Fact Check: എംപിയെ തള്ളിയിട്ടെന്ന് രാഹുൽ ഗാന്ധി സമ്മതിച്ചോ?
മാധ്യമങ്ങളോടുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണം എഡിറ്റ് ചെയ്താണ് പ്രചാരണം
ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ കടുത്ത പ്രതിഷേധങ്ങൾക്കാണ് പാർലമെന്റ് സാക്ഷിയായത്. അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പാർലമെന്റിന് പുറത്ത് ഇൻഡ്യ മുന്നണി എംപിമാർ പ്രതിഷേധിച്ചത്. അംബേദ്കർ പ്രതിമയ്ക്കു മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബി ആർ അംബേദ്കറെ കോൺഗ്രസാണ് അപമാനിച്ചതെന്ന് ആരോപിച്ച് ബിജെപിയും പ്രതിഷേധ മാർച്ച് നടത്തി. നേർക്കുനേർ പ്രതിഷേധത്തിനിടെ എംപിയെ രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിജെപി നൽകിയ പരാതിയിൽ രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്.
എംപിയെ തള്ളിയിട്ടെന്ന് രാഹുൽ ഗാന്ധി സമ്മതിക്കുന്നുവെന്ന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണ്. പ്രതിഷേധത്തിനിടെ മാധ്യമങ്ങളെ കണ്ട രാഹുൽ, എംപിയെ തള്ളിയിട്ടെന്ന് സമ്മതിക്കുന്നതായാണ് വീഡിയോ. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, അനുരാഗ് ഠാക്കൂർ എംപി ഉൾപ്പടെയുള്ളവർ ഇത് എക്സിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ബിജെപി എംപി പ്രതാപ് സാരംഗിയെ ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ സമ്മതിക്കുന്നുണ്ട്. രാഹുൽ ചെയ്ത കുറ്റകൃത്യത്തിന്റെ ശക്തമായ തെളിവാണ് ഈ വീഡിയോ ഫൂട്ടേജ്. അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നാണ് അമിത് മാളവ്യയുടെ പോസ്റ്റ്.
എംപിയെ തള്ളിയിട്ടെന്ന് രാഹുൽ സമ്മതിച്ചിട്ടും അത് കേരളത്തിലെ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്ന് വിമർശിച്ചും പോസ്റ്റുകളുണ്ട്.
വസ്തുത അന്വേഷണം:
അംബേദ്കർ വിവാദത്തിൽ പാർലമെന്റിൽ നടന്ന പ്രതിഷേധവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ആദ്യം പരിശോധിച്ചു. പ്രതിഷേധത്തിനിടെ എംപിയെ രാഹുൽ പിടിച്ച് തള്ളിയെന്ന് ബിജെപി ആരോപിക്കുന്നു. എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ രാഹുൽ ഗാന്ധി പരിക്കേറ്റ പ്രതാപ് സാരംഗിയെ സന്ദർശിക്കുന്നുമുണ്ട്.
ഇതിനിടെ മാധ്യമങ്ങളെ കണ്ട രാഹുൽ എംപിയെ തള്ളിയിട്ടെന്ന് സമ്മതിക്കുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം. തെരഞ്ഞെടുക്കപ്പെട്ട എംപിയെ തള്ളിയിട്ട് പരിക്ക് ഏൽപ്പിച്ചതിന് മാപ്പ് പറയുന്നതിന് പകരം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് രാഹുൽ എന്നാണ് ബിജെപി കേരളയുടെ ഔദ്യോഗിക എക്സ് അക്കൌണ്ടിലെ പോസ്റ്റ്.
പ്രചിരിക്കുന്ന വീഡിയോയിൽ എംപിയെ തള്ളിയിട്ടെന്നാണ് രാഹുലിന്റെ പ്രതികരണം. എംപിയെ തള്ളിയിട്ടെന്ന് രാഹുൽ സമ്മതിച്ചിട്ടുണ്ടോ എന്നറിയാൻ കീവേഡ് സെർച്ച് നടത്തി. അത്തരമൊരു വാർത്ത കണ്ടെത്താനായില്ല. പ്രചരിക്കുന്ന വീഡിയോയുടെ മുഴുനീള വീഡിയോ ലഭിക്കാൻ എഎൻഐ പിടിഐ അക്കൌണ്ടുകൾ പരിശോധിച്ചു. രാഹുൽ പ്രതികരിച്ചത് പ്രസ്തുത വാർത്ത ഏജൻസികളോടാണ്. രാഹുലിന്റെ പ്രതികരണത്തിന്റെ പിടിഐ ലിങ്കാണ് ചുവടെ.
പിടിഐ നൽകിയ വീഡിയോയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തള്ളിയിട്ടോ എന്ന് ഒരു റിപ്പോർട്ടർ ചോദിക്കുന്നുണ്ട്. ഇതിനാണ് രാഹുൽ അതെ തള്ളി, ഒന്നും സംഭവിച്ചില്ലല്ലോ, കുഴപ്പമില്ല എന്ന് പ്രതികരിക്കുന്നത്.
പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് ക്ലിപ്പ് ചെയ്ത വീഡിയോയാണെന്ന് കണ്ടെത്തി. പ്രചരിപ്പിക്കുന്നത് ബിജെപി ഐടി സെൽ തലവൻ, എംപിമാർ, സംസ്ഥാന നേതാക്കൾ തുടങ്ങിയവരുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ശൈത്യകാല സമ്മേളനത്തിൽ പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു എന്നായിരുന്നു വിവാദ പരാമർശം.
ఇప్పుడు Desh Telugu Keyboard యాప్ సహాయంతో మీ ప్రియమైన వారికి తెలుగులో సులభంగా మెసేజ్ చెయ్యండి. Desh Telugu Keyboard and Download The App Now