വസ്തുത പരിശോധന: ഐസിജെ തലപ്പത്ത് ഇന്ത്യൻ പൌരൻ? വാസ്തവമെന്ത്?
അന്താരാഷ്ട്ര നീതിന്യായ കോടതി അംഗമാണ് ഇന്ത്യൻ പൌരനായ ദൽവീർ ഭണ്ഡാരി;
തെക്കന്‍ ഗസ്സയിലെ റഫയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടപ്പോൾ അനുകൂലമായി വിധിയെഴുതിയ 15 അംഗ പാനലിൽ ഒരംഗം ഇന്ത്യക്കാരനായിരുന്നു. 2012 മുതല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പാനല്‍ അംഗമായ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയാണ് വിധിയില്‍ ഒപ്പുവെച്ച ഇന്ത്യക്കാരന്‍. തുടർന്ന് വാർത്തകളിലും ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഇടംനേടി.
അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ചുമതലയേറ്റെന്നാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി ഒരു ഇന്ത്യക്കാരൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടലുകളുടെ ഫലമാണ് നേട്ടം. ബ്രിട്ടന്റെ 72 വർഷത്തെ കുത്തക തകർത്താണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരി തൽസ്ഥാനത്ത് എത്തിയത് തുടങ്ങിയാണ് പ്രചാരണം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റും ലിങ്കുമാണ് ചുവടെ
അഡ്വ. അർഷദ് സുബൈർ എന്ന ഫേസ്ബുക്ക് അക്കൌണ്ടിലെ പോസ്റ്റിൽ യുഎൻ ജനറൽ അസംബ്ലിയിൽ 183ഉം രക്ഷാസമിതിയിലെ മുഴുവൻ വോട്ടും നേടിയാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഐസിജെ ചീഫ് ജസ്റ്റിസായതെന്നും വിശദീകരിക്കുന്നുണ്ട്.
മറ്റൊരു പോസ്റ്റിൽ ജസ്റ്റിസ് ദൽവീർ പരാജയപ്പെടുത്തിയത് ബ്രിട്ടിഷ് ജഡ്ജി ജസ്റ്റിസ് ക്രിസ്റ്റഫർ ഗ്രീൻവുഡിനെയാണെന്നും ഇതോടെ ഐസിജെയിലെ ബ്രിട്ടിഷ് കുത്തക തകർന്നെന്നുമാണ് വാദം
വസ്തുത പരിശോധന:
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ചീഫ് ജസ്റ്റിസ് എന്നൊരു പദവിയില്ല. 2012 മുതൽ ഐസിജെ അംഗമാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയെന്നും കണ്ടെത്തി.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികളായതിനാൽ പ്രചാരണത്തിന്റെ വസ്തുത അന്വേഷിക്കാൻ ഐസിജെ വെബ്സൈറ്റ് പരിശോധിച്ചു. വെബ്സൈറ്റിൽ കോടതിയുടെ നിലവിലെ അംഗങ്ങളുടെ വിവരങ്ങളും നൽകിയിട്ടുണ്ട്. ലബനാനിൽ നിന്നുള്ള ജസ്റ്റിസ് നവാഫ് സലാമാണ് ഐസിജെയുടെ നിലവിലെ പ്രസിഡന്റ്. യുഗാണ്ടയിൽ നിന്നുള്ള ജസ്റ്റിസ് ജൂലിയ സിബുൻടിൻഡെയാണ് വൈസ് പ്രസിഡന്റ്. ഇവരെ കൂടാതെ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഉൾപ്പടെ 13 അംഗങ്ങളാണ് ഐസിജെയിലുള്ളത്. ജസ്റ്റിസ് ദൽവീർ 2012 ജൂൺ 19 മുതൽ ഐസിജെ അംഗമാണെന്നും വെബ്സൈറ്റിലുണ്ട്. ഐസിജെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയെന്ന പ്രാചാരണം തെറ്റാണെന്ന് കണ്ടെത്താനായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഐസിജെ ചീഫ് ജസ്റ്റിസായതെന്നും പ്രചാരണമുണ്ട്. എന്നാൽ യുപിഎ സർക്കാരിന്റെ കാലം മുതൽ തന്നെ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ഐസിജെ അംഗമാണ്. 2012ൽ ഐസിജെ വൈസ് പ്രസിഡന്റ് ഔൻ ശൌക്കത്ത് അൽ ഖസൌനെ രാജിവെച്ച ഒഴിവിലേക്കാണ് ദൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടത്. 2018 ഫെബ്രുവരി വരെയായിരുന്നു കാലാവധി. ഐസിജെ 2012ൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പാണ് ചുവടെ.
2017ൽ ദൽവീർ ഭണ്ഡാരിയെ യുഎൻ ജനറൽ അസംബ്ലിയും സെക്യൂരിറ്റി കൌൺസിലും വീണ്ടും ഐസിജെ അംഗമായി തെരഞ്ഞെടുത്തു. 2018 ഫെബ്രുവരി 6 മുതൽ ഒൻപത് വർഷമാണ് കാലാവധി.
ബ്രിട്ടിഷ് ജഡ്ജി ക്രിസ്റ്റഫർ ഗ്രീൻവുഡ് മത്സരത്തിൽ നിന്ന് പിൻമാറിയതോടെയാണ് 183 വോട്ടുകൾ നേടി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി വീണ്ടും ഐസിജെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് സംബന്ധിച്ച് വിദേശ മാധ്യമങ്ങളുൾപ്പടെ നൽകിയ വാർത്തയും കണ്ടെത്തി. ഐസിജെയിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികൾ ബ്രിട്ടന്റെ കുത്തകയല്ലെന്നും ഐസിജെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോൾ വ്യക്തമാണ്. നാല് തവണ മാത്രമാണ് ബ്രിട്ടിഷ് വംശജർ ഐസിജെ തലപ്പത്ത് എത്തിയത്. 1946 മുതൽ ഐസിജെ അംഗങ്ങളുടെ പട്ടികയിലുള്ള ബ്രിട്ടന്, ക്രിസ്റ്റഫർ ഗ്രീൻവുഡ് പിൻമാറുകയും ദൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ 71 വർഷത്തിൽ ആദ്യമായി ഐസിജെയിൽ പ്രാതിനിധ്യം ഇല്ലാതായി.
ഇതാദ്യമായല്ല ഒരു ഇന്ത്യൻ പൌരൻ ഐസിജെയിൽ അംഗമാകുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളും ഇന്ത്യൻ പൌരൻ വഹിച്ചിട്ടുണ്ട്. ജസ്റ്റിസ് നാഗേന്ദ്ര സിങ്ങായിരുന്നു 1985 മുതൽ 1988 വരെ ഐസിജെ പ്രസിഡന്റ്. 1976 മുതൽ 1979 വരെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജസ്റ്റിസ് നാഗേന്ദ്ര സിങ്. ജസ്റ്റിസ് സർ ബനഗെലു റാവു, ജസ്റ്റിസ് രഘുനാഥൻ സ്വരൂപ് പഥക് എന്നിവരും ഐസിജെ അംഗങ്ങളായിട്ടുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി ഇന്ത്യൻ പൌരനായ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടെന്ന പ്രാചരണം തെറ്റിധരിപ്പിക്കുന്നതാണ്. ഐസിജെ അംഗമാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരി. ഐസിജെയിൽ ചീഫ് ജസ്റ്റിസെന്ന പദവിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടലിനെ തുടർന്നാണ് ജസ്റ്റിസ് ദൽവീർ തൽസ്ഥാനത്തെത്തിയതെന്ന് പ്രചാരണവും തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2012ൽ യുപിഎ ഭരണം മുതൽ ഐസിജെ അംഗമാണ് ജസ്റ്റിസ് ദൽവീർ