വസ്തുത പരിശോധന: മോദി-ട്രംപ് വാർത്താസമ്മേളനത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകനെ പരിഹസിച്ച് വിദേശ മാധ്യമപ്രവർത്തക?

പ്രചരിക്കുന്നത് 2020ലെ വീഡിയോ;

Update: 2025-02-18 04:53 GMT
NARENDRA MODI DONALD TRUMP PRESS CONFERENCE

മോദി-ട്രംപ് വാർത്താസമ്മേളനത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകനെ പരിഹസിച്ച് വിദേശ മാധ്യമപ്രവർത്തകയെന്ന് പ്രചാരണം

  • whatsapp icon

യുഎസ് പ്രസിഡന്റായി ഡോണൾഡ് പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. ഫെബ്രുവരി 12ന് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നരേന്ദ്ര മോദി അമേരിക്കയിലെത്തി.  മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ പാക് വംശജന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് മുതൽ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് ഉൾപ്പടെയുള്ള സുപ്രധാന തീരുമാനങ്ങളായിരുന്നു മോദി ട്രംപ് കൂടിക്കാഴ്ചയിലുണ്ടായത്. ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സംയുക്ത വാർത്ത സമ്മേളനം നടത്തി. ഇന്ത്യക്കായി മികച്ച കാര്യങ്ങൾ ചെയ്യുന്ന മികച്ച നേതാവാണ് മോദിയെന്നും ഇന്ത്യയുമായി എന്നും മികച്ച ബന്ധമാണെന്നും ഒരുമിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ദീര്‍ഘകാലമായുള്ള സുഹൃത്ത് എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.

ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷത്തെക്കുറിച്ച് ഇന്ത്യൻ മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അത് പ്രധാനമന്ത്രിക്ക് വിടുന്നതായും ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകന്റെ ചോദ്യം അമേരിക്കൻ ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുന്നതും വൈറലായിരുന്നു. യുഎസിലെ ഇന്ത്യാ വിരുദ്ധപ്രവർത്തനത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഇന്ത്യൻ ഇംഗ്ലിഷ് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറുകയും  ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങളെ പരിഹസിക്കുന്ന അമേരിക്കൻ മാധ്യമപ്രവർത്തകയെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മോദി ട്രംപ് വാർത്താ സമ്മേളനത്തിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ വിഢിത്തത്തെ പരിഹസിക്കുന്ന അമേരിക്കൻ മാധ്യമപ്രവർത്തകർ എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ





ഗോഡി മീഡിയ കാരണം ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ നാണംകെട്ടെന്നും വിമർശനമുണ്ട്.



 

വസ്തുത പരിശോധന:

മോദി ട്രംപ് വാർത്താസമ്മേളനത്തിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകന്റെ ചോദ്യവും അമേരിക്കൻ വനിതയുടെ പരിഹാസവുമെന്ന തരത്തിലുള്ള വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2020ൽ കോവിഡ് പശ്ചാത്തലത്തിൽ ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. 

വീഡിയോയിൽ നിന്നുള്ള കീഫ്രേമുകൾ റിവേഴ് ഇമേജിലൂടെ പരിശോധിച്ചു. സമാന വീഡിയോ 2020ൽ ഡാമൻ ഇമാനി എന്ന എക്സ് അക്കൌണ്ടിലും പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പച്ച വസ്ത്രത്തിലുള്ള സ്ത്രീ ഏതാണെന്നും ഇന്ത്യൻ മാധ്യമ പ്രവർത്തകനെ പരിഹസിക്കാൻ അവർ ആരാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇറാനിയൻ നിർമാതാവും കണ്ടന്റ് ക്രിയേറ്ററുമാണ് ഡാമൻ ഇമാനി. 


2020 ഫെബ്രുവരി 27നാണ് ഡാമൻ ഇമാനി വീഡിയോ പങ്കുവെക്കുന്നത്. ഇതിൽ നിന്നും ഇപ്പോൾ നടന്ന ട്രംപ് മോദി വാർത്താ സമ്മേളനത്തിൽ നിന്നുള്ള ദൃശ്യമല്ലെന്ന് വ്യക്തമായി. വാർത്താ സമ്മേളനത്തെ കുറിച്ചും ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെക്കുറിച്ചും അന്വേഷിച്ചു. വീഡിയോയിൽ കാണുന്ന വൈറ്റ് ഹൌസ് റിപ്പോർട്ടറായ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ റൺബീർ ഘോയലാണെന്ന് കണ്ടെത്തി. ഡാമൻ ഇമാനി തന്നെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്


പശ്ചാത്തലത്തിൽ പച്ച വസ്ത്രം ധരിച്ച് ചിരിക്കുന്ന സ്ത്രീ എബണി ബൌഡനാണെന്നും കണ്ടെത്തി.


വാർത്താ സമ്മേളനത്തെക്കുറിച്ചറിയാൻ നടത്തിയ അന്വേഷണത്തിൽ ന്യൂയോർക്ക് പോസ്റ്റിലെ മാധ്യമപ്രവർത്തക ഇന്ത്യൻ മാധ്യമപ്രവർത്തകനെ പരിഹസിക്കുന്ന വൈറൽ വീഡിയോയെക്കുറിച്ച് ഇന്റർനാഷണൽ ബിസിനസ് ടൈം റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടും വാർത്തയിൽ ഉപോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ നിന്നും 2020  ഫെബ്രുവരി 26ന് വൈറ്റ് ഹൌസിൽ കോവിഡ് 19നെക്കുറിച്ച് ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് കണ്ടെത്തി. ട്രംപിന്റെ ഇന്ത്യസന്ദർശനത്തെക്കുറിച്ചും ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുമായിരുന്നു ചോദ്യം.

വാർത്താസമ്മേളനം സിഎൻബിസി തത്സമയം സംപ്രേഷണം ചെയ്തിട്ടുണ്ട്. ഈ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിട്ടില്ലെന്നും കണ്ടെത്തി


Full View

രണ്ടാമത് അധികാരമേറ്റ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ ചോദ്യം ചോദിച്ച ഇന്ത്യൻ മാധ്യമപ്രവർത്തകനെ പരിഹസിക്കുന്ന അമേരിക്കൻ മാധ്യമപ്രവർത്തക എന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ 2020ൽ നിന്നുള്ളതാണെന്നും മോദി ട്രംപ് വാർത്താസമ്മേളനത്തിൽ നിന്നുള്ളതല്ലെന്നും കണ്ടെത്തി

Tags:    

Similar News