വസ്തുത പരിശോധന: എംഎസ്എഫ് നേതാവ് അറസ്റ്റിലായത് മയക്കുമരുന്ന് കേസിലോ?

കേരളത്തിൽ സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ ഇടയിലെ ലഹരി ഉപയോഗം ചർച്ചയാകുകയാണ്.;

Update: 2025-03-10 13:45 GMT
MSF, LEADER, ARREST
മയക്കുമരുന്ന് കേസിൽ എംഎസ്എഫ് നേതാവ് അറസ്റ്റിലെന്ന് പ്രചാരണം
  • whatsapp icon

കേരളത്തിൽ സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ ഇടയിലെ ലഹരി ഉപയോഗം ചർച്ചയാകുകയാണ്. ലഹരിക്കെതിരെ നടപടി ശക്തമാക്കാൻ എക്സൈസ് ഓപ്പറേഷൻ സ്ലേറ്റ് പദ്ധതി കർശനമായി നടപ്പിലാക്കുകയാണ്. ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയതും വാർത്തയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഇടപാടുകാരെ തേടിയുമാണ്  എക്സൈസ് ഓപ്പറേഷൻ പുരോഗമിക്കുന്നത്. ഇതിനിടെ വിദ്യാർഥി സംഘടനയായ എം എസ് എഫ് എറണാകുളം ജോയിന്റ് സെക്രട്ടറി റിമാൻഡിലായെന്ന് വാർത്ത കാർഡ് രൂപത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഉസ്മാൻ തങ്ങൾ കഞ്ചാവ് മയക്കുമരുന്ന് മാഫിയ തലവനാണെന്നും ആരോപിച്ചാണ് കാർഡ്. നിലവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൂടിയാണ് ഉസ്മാൻ തങ്ങളെന്നും കാർഡിലുണ്ട്. കേരളത്തിൽ വർധിച്ച് വരുന്ന ലഹരിക്കേസുകളിൽ ലഹരിയുടെ ഉറവിടത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് എം എസ് എഫ് 5000 രൂപ പാരിതോഷികം നൽകുമെന്ന എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിന്റെ പ്രസ്താവനയെ ചേർത്താണ്  പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.



 

Full View





Full View



വസ്തുത പരിശോധന:

എം എസ് എഫ് എറണാകുളം ജോയിന്റ് സെക്രട്ടറി ഉസ്മാൻ തങ്ങൾ മയക്കുമരുന്ന് കേസിൽ റിമാൻഡിലായെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. കോളജിൽ ഉണ്ടായ സംഘർഷത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഉസ്മാൻ തങ്ങളെ അറസ്റ്റ് ചെയ്തതതെന്ന് വ്യക്തമായി.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ കീവേഡ് പരിശോധനയിൽ എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് സമാന പോസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി.

ഉസ്മാൻ തങ്ങൾക്കെതിരായ പോസ്റ്ററിനെ വിമർശിച്ചാണ് പോസ്റ്റ്. വ്യാജ പോസ്റ്ററിൽ തകരുന്നതല്ല ഉസ്മാൻ തങ്ങളുടെ വ്യക്തിത്വം എന്നും പോസ്റ്റിലുണ്ട്. കൂടാതെ  കഞ്ചാവ്, ലഹരി മാഫിയ തലവനെന്ന് പറഞ്ഞ് വ്യക്തിഹത്യ നടത്തിയതിന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എം എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ പരാതിയുടെ പകർപ്പും ചേർത്തിട്ടുണ്ട്. കോതമംഗലം പുതുപ്പാടി എൽദോ മാർ ബസേലിയസ് കോളജിലുണ്ടായ വഴക്കിൽ ഉസ്മാൻ തങ്ങൾക്കെതിരെ കേസ് എടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിനെതിരെ ലഹരി മാഫിയ എന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. എസ് എഫ് ഐ ഹാൻഡിലുകൾക്കെതിരെയും നിരവധി ഫെയ്സ്ബുക്ക് പേജുകൾക്കുമെതിരെയാണ് പരാതി.

പരാതിയിൽ പരാമർശിച്ച കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആർ നമ്പറായ 0128 ഉപയോഗിച്ച് കേരള പൊലീസിന്റെ തുണ വെബ്സൈറ്റിൽ പരിശോധിച്ചു. 2025 ഫെബ്രുവരി 24ന് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആർ വിവരങ്ങൾ ലഭിച്ചു.


അന്നേ ദിവസം രാത്രി കോതമംഗലം മാർ ബസേലിയസ് കോളജിന് മുൻവശത്ത് പരാതിക്കാരനെയും സുഹൃത്തുക്കളെയും കമ്പിവടി ഉപയോഗിച്ച് മർദിച്ചെന്ന പരാതിയിലാണ് കേസ്. പരാതിക്കാരനായ അജയ് ദാസ് സുഹൃത്തുക്കളായ അഭിഷേക്, അജയ് പ്രദീപ് എന്നിവർ കോതമംഗലം ബസേലിയസ ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രാഥമിക വിവരത്തിലുണ്ട്. കേസിൽ എം എസ് എഫ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്മാൻ തങ്ങൾ, ഷൌക്കത്ത് അലി, ജസ്വാൻ, ഷമീർ സുനിൽ, കമർ പ്ലാമൂടൻ എന്നിങ്ങനെ അഞ്ച് പേരാണ് പ്രതികൾ. ലഭ്യമായ വിവരം പ്രകാരം എം എസ് നേതാവായ ഉസ്മാൻ തങ്ങളെ റിമാൻഡ് ചെയ്തത് മൂന്ന് പേരെ ആക്രമിച്ച  കേസിലാണെന്നും കഞ്ചാവ്, മറ്റു ലഹരി കേസുമായോ ബന്ധപ്പെട്ടല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

എം എസ് എഫ് എറണാകുളം ജോയിന്റ് സെക്രട്ടറി ഉസ്മാൻ തങ്ങൾ മയക്കുമരുന്ന് കേസിൽ റിമാൻഡിലായെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. കോതമംഗലം എൽദോസ് മാർ ബസേലിയസ് കോളജിന് മുൻവശത്ത് വെച്ച് ഉസ്മാൻ തങ്ങളും മറ്റ് നാല് പേരും മൂന്ന് പേരെ ആക്രമിച്ച  കേസിലാണ് റിമാൻഡിലായതെന്നും കണ്ടെത്തി. ഉസ്മാൻ തങ്ങളെ വ്യക്തിഹത്യ നടത്തുകയാണെന്നാരോപിച്ച് എം എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും കണ്ടെത്താനായി

Claim :  മയക്കുമരുന്ന്, ലഹരി മാഫിയ തലവനായ എംഎസ്എഫ് നേതാവ് റിമാൻഡിൽ
Claimed By :  SOCIAL MEDIA USERS
Fact Check :  Misleading
Tags:    

Similar News