ഫാക്ട് ചെക്ക്: ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചെന്ന് സുനിത വില്ല്യംസ് പറഞ്ഞോ?
അതിജീവനത്തിന് ഇസ്ലാമിക രീതി കരുത്തായെന്ന സുനിത പറഞ്ഞതായി ബിബിസി റിപ്പോർട്ടെന്നാണ് പ്രചാരണം;

ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചെന്ന സുനിത വില്ല്യംസ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തെന്ന് പ്രചാരണം
ഒമ്പത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വിൽമോറും 2025 മാർച്ച് 19നാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകമാണ് സുനിതയും വിൽമോറും ഉൾപ്പെട്ട ക്രൂ-9 സംഘത്തെ സുരക്ഷിതരായി ഭൂമിയിലെത്തിച്ചത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായി 2024 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിലെത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർ മൂലം മടക്ക യാത്ര മുടങ്ങുകയായിരുന്നു. ഭൂമിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇരുവരുടെയും പര്യടനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 288 ദിവസത്തെ ബഹിരാകാശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സുനിതയുടെ പ്രതികരണം എന്ന തരത്തിലാണ് പ്രചാരണം. താൻ ബഹിരാകാശത്ത് കുടുങ്ങിയത് ദൈവ നിശ്ചയമാണെന്നും ഭക്ഷണവും വെള്ളവും തീരാറായപ്പോൾ അതിജീവിക്കാൻ കരുത്തായത് ഇസ്ലാമിക രീതികളാണെന്നും റമദാൻ വ്രതത്തെ കുറിച്ച് ചിന്തിച്ചെന്നും സുനിത വില്ല്യംസ് പറഞ്ഞെന്നാണ് പ്രചാരണം. ബഹിരാകാശ നിലയത്തിൽ നിന്ന് ഖുർആൻ വായിച്ചെന്നും, അതിലെ ഭ്രൂണ ശാസ്ത്രവും, ആഴക്കടലിനെ കുറിച്ചും ആകാശത്തെ കുറിച്ചും പറയുന്നത് അത്ഭുതപ്പെടുത്തിയെന്നും സുനിത പറഞ്ഞതായാണ് പോസ്റ്റ്. ബിബിസി റിപ്പോർട്ടാണെന്നും സൂചിപ്പിക്കുന്നുണ്ട്.
അൽഹംദുലില്ലാഹ്
സുനിത വില്ലംസിന്റ ഞെട്ടിക്കുന്ന വെളിവപ്പെടുത്തൽ
ഒരാഴ്ചത്തെ ദൗത്യവുമായി ബഹിരാകാശത്ത് പോയ സുനിത 9 മാസം അവിടെ തങ്ങി തിരിച്ചുവന്നപ്പോൾ പത്രക്കാരോട് പറഞ്ഞത് ലോകത്തു ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുകയാണ്.
' ഞാൻ ബഹിർകാശത്ത് കുടുങ്ങിയത് ദൈവ നിശ്ചയപ്രകാരം ആണ് എന്നാണ് എനിക്ക് തോന്നുന്നത്. 20 ദിവസം കഴ്ഞ്ഞപ്പോൾത്തന്നെ ഞാൻ മരണം മുന്നിൽ കണ്ടത് പോലെ ആയിരുന്നു ജീവിച്ചത് . സ്റ്റോർ ചെയ്ത ഭക്ഷണവും വെള്ളവും തീരാനായി ഇനി എങ്ങിനെ മുന്നോട്ടു പോകും എന്ന് ചിന്തിച്ചപ്പോൾ ആണ് മുസ്ലിങ്ങളുടെ റംസാൻ നോമ്പിനെ കുറിച്ച ഓർമ്മ വന്നത് . അന്ന് മുതൽ ഞാൻ വൈകുന്നേരം കുറച്ച ഭക്ഷണവും വെള്ളവും കുടിക്കും പിന്നെ രാവിലെ കുറച്ച വെള്ളവും. ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ല ആരോഗ്യവും ഉന്മേഷവും തോന്നി. എനിക്ക് കുറച്ച അധികം നാൾ പിടിച് നിൽക്കാൻ സാധിക്കും എന്ന് മനസ്സിലായി...എന്ന് തുടങ്ങുന്ന പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത അന്വേഷണം:
ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചെന്ന് സുനിത വില്ല്യംസ് വെളിപ്പെടുത്തിയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒൻപത് മാസത്തിന് ശേഷം തിരികെയെത്തിയ സുനിത മാധ്യമങ്ങളെ കണ്ടിട്ടില്ല.
സമൂഹ മാധ്യമങ്ങളിൽ വൈറലായ പോസ്റ്റിൽ സുനിത വില്ല്യംസ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണെന്നും ബിബിസി റിപ്പോർട്ടാണ് ഉദ്ധരിക്കുന്നതെന്നും കാണാം. ഈ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ കീ വേഡ് പരിശോധനയിൽ ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഒന്നും കണ്ടെത്താനായില്ല. സുനിത വില്ല്യംസിന്റേയും ബുച്ച് വിൽമോറിന്റെയും മടങ്ങിവരവുമായി ബന്ധപ്പെട്ട് ബിബിസി നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ചു. സംഘത്തിന്റെ മടക്കം തത്സമയ റിപ്പോർട്ടിങ്ങാണ് ബിബിസി നടത്തിയത്. 2025 മാർച്ച് 19 പുലർച്ചെ 5:11നാണ് നാസ വാർത്ത സമ്മേളനം നടത്തിയത്. സുനിത വില്യംസും ബുച്ച് വിൽമോറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ബിബിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സ്ക്രീൻ ഷോട്ട് ചുവടെ
ദൌത്യ സംഘത്തിന്റെ മടക്കവുമായി ബന്ധപ്പെട്ട് ബിബിസി തന്നെ മറ്റു റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും ഇരുവരെയും വൈദ്യശാസ്ത്ര പരിശോധനകൾക്ക് വിധേയമാക്കുകാണെന്നും നാസ അധികൃതർ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ.നാസ കൊമേഴ്ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച്, നാസ സ്പേസ് ഓപ്പറേഷൻസ് മിഷൻ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജോയൽ മൊണ്ടാൽബാനോ എന്നിവരാണ് സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചതെന്നും ബിബിസി വ്യക്തമാക്കുന്നു.
ബഹിരാകാശത്ത് നിന്ന് സുനിത വില്ല്യംസ് നൽകിയ പ്രസ്താവനയും ബിബിസി നൽകിയിട്ടുണ്ട്. ഭൂമിയിൽ മടങ്ങിവരുന്നത് തികച്ചും സന്തോഷമാണെന്നും തന്റെ കുടുംബത്തെയും നായ്ക്കളെയും കാണാനും കടലിൽ ചാടാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നുമാണ് സുനിതയുടെ പ്രതികരണം. ഇതിൽ ഒന്നും തന്നെ സുനിത വില്ല്യംസ് ഇസ്ലാം മതത്തെ കുറിച്ച് സംസാരിച്ചതായി കണ്ടെത്താനായില്ല.
കൂടുതൽ പരിശോധനയിൽ ഇന്ത്യൻ വംശജയായ സുനിത ബഹിരാകാശത്ത് ദീപാവലി ആഘോഷിച്ചതിന്റെയും ഭഗവത് ഗീതയും ഗണേശ വിഗ്രഹവും കയ്യിൽ കരുതിയതിനെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ടും ലഭിച്ചു.
ഇസ്ലാം മതത്തെ കുറിച്ച് സുനിത വില്ല്യംസ് നടത്തിയ പരാമർശങ്ങളുണ്ടോ എന്ന് അന്വേഷിച്ചു. കീ വേഡ് പരിശോധനയിൽ 2016ലും 2019ലും സുനിത ഇസ്ലാം സ്വീകരിച്ചെന്ന തരത്തിൽ നടന്ന പ്രചാരണം ഫാക്ട് ചെക്ക് ഏജൻസികൾ വ്യാജമാണെന്ന് കണ്ടെത്തിയതായും വ്യക്തമായി
ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചെന്ന് സുനിത വില്ല്യംസ് വെളിപ്പെടുത്തിയെന്ന ബിബിസി റിപ്പോർട്ടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒൻപത് മാസത്തിന് ശേഷം തിരികെയെത്തിയ സുനിത മാധ്യമങ്ങളെ കണ്ടിട്ടില്ലെന്നും ബിബിസി ഇത്തരം റിപ്പോർട്ട് നൽകിയിട്ടില്ലെന്നും കണ്ടെത്തി