ഫാക്ട് ചെക്ക്: സിപിഎം സമ്മേളനത്തിൽ അതിഥി തൊഴിലാളികളോ?
സംസ്ഥാന സമ്മേളനത്തിൽ ആളെക്കൂട്ടാൻ അതിഥി തൊഴിലാളികളെ ഇറക്കിയെന്ന് പ്രചാരണം

Claim :
സിപിഎം സംസ്ഥാന സമ്മേളനത്തിൽ അതിഥി തൊഴിലാളികൾFact :
പ്രചരിക്കുന്നത് 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ അഴീക്കോട് മണ്ഡലത്തിലെ പ്രചാരണത്തിൽ നിന്നുള്ള ദൃശ്യം
കൊല്ലത്ത് 2025 മാർച്ച് 6ന് തുടങ്ങിയ സി പി എം സംസ്ഥാന സമ്മേളനം മാർച്ച് 9ന് സമാപിച്ചിരിക്കുകയാണ്. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 25,000 ത്തോളം റെഡ് വൊളന്റിയർമാർ അണിനിരന്ന പരേഡിനു പിന്നാലെ ആശ്രാമം മൈതാനിയിൽ അരങ്ങേറിയ പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത് . അതിനിടെ സമ്മേളനത്തിൽ അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സി പി എം പതാകയുമായി നടക്കുന്ന വ്യക്തിയോട് റിപ്പോർട്ടർ ചോദ്യം ചോദിക്കുമ്പോൾ താൻ ഹിന്ദിക്കാരനാണെന്നും ഒഡീഷയിൽ നിന്നാണെന്നുമാണ് മറുപടി നൽകുന്നത്. സി പി എം സംസ്ഥാന സമ്മേളനം കൊല്ലം, ജനലക്ഷങ്ങൾ പങ്കെടുക്കുന്നു,, സമ്മേളത്തിന് പ്രചരണം നടത്തുന്ന കൊല്ലംകാരൊക്കെ എത്ര മനോഹരമായിട്ടാണ് ഹിന്ദിയും ബംഗാളിയും ഒഡിയയും സംസാരിക്കുന്നത് എന്ന വിവരണത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുന്നത്. പോസ്റ്റും ലിങ്കും ചുവടെ

എക്സിൽ പ്രചരിക്കുന്ന പോസ്റ്റ്

വസ്തുത പരിശോധന:
സി പി എം സംസ്ഥാന സമ്മേളനത്തിൽ ആളെക്കൂട്ടാൻ അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചെന്നാരോപിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനവുമായി പ്രചരിക്കുന്ന ദൃശ്യത്തിന് ബന്ധമില്ലെന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പ്രചാരണത്തിൽ നിന്നുള്ളതാണെന്നും വസ്തുത പരിശോധനയിൽ വ്യക്തമായി.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ സി പി എം പതാകയുമായി റാലിയിൽ പങ്കെടുന്ന ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളിയോട് റിപ്പോർട്ടർ എങ്ങനെയുണ്ട് പ്രചാരണം എന്നാണ് ചോദിക്കുന്നത്. റിപ്പോർട്ടറും ദൃശ്യത്തിലുള്ള വ്യക്തിയും മാസക്ക് ധരിച്ചതായും കാണാം. കോവിഡ്, നിപ തുടങ്ങിയ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മാസ്ക്ക് നിർബന്ധമാക്കിയ സാഹചര്യമാണെന്ന സൂചന ലഭിക്കുന്നുണ്ട്. വീഡിയോ പഴയതാകാമെന്ന നിഗമനത്തിൽ നടത്തിയ കീ വേഡ് പരിശോധനയിൽ തിങ്ക് ഓവർ കേരള എന്ന ഫെയ്സ്ബുക്ക് അക്കൌണ്ടിൽ 2021 ഏപ്രിൽ 5ന് പ്രചരിക്കുന്ന വീഡിയോയയുടെ ദൈർഘ്യമേറിയ പതിപ്പ് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പണം കൊടുത്ത് അഴീക്കോട് സിപിഎം സ്ഥാനാർഥിയുടെ പ്രകടനത്തിൽ അണി നിരത്തിയ ഒരു ഒഡിഷക്കാരൻ...പ്രകടനത്തിന്റെ മുന്നിൽ നിന്നാൽ കൂടുതൽ പണം കിട്ടും എന്ന് വിചാരിച്ചു കാണണം പാവം. എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. വീഡിയോയിൽ പ്രൈം 21 എന്ന ചാനലിന്റെ ലോഗോയുണ്ട് .
സി പി എം റാലിയുടെ വീഡിയോയിൽ വ്യക്തമായി കാണുന്ന ബാനറിൽ അഴിക്കോട് നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സുമേഷിനെ വിജയിപ്പിക്കുക എന്നാണ് എഴുതിയിരിക്കുന്നത്. പി ജയരാജൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും റാലിയിലുണ്ട്. എല്ലാവരും മാസ്ക്ക് ധരിച്ചതായും കാണാം. 2021 നിയമസഭാ തെരഞ്ഞെടുപ്പിലാണ് കണ്ണൂർ അഴീക്കോട് കെ വി സുമേഷ് എൽ ഡി എഫ് സ്ഥാനാർഥിയാകുന്നത്. മുസ്ലിം ലീഗ് സ്ഥാനാർഥി കെ എം ഷാജിയെ പരാജയപ്പെടുത്തിയാണ് കെ വി സുമേഷ് ജയിച്ചത്.തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റാലിയിൽ നിന്നുള്ളതാണ് ദൃശ്യമെന്ന് വ്യക്തമായി. ലഭ്യമായ സൂചന പ്രകാരം പ്രൈം 21 കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലാണെന്ന് കണ്ടെത്തി. പ്രൈം 21 യൂട്യൂബ് ചാനലിലും, ഫെയ്സ്ബുക്ക് പേജിലും യഥാർഥ വീഡിയോ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
സി പി എം 24 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടത്തിയ സംസ്ഥാന സമ്മേളനത്തിൽ ആളെക്കൂട്ടാൻ അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചെന്നാരോപിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനവുമായി പ്രചരിക്കുന്ന ദൃശ്യത്തിന് ബന്ധമില്ലെന്നും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അഴീക്കോട് നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കെ വി സുമേഷിനായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നുള്ളതാണെന്നും വ്യക്തമായി. 2025 മാർച്ച് 9ന് ആശ്രാമം മൈതാനിയിൽ അരങ്ങേറിയ പൊതുസമ്മേളനത്തോടെയാണ് സമ്മേളനം സമാപിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരാണ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.