുകളാണ് നൽകിയത്.
പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് തത്സമയ സംപ്രേക്ഷണത്തിൽ നിന്നെടുത്ത് അതിൽ എഡിറ്റ് ചെയ്ത് വിവരങ്ങൾ കൂട്ടിച്ചേർത്തതാണെന്ന് വ്യക്തം.
അവസാനഘട്ട സ്ഥിരീകരണത്തിന് മീഡിയവൺ ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു. മീഡിയവണിന്റേതായി പ്രചരിക്കുന്ന ഈ ഗ്രാഫിക്സ് ടെക്സ്റ്റ് വ്യാജമാണെന്നും ഇത്തരം ഒരു ഗ്രാഫിക്സ് ടെക്സ്റ്റ് സ്ക്രീനിൽ ഉപയോഗിച്ചിട്ടില്ല എന്നും അവർ അറിയിച്ചു. പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ഉപസംഹാരം:
മസ്ജിദുകളിലെ സർവെ സുപ്രിംകോടതി തടഞ്ഞത് മുസ്ലിം ലീഗിന്റെ ശ്രമഫലമായാണെന്ന് പ്രചരിപ്പിക്കുന്ന വാർത്ത ടെക്സറ്റ് യഥാർഥ ടെക്സ്റ്റ് എഡിറ്റ് ചെയ്ത് നിർമിച്ചതാണെന്ന് കണ്ടെത്തി. ആരാധനാലയ സംരക്ഷണ നിയമം റദ്ദാക്കണമെന്നും നിലനിർത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് കോടതി ഇടപെടൽ. സംഭൽ ശാഹി ജമാ മസ്ജിദ് വിഷയം ഉൾപ്പെടെ പരിഗണിച്ചാണ് ഉത്തരവ്. വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് കോടതി മാറ്റി. സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് സുപ്രിംകോടതി നാല് ആഴ്ച സമയവും അനുവദിച്ചിട്ടുണ്ട്.