ഫാക്ട് ചെക്ക്: കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ആഡംബര ഭക്ഷണരീതിയോ?
ആശാ വർക്കർമാരുടെ അനിശ്ചിതകാല സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം;

കമ്യൂണിസ്റ്റ് മന്ത്രിയുടെ ആഡംബര ഭക്ഷണരീതിയെന്ന തരത്തിൽ സീ ഫുഡ് റസ്റ്ററന്റ് ഉദ്ഘാടനത്തിന് മന്ത്രി ഭക്ഷണം കഴിക്കുന്ന പ്രചരിക്കുന്നു
ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്ത്വത്തിൽ സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. സമരത്തെ പ്രതിപക്ഷമുൾപ്പടെ വിവിധ സംഘടനകൾ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ലളിത ജീവിതം പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വിപരീതമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ആഡംബര ജീവിതം എന്ന തരത്തിൽ മന്ത്രി സജി ചെറിയാന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന മന്ത്രിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. 232 രൂപ ശമ്പളം കൊണ്ട് ഒരു ദിവസം ജീവിച്ചു കൂടേ ? എന്ന് ആശാവർക്കർമാരോട് ചോദിക്കുന്ന കമ്മ്യൂണിസ്റ്റുകാരനായ ഒരു മന്ത്രി പൂങ്കുവന്റെ ഒരു നേരത്തെ ലളിതമായ ഭക്ഷണ രീതി കാണുക മാലോരെ എന്ന വിവരണത്തോടെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.

വസ്തുത പരിശോധന:
ലളിത ജീവിതത്തെക്കുറിച്ച് പറയുമ്പോഴും കമ്യൂണിസ്റ്റ് മന്ത്രിയായ സജി ചെറിയാന്റെ ആഡംബര ഭക്ഷണശീലം കാണിക്കുന്ന ചിത്രമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി. ഫിഷറീസ് മന്ത്രിയായ സജി ചെറിയാന്‍ റസ്റ്ററന്റിന്റെ ഉദ്ഘാടന വേളയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
ആശാ വർക്കർമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. മന്ത്രി സജി ചെറിയാൻ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി. 2024 ജനുവരി10നാണ് മന്ത്രി ചിത്രം പങ്കുവെച്ചത്. മന്ത്രിക്കൊപ്പം മറ്റു ചിലരും ഭക്ഷണം കഴിക്കുന്ന ചിത്രത്തിനൊപ്പം മറ്റു ചിത്രങ്ങളുമുണ്ട്. മത്സ്യഫെഡിന്റെ സീഫുഡ് റെസ്റ്റോറന്റ് 'കേരള സീഫുഡ് കഫേ'യുടെ ഉദ്ഘാടനം വിഴിഞ്ഞത്ത് നിർവഹിച്ചു. മിതമായ വിലയിൽ അതിഗംഭീരമായ ഭക്ഷണമാണ്. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും എന്ന വിവരണത്തോടെയാണ് ഫിഷറീസ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയും മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലുണ്ട്
മന്ത്രിയുടെ ആഡംബര ജീവിതമെന്ന തരത്തിൽ ചിത്രം പ്രചരിക്കുന്നതിനെതിരെ സജി ചെറിയാൻ ഫെയ്സ്ബുക്കിൽ പ്രതികരിച്ചതായും കണ്ടെത്തി.
രാഷ്ട്രീയ എതിര്‍പ്പ് കാരണം നിലവാരത്തകര്‍ച്ചയുടെ അങ്ങേയറ്റത്തേക്ക് സി പി എം വിരോധികള്‍ താഴുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. മറുപടി എഴുതണം എന്ന് ആദ്യം കരുതിയതല്ലെങ്കിലും തങ്ങള്‍ എത്തിയ അധഃപതനത്തിന്റെ ആഴം ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് ബോധ്യം വന്നോട്ടെയെന്ന് കരുതിയാണ് ഈ കുറിപ്പ് എന്ന് തുടങ്ങിയ കുറിപ്പിൽ ചിത്രത്തിന്റെ യാഥാർഥ്യം മന്ത്രി വിശദീകരിക്കുന്നുണ്ട്. നേരത്തെ പോസ്റ്റ് ചെയ്ത മുഴുവൻ ചിത്രങ്ങളും ചേർത്താണ് മന്ത്രിയുടെ പോസ്റ്റ്. 2024 ജനുവരി 10 ന് വിഴിഞ്ഞത്ത് ഉദ്ഘാടനം നിര്‍വഹിച്ച കേരള സീഫുഡ് കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രമാണ് ഇത്. സംസ്ഥാന സർക്കാരിന്റെ സ്വന്തം സംരംഭമായ ഇത് ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഫെഡാണ് നടത്തുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം സർക്കാർ തുടങ്ങുന്നത്. റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ വിഭവങ്ങള്‍ ഉദ്ഘാടനത്തിനെത്തിയ അതിഥികൾക്കായി വിളമ്പുന്ന ഈ ചിത്രമാണ് ചില കൂട്ടര്‍ മറ്റുള്ളവരെ ക്രോപ് ചെയ്ത് എന്നെ മാത്രം കാണുന്ന രീതിയിൽ കുറുക്കന്റെ കൗശലത്തോടെ പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ കാണുന്നതും അല്ലാത്തതുമായ ഒട്ടേറെ വിഭവങ്ങൾ മിതമായ വിലയിൽ ആസ്വദിക്കാൻ ചിത്രം പ്രചരിപ്പിക്കുന്നവരെകൂടി കേരള സീഫുഡ് കഫേയിലെക്ക് സ്വാഗതം ചെയ്താണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.
കേരള സീ ഫുഡിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമയം മലയാളം, ദ ഹിന്ദു തുടങ്ങിയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1.5 കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ആഴാകുളത്താണ് 'കേരള സീ ഫുഡ് കഫേ' പ്രവർത്തനം ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ കീഴിലെ സീ ഫുഡ് റസ്റ്ററന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ് മന്ത്രിയുടെ ആഡംബര ജീവിതമെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
കമ്യൂണിസ്റ്റ് മന്ത്രിയായ സജി ചെറിയാന്റെ ആഡംബര ഭക്ഷണശീലം കാണിക്കുന്ന ചിത്രമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഫിഷറീസ് മന്ത്രിയായ സജി ചെറിയാന്‍ വകുപ്പിന് കീഴിലുള്ള സീ ഫുഡ് റസ്റ്ററന്റായ കേരള സീ ഫുഡിന്റെ ഉദ്ഘാടന വേളയിൽ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം ക്രോപ്പ് ചെയ്താണ് പ്രചാരണമെന്നും വ്യക്തമായി