അദാനി പവറിന്റെ വൈദ്യുതി നിരക്ക് കെഎസ്ഇബി നിരക്കിനേക്കാൾ കുറവോ?
സംസ്ഥാനത്ത് വൈദ്യുതി വർധന പ്രാബല്ല്യത്തിലായതോടെ കെഎസ്ഇബിയേക്കാൾ കുറവാണ് അദാനി പവർ ഈടാക്കുന്ന നിരക്കെന്ന പ്രചാരണം ശരിയോ?
ഡിസംബർ ആറിനാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. 40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് നിരക്ക് വർധന ബാധകമല്ല. 2024 -25 വർഷത്തിൽ 16 പൈസയും 2025 - 26 വർഷത്തിൽ 12 പൈസയും വർധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്ഇബി ഈടാക്കുന്ന നിരക്ക് അദാനി പവർ നിരക്കിനേക്കാൾ കൂടുതലാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചത്. ഒറ്റനോട്ടത്തിൽ അദാനി പവറിന്റെ നിരക്ക് കെഎസ്ഇബിയേക്കാൾ കുറവാണെന്ന് തോന്നുമെങ്കിലും ബിൽ വരുമ്പോൾ കെഎസ്ഇബി നിരക്ക് അദാനി പവറിനേക്കുകാൾ കുറവാണെന്ന് കണ്ടെത്തി.
വസ്തുത പരിശോധന:
നിരക്കിലെ വ്യത്യാസത്തിൽ വ്യക്തത വരുത്താൻ അദാനി പവറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിരക്ക് പരിശോധിച്ചു. വെബ്സൈറ്റിലെ വിവരം പ്രകാരം 2024 ഏപ്രിൽ മുതൽ ആദ്യ 100 യൂണിറ്റിന് 3.15 രൂപയാണ് എനർജി ചാർജ്. അടുത്ത 200 യൂണിറ്റിന് 5.40 രൂപയും. എന്നാൽ കെഎസ്ഇബി നിരക്ക് ആദ്യ 50 യൂണിറ്റിന് 3.30 രൂപയും അടുത്ത 50 യൂണിറ്റിന് 4.15, അടുത്ത 50 യൂണിറ്റിന് 5.25 രൂപ, തുടർന്ന് 50 വീതമുള്ള സ്ളാബുകൾക്ക് 7.10, 8.35 രൂപ എന്നിങ്ങനെയാണ് എനർജി ചാർജ്.
ഈ നിരക്ക് പരിശോധിക്കുമ്പോൾ കെഎസ്ഇബി നിരക്ക് അദാനി പവറിനേക്കാൾ കൂടുതലായി തോന്നും. ഈ കണക്ക് നിരത്തിയാണ് പ്രചാരണം. കണക്കുകൾ പരിശോധിച്ചപ്പോൾ നിശ്ചിത എനർജി ചാർജിന് പുറമെ അദാനി പവർ ഈടാക്കുന്ന ചാർജുകൾ കെഎസ്ഇബിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. അദാനി പവർ 2024ലെ വൈദ്യുതി ചാർജ് പ്രകാരം ആദ്യ 100 യൂണിറ്റിന് 2.60 വീലിങ് ചാർജ് നൽകണം. തുടർന്നുള്ള ഓരോ 200 യൂണിറ്റിനും 2.60 രൂപ വീതം വീലിങ് ചാർജ് ഈടാക്കും. എനർജി ചാർജിൽ വീലിങ് ചാർജ് കൂടെയാകുമ്പോൾ ആദ്യ 100 യൂണിറ്റിന് 5.75 രൂപ, തുടർന്നുള്ള 200 യൂണിറ്റിന് 8.00 രൂപ എന്നിങ്ങനെ വരും എനർജി ചാർജ്. ഇതിന് പുറമെയാണ് ഫിക്സഡ് ചാർജ്. ഏറ്റവും കുറഞ്ഞത് 90 രൂപയാണ് അദാനി പവറിന്റെ ഫിക്സഡ് ചാർജ്. കെഎസ്ഇബി ഈടാക്കുന്ന ഏറ്റവും കുറഞ്ഞ ഫിക്സഡ് ചാർജ് 45 രൂപയാണ്.
ഫ്യുവൽ സർച്ചാർജിലും മാറ്റമുണ്ട്. 4 മുതൽ 80 പൈസ വരെ യൂണിറ്റിന് ഫ്യുവൽ ചാർജ് അദാനി പവർ ഈടാക്കുന്നതായി കാണാം. കെഎസ്ഇബി ഈടാക്കുന്നത് 19 പൈസയാണ്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരും അദാനി പവറിന് സർച്ചാർജ് നൽകണം. എന്നാൽ ആയിരം വാട്ട്സ് വരെ കണക്റ്റഡ് ലോഡുള്ള പ്രതിമാസം 40 യൂണിറ്റ് ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ഫ്യൂവൽ സർചാർജ് കെഎസ്ഇബി ഈടാക്കുന്നില്ലെന്നും കണ്ടെത്താനായി.
ഈ കണക്കുകൾ പ്രകാരം കെഎസ്ഇബിയുമായി അദാനി പവറിന്റെ നിരക്ക് താരതമ്യം ചെയ്യുന്പോൾ വലിയ വ്യത്യാസം കാണാം.
കൂടുൽ വ്യക്തതയ്ക്ക് കെഎസ്ഇബിയുമായി ബന്ധപ്പെട്ടപ്പോൾ നടക്കുന്നത് തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണെന്ന് അറിയിച്ചു. പുതുക്കിയ വൈദ്യുതി നിരക്ക് പ്രകാരവും കെഎസ്ഇബി നിരക്ക് അദാനി പവറിനേക്കാൾ കുറവാണെന്നും അവർ വ്യക്തമാക്കി. അദാനി പവറുമായി വൈദ്യുതി നിരക്കിൽ വരുന്ന മാറ്റവും കെഎസ്ഇബി വിശദീകരിച്ചു.
ആദ്യ 50 യൂണിറ്റിന് കെഎസ്ഇബി ബിൽ അദാനി പവറിനേക്കാൾ 231 രൂപ കുറവാണെന്ന് കെഎസ്ഇബി അറിയിച്ചു. ഇത് 100 യൂണിറ്റ് ആകുമ്പോൾ 333 രൂപയും 200 യൂണിറ്റിന് 596 രൂപയും കുറവുള്ളതായും അവർ അറിയിച്ചു. മഹാരാഷ്ട്രയിലെയും കേരളത്തിലെയും ഇലക്ട്രിസിറ്റി ഡ്യൂട്ടിയിലെ വ്യത്യാസവും അവർ വിശദീകരിച്ചു. മഹാരാഷ്ട്രയിൽ 16 ശതമാനം ആണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി, കേരളത്തിൽ10 ശതമാനവും. മഹാരാഷ്ട്രയിൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി കണക്കാക്കുന്നത് ഫിക്സഡ് ചാർജ്, എനർജി ചാർജ്, വീലിംഗ് ചാർജ് എന്നിവ കൂടിച്ചേരുന്ന തുകയ്ക്കാണ്. കേരളത്തിൽ എനർജി ചാർജിന്‍റെ 10 ശതമാനം ആണ് ഫിക്സഡ് ചാർജ്. മഹാരാഷ്ട്രയിൽ യൂണിറ്റൊന്നിന് 26.04 പൈസ നിരക്കിൽ മറ്റൊരു സര്‍ക്കാര്‍ ടാക്സും കൊടുക്കേണ്ടതുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
കെഎസ്ഇബി നിരക്ക് വർധിപ്പിച്ചതോടെ അദാനി പവർ ഈടാക്കുന്ന വൈദ്യുതി നിരക്ക് കെഎസ്ഇബിയേക്കാൾ കുറവാണെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. കെഎസ്ഇബിയേക്കാൾ അദാനി പവർ നിരക്ക് കുറവുള്ളത് എനർജി താരിഫിൽ മാത്രമാണെന്നും ഇതിന് പുറമെ അദാനി പവർ ഈടാക്കുന്ന എനർജി സർച്ചാർജും ഫിക്സഡ് ചാർജും കെഎസ്ഇബിയേക്കാൾ കൂടുതലാണെന്നും കണ്ടെത്താനായി. എനർജി താരിഫിന് പുറമെ അദാനി പവർ ഈടാക്കുന്ന വീലിങ് ചാർജ് കൂടെയാകുമ്പോൾ കെഎസ്ഇബിയേക്കാൾ അധിക ചാർജ് വൈദ്യുതിക്ക് അദാനി പവർ ഈടാക്കുന്നുണ്ടെന്നും കണ്ടെത്തി.