ഫാക്ട് ചെക്ക്: ബഹിരാകാശത്ത് നിന്ന് സുനിത വില്ല്യംസ് പകർത്തിയ കുംഭമേളയുടെ ദൃശ്യങ്ങളോ?
മഹാകുംഭ മേളയുടെ നിരവധി ചിത്രങ്ങളാണ് സുനിത വില്ല്യംസ് പകർത്തിയതെന്ന തരത്തിൽ പ്രചരിക്കുന്നത്;

ബഹിരാകാശത്ത് നിന്ന് സുനിത വില്ല്യംസ് പകർത്തിയ കുംഭമേളയുടെ ദൃശ്യങ്ങളെന്ന് പ്രചാരണം
2025 മാർച്ച് 18 നാണ് ഒൻപത് മാസത്തെ ദൌത്യത്തിന് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ ബഹിരാകാശത്ത് നിന്ന് സുനിത വില്യംസ് പകർത്തിയതാണെന്ന് അവകാശപ്പെട്ട് ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടന്ന മഹാ കുംഭമേളയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുക്കയാണ്. മഹാ കുംഭമേളയിലെ ത്രിവേണി സംഗമത്തിന്റെ രാത്രി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള ബഹിരാകാശ ചിത്രങ്ങളാണ് സുനിത വില്ല്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയതാണെന്ന തരത്തിൽ പ്രചരിക്കുന്നത്. സുനിതയുടെ ബന്ധു കൂടിയായ ഫാൽഗുനി പാണ്ഡ്യ തനിക്ക് ബഹിരാകാശത്ത് നിന്ന് കുംഭമേളയുടെ ചിത്രങ്ങൾ സുനിത വില്ല്യംസ് അയച്ചുനൽകിയതായി പറഞ്ഞത് ഉൾപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.

വസ്തുത പരിശോധന:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്ല്യംസ് പകർത്തിയ മാഹാകുംഭ മേളയുടെ ദൃശ്യങ്ങളെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. ഒരു ചിത്രം 2021ൽ നിന്നുള്ളതാണെന്നും മറ്റൊന്ന് നാസ ബഹിരാകാശ സഞ്ചാരി പകർത്തിയ ദൃശ്യങ്ങളാണ് സുനിത വില്ല്യംസ് പകർത്തിയതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ വസ്തുത അറിയാൻ ഇരു ചിത്രവും റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2025 ജനുവരി 27ന് ഇന്ത്യ ടുഡേ നൽകിയ വർത്ത ലഭിച്ചു .ഇന്ത്യയ്ക്ക് മുകളിലൂടെ പറന്ന്, നാസ ബഹിരാകാശ സഞ്ചാരി ഡോൺ പെറ്റിറ്റ് പകർത്തിയ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ ചിത്രങ്ങൾ എന്നാണ് റിപ്പോർട്ട് .
ഇതാദ്യമായല്ല കുംഭമേളയുടെ ബഹിരാകാശ ചിത്രം പുറത്തുവരുന്നതെന്നും, ഐഎസ്ആർഒ ജനുവരി 17ന് ചിത്രങ്ങൾ പുറത്തുവിട്ടതും റിപ്പോർട്ടിലുണ്ട്. കുംഭമേളയ്ക്ക് മുൻപും ശേഷവും ഉള്ള ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം നടത്തിയ അന്വേഷത്തിൽ നാസ ബഹിരാകാശ സഞ്ചാരി ഡോൺ പെറ്റിറ്റ് പകർത്തിയ ചിത്രം ലഭിച്ചു.
ഗംഗ നദിയിലെ 2025 മഹാ കുംഭമേളയുടെ അന്താരാഷ്ട്ര ബഹിരകാശ നിലയത്തിൽ നിന്നുള്ള രാത്രി ചിത്രം. ലോകത്തിെ ഏറ്റവും വലിയ മനുഷ്യ സംഗമം പ്രകാശിക്കുന്നു, എന്ന അടിക്കുറിപ്പോടെയാണ് ഡോൺ പെറ്റിറ്റ് ചിത്രം എക്സിൽ പങ്കുവെച്ചത്. ഇതോടെ സുനിത വില്യംസ് പകർത്തിയ കുഭമേളയുടെ രാത്രി ചിത്രങ്ങൾ എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.
പകൽ വെളിച്ചത്തിലുള്ള ചിത്രം റിവേഴ്സ് ഇമേജ്ലൂടെ പരിശോധിച്ചപ്പോൾ അലാമി എന്ന വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ക്രോപ്പ് ചെയ്യാത്ത മുഴുവൻ ചിത്രമാണ് വെബ്സൈറ്റിലുള്ളത്.
2021 ജനുവരി 21ന് പ്രസിദ്ധീകരിച്ച ചിത്രം ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കുംഭനഗരിയിൽ നിന്നുള്ളതാണെന്ന് വിവരണം നൽകിയിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന രണ്ടാമത്തെ ചിത്രവും സുനിത വില്യംസ് പകർത്തിയത് അല്ലെന്ന് വ്യക്തമായി.
സുനിത വില്യംസിൻ്റെ ബന്ധുവായ ഫൽഗുണി പാണ്ഡ്യയുടെ പ്രതികരണം പരിശോധിച്ചു. ബഹിരാകാശത്ത് നിന്ന് സുനിത തനിക്ക് മഹാകുംഭ മേളയുടെ ദൃശ്യങ്ങൾ പകർത്തി കാണിച്ച് തന്നെന്ന് അഭിമുഖങ്ങളിൽ അവകാശപ്പെട്ടത് എൻഡിടിവി ഉൾപ്പടെ ഉള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. എന്നാല് റിപ്പോർട്ടുകളിൽ ഒന്നും ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്ല്യംസ് പകർത്തിയ മാഹാകുംഭ മേളയുടെ ദൃശ്യങ്ങളെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. നാസ ബഹിരാകാശ സഞ്ചാരി പകർത്തിയ രാത്രിയിലെ ദൃശ്യങ്ങളും 2021ൽ ഉത്തരാഖണ്ഡിൽ നിന്ന് പകർത്തിയ ചിത്രങ്ങളുമാണ് സുനിത വില്ല്യംസ് പകർത്തിയതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നതെന്നും കണ്ടെത്തി