Fact Check: ബംഗ്ലാദേശ് അരിക്കായി ഇന്ത്യയോട് യാചിച്ചോ?
ഭക്ഷ്യക്ഷാമത്തെ തുടർന്ന് ബംഗ്ലാദേശ് ഇന്ത്യയോട് 50000 ടൺ അരിക്കായി അഭ്യർഥിച്ചെന്നാണ് പ്രചാരണം
സംവരണ നിയമത്തിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ താഴെ വീണതോടെ രാഷ്ട്രീയ അസ്ഥിരതയിലാണ് ബംഗ്ലാദേശ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയുമാണ് ഷെയ്ഖ് ഹസീനയുടെ പതനത്തിന് കാരണമായത്. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ. അതിനിടെ ഇസ്കോൺ പുരേഹിതൻ ചിൻമയ് കൃഷ്ണദാസ് ബ്രഹ്മാചാരിക്കെനെതിരായ കേസിലെ വിധിക്ക് പിന്നാലെ ബംഗ്ലാദേശ് സാമുദായിക സംഘർഷത്തിലേക്ക് കടന്നു. ചിന്മയിയുടെ കൃഷ്ണദാസിന്റെ അനുയായികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി.ഇതോടെ ആഭ്യന്തര സംഘർഷം രൂക്ഷമായി. പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഭക്ഷ്യ ധാന്യങ്ങളും അരിയും എണ്ണയും ഇറക്കുമതി ചെയ്യാൻ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ തീരുമാനിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയോട് ബംഗ്ലാദേശ് 50000 ടൺ അരിക്കായി അഭ്യർഥിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അന്നം മുട്ടി ഭാരതത്തോട് സഹായം അഭ്യർഥിച്ച് ബംഗ്ലാദേശ് എന്നാണ് ജനം ടിവിയുടെ പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
ഇന്ത്യയോട് അടിയന്തര സഹായമായി കുറഞ്ഞ നിരക്കിൽ അമ്പതിനായിരം ടൺ അരി ആവശ്യപ്പെട്ടിരിക്കുകയാണ് ബംഗ്ലാദേശ് എന്ന് ജന്മഭൂമിയും വാർത്ത നൽകിയിട്ടുണ്ട്. നിരവധി പോസ്റ്റുകൾ എക്സിലും ഫേസ്ബുക്കിലുമായി പ്രചരിക്കുന്നുണ്ട്. ഒബാമയുടെയും കമലാ ഹാരിസിന്റെയും യൂനുസിന് അരി വേണമത്രെ..പട്ടിണി കിടന്ന് ചത്താലും ഒരുപിടി പോലും കൊടുക്കരുതെന്നാണ് പോസ്റ്റ്
വസ്തുത അന്വേഷണം:
ഭക്ഷ്യക്ഷാമം പരിഹരിക്കാൻ അരിയും ധാന്യങ്ങളും എണ്ണയും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച ബംഗ്ലാദേശ് ഇന്ത്യയിലെ സ്വകാര്യ കമ്പനിയുടെ ടെൻഡർ സ്വീകരിച്ചു. ഇന്ത്യൻ സർക്കാരിൽ നിന്ന് സഹായം അഭ്യർഥിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്.
ജനം ടിവിയും ജന്മഭൂമിയും നൽകിയ വാർത്തയിൽ വാർത്തയുടെ ഉറവിടമോ ഔദ്യോഗിക വിശദീകരണമോ ഇല്ല. ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിൽ ഏക് ജാലക് ഇംഗ്ലിഷ് എന്ന ഓൺലൈൻ മാധ്യമത്തിലെ തലക്കെട്ടും നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി സമാന കീവേഡ് ഉപയോഗിച്ച് പരിശോധന നടത്തി. വിശന്നു വലഞ്ഞ് ബംഗ്ലാദേശ്, യൂനുസിന് ഇന്ത്യയിൽ നിന്ന് അരിക്കായി യാചിക്കേണ്ടി വന്നു എന്ന തലക്കെട്ടോടെയാണ് ഏക് ജാലക് ഇംഗ്ലിഷിന്റെ വാർത്ത. പ്രസ്തുത വാർത്ത കീവേഡ് സെർച്ചിലൂടെ ഡെയ്ലിഹണ്ടിൽ കണ്ടെത്തി.
വാർത്തയുടെ ആധികാരികത പരിശോധിക്കാൻ അമ്പതിനായിരം ടൺ അരി വാങ്ങാൻ ബംഗ്ലാദേശ് നീക്കമോ എന്ന പരിശോധന നടത്തി. ബംഗ്ലാദേശി പത്രമായ ധാക്ക ടൈംസ് നൽകിയ വാർത്ത കൂടുതൽ വ്യക്തത നൽകുന്നതാണ്. ഗവൺമെന്റ് പർച്ചേസിന്റെ പതിനേഴാമത് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാന പ്രകാരം സ്ഥിരത ഉറപ്പാക്കാൻ അരി, പരിപ്പ്, എണ്ണ മുതലായവ ഇറക്കുമതി ചെയ്യാനാണ് നീക്കം.
അഡ്വൈസറി കമ്മിറ്റി തീരുമാന പ്രകാരം ഇന്ത്യയിലെ ബഗാഡിയ ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് അമ്പതിനായിരം ടൺ അരി വാങ്ങും എന്നാണ് റിപ്പോർട്ട്. ടെൻഡർ പ്രകാരം ടണ്ണിന് 456.67 ഡോളറിനാണ് ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. ട്രേഡിങ് കോർപ്പറേഷൻ ഓഫ് ബംഗ്ലാദേശിന്റെ കീഴിൽ ഷെയ്ഖ് അഗ്രോ ഫുഡ് ഇൻഡസ്ട്രീസിൽ നിന്ന് പരിപ്പും സിറ്റി എഡിബിൾ ഓയിലിൽ നിന്ന് സോയാബീൻ ഓയിലും വാങ്ങും.
ബംഗ്ലാദേശ് വിളിച്ച ടെൻഡറും ഇന്ത്യയിൽ നിന്നുള്ള കമ്പനി ഏറ്റവും കുറഞ്ഞ നിരക്ക് വിളിച്ചതും എകണോമിക് ടൈംസ് നവംബറിൽ വാർത്ത നൽകിയിട്ടുണ്ട്. ബിസിനസ് സ്റ്റാൻഡേർഡും സമാന വാർത്ത നൽകിയിട്ടുണ്ട്.
ആഭ്യന്തര സംഘർഷവും രാഷ്ട്രീയ അസ്ഥിരതയും തുടരുന്നതിനിടെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശ് സഹായം അഭ്യർഥിച്ചെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ബംഗ്ലാദേശ് ഭക്ഷ്യവസതുക്കൾ വാങ്ങാൻ രാജ്യാന്തര ടെൻഡർ വിളിച്ചതാണെന്നും അമ്പതിനായിരം ടൺ ബസുമതി അരിക്ക് കുറഞ്ഞ നിരക്കിൽ ടെൻഡർ എടുത്തത് ഛത്തീസ്ഗഡിലെ ബഗാഡിയ ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണെന്നും വ്യക്തമായി. ബംഗ്ലാദേശ് ഇന്ത്യൻ സർക്കാരിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ആവശ്യപ്പെട്ടിട്ടില്ല.
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സർക്കാർ ബംഗ്ലാദേശിൽ വീണത്. ഇസ്കോൺ സന്യാസിയുടെ അറസ്റ്റോടെ ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതമായി. ചിന്‍മയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയുടെ അറസ്റ്റിലും ജാമ്യം നിഷേധിച്ചതിലും ഇന്ത്യന്‍ സര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നു.ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുമുണ്ട്. ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം കടുത്തതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇതിനിടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലെത്തി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദീനുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.