Fact Check: 140 തേങ്ങ കൈകൊണ്ട് പൊട്ടിക്കുന്നത് രാഹുൽ ഗാന്ധിയോ?

പ്രചരിക്കുന്നത് രാഹുൽ ഗാന്ധിയുടെ എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോ

Update: 2024-12-26 06:39 GMT

ഒരു മിനിറ്റിൽ 140 തേങ്ങകൾ കൈ കൊണ്ട് പൊട്ടിച്ച് റെക്കോഡിട്ട് രാഹുൽ ഗാന്ധിയെന്ന് പ്രചാരണം


പാർലമെന്റിലെ പ്രതിഷേധത്തിനിടെ എംപിയെ തള്ളിയിട്ടെന്നും തുടർന്ന് ബിജെപി എംപി പ്രതാപ് സാരംഗിക്ക് പരിക്കേറ്റതും ചർച്ചയാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ കൈക്കരുത്തെന്ന പേരിൽ പുതിയ പ്രചാരണം. ഒരു മിനിറ്റിൽ 140 തേങ്ങകൾ കൈ കൊണ്ട് പൊട്ടിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ എന്ന നിലയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് വൈറലാവുന്നത്. കോൺഗ്രസ് നേതാവും മീഡിയ പാനലിസ്റ്റ് കൂടിയായ സുരേന്ദ്ര രാജ്പുത് എക്സിൽ വീഡിയോ പങ്ക് വെച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുന്നത്. ശരിക്കും കിട്ടിയാൽ എങ്ങനെയിരിക്കും എന്ന ക്യാപ്ഷൻ ചേർത്താണ് സുരേന്ദ്ര രാജ്പുത് വീഡിയോ പങ്കുവെച്ചത്. പോസ്റ്റും ലിങ്കും ചുവടെ




ഇതാണ് പ്രതിപക്ഷ നേതാവിന്റെ കൈക്കരുത്തെങ്കിൽ പരിക്കേറ്റ എംപിക്കേറ്റ ആഘാതം എത്രത്തോളമായിരിക്കുമെന്ന നിലയിലും പോസ്റ്റ് പ്രചരിക്കുന്നുണ്ട്.






ഭാവി നേതാവെന്ന ക്യാപ്ഷൻ ചേർത്ത് വിഷ്ണു ബിആർഎസ് എന്ന  എക്സ് അക്കൌണ്ടിൽ പങ്കുവെച്ച വീഡിയോ പത്ത് ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്.

വസ്തുത അന്വേഷണം:

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കൈക്കരുത്തെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോ സൂക്ഷമമായി പരിശോധിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശരീര ഭാഷയോ സ്ഥിരതയോ അനുഭവപ്പെടാത്തത് വീഡിയോ വ്യാജമായി നിർമിച്ചതാണെന്ന സൂചന നൽകുന്നുണ്ട്. ചിത്രമെടുത്ത് റിവേഴ്സ് ഇമേജിൽ പരിശോധിക്കുമ്പോൾ സമാന പശ്ചാത്തലത്തിലുള്ള ഗിന്നസ് വേൾഡ് റെക്കോഡിന്റെ യൂട്യൂബ് ചാനലിലെ വീഡിയോ കണ്ടെത്തി. ലിങ്ക് ചുവടെ

Full View

ഏറ്റവും കൂടുതൽ തേങ്ങ ഒരു മിനുറ്റില്‍ പൊട്ടിച്ച് റെക്കോഡ് എന്ന അടിക്കുറിപ്പോടെ ഗിന്നസ് വേൾഡ് റെക്കോഡ് ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത് വീഡിയോയാണിത്. കീവേഡ് പരിശോധനയിൽ അഭീഷ് പി ഡൊമിനിക് എന്ന വ്യക്തി നേടിയ ഗിന്നസ് വേൾഡ് റെക്കോഡിനെ കുറിച്ച് മീഡിയവൺ നൽകിയ വാർത്ത ലഭിച്ചു.



ഗിന്നസ് റെക്കോഡിന്റെ വീഡിയോയിൽ നിന്ന് രാഹുൽ ഗാന്ധിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന സമാന പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രമാണിത്. റെക്കോഡിട്ട വ്യക്തിയുടെ അടുത്തുള്ളവരും ക്യാമറാമാനും സമാനമാണെന്ന് വ്യക്തം. 122 തേങ്ങ ഒരു മിനുറ്റില്‍ പൊട്ടിച്ച് കോട്ടയം സ്വദേശി അഭീഷ് പി ഡൊമിനിക് നേടിയ ഗിന്നസ് വേൾഡ് റെക്കോഡിന്റെ ദൃശ്യങ്ങളാണിത്. 2017 ഡിസംബർ 20നാണ് ഗിന്നസ് വേൾഡ് റെക്കോഡ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. 2011ലെ 118 തേങ്ങകൾ കൈ കൊണ്ട് തകർത്ത റെക്കോഡാണ് മലയാളിയായ അഭീഷ് മറികടന്നത്. പ്രസ്തുത വീഡിയോയിലെ അവസാന ഭാഗം മാത്രം ട്രിം ചെയ്ത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ അഭീഷ് പി ഡൊമിനിക്കിന് പകരം ചേർത്താണ് പ്രചാരണം എന്ന് വ്യക്തമാണ്. യഥാർഥ വീഡിയോയിൽ നിന്നുള്ള ചിത്രവും പ്രചാരണത്തിലുള്ള രാഹുൽ ഗാന്ധിയുള്ള വീഡിയോയിൽ നിന്നുമുള്ള സ്ക്രീൻഷോട്ടുകളുടെ താരതമ്യമാണ് ചുവടെ. ഇരു ചിത്രത്തിലും പശ്ചാത്തലത്തിലുള്ളത് ഒരേ വ്യക്തികൾ



പ്രചരിക്കുന്ന വീഡിയോയിലെ എഐ ഉപയോഗം അറിയാൻ എഐ ഡിറ്റക്ടിങ് ടൂളായ ട്രൂ മീഡിയയിൽ ചിത്രം പരിശോധിച്ചു. ഡീപ് ഫേക്ക് ഉപയോഗിച്ച് വ്യാജ നിർമിതിയാണെന്ന് കണ്ടെത്തി. 




സാമൂഹ്യ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധി കൈകൊണ്ട് ഒരു മിനിറ്റിൽ 140 തേങ്ങകൾ തകർക്കുന്ന വീഡിയോ എന്ന നിലയിൽ പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് വ്യാജമായി നിർമിച്ച വീഡിയോയാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്താനായി.

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷിയായാണ് പാർലമെന്റ് ശൈത്യകാല സമ്മേളനം അവസാനിച്ചത്. ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്കറെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇൻഡ്യ മുന്നണി എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി എംപിയെ തള്ളിയിട്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. വീണ് പരിക്കേറ്റ എംപി പ്രതാപ് സാരംഗി ആശുപത്രിയിലായി. വധശ്രമം ഉൾപ്പടെ ആരോപിച്ച് ബിജെപി പരാതി നൽകി. എന്നാൽ രാഹുൽ ഗാന്ധിയെ പോലെ ആരോഗ്യവാനായ ഒരാൾ 69 കാരനെ തള്ളിയിട്ടാൽ അദ്ദേഹത്തിന് ഇപ്പോൾ പറ്റിയ പരിക്കാണോ സംഭവിക്കുക എന്നാണ്  കോൺഗ്രസ് അനുകൂലികൾ ചോദിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണ് പ്രസ്തുത വീഡിയോ പങ്കുവെച്ചത്. കോൺഗ്രസിന്റെ മാധ്യമ സെൽ പാനലിസ്റ്റ് കൂടിയായ സുരേന്ദ്ര രജ്പുത് വീഡിയോ പങ്കുവെച്ചതും ശരിക്കും കിട്ടിയാൽ എങ്ങനെയിരിക്കും എന്ന് ചോദിച്ചാണ്. രാഹുൽ മനഃപൂർവം ആക്രമിക്കുകയാണെന്ന തരത്തിൽ ബിജെപി അനുകൂല പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ വീഡിയോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതാണ്



 

Claim :  ഒരു മിനിറ്റിൽ 140 തേങ്ങകൾ കൈ കൊണ്ട് പൊട്ടിച്ച് റെക്കോഡിട്ട് രാഹുൽ ഗാന്ധി
Claimed By :  SOCIAL MEDIA USERS
Fact Check :  False
Tags:    

Similar News