ഫാക്ട് ചെക്ക്: തിരിച്ചെത്താൻ സഹായിച്ചത് ഭഗവത്ഗീതയാണെന്ന് സുനിത വില്യംസ് പറഞ്ഞോ?
ഒൻപത് മാസത്തിന് ശേഷം മടങ്ങിയെത്തുന്നതിൽ ഉപനിഷത്തുകൾ സഹായിച്ചെന്ന് പറഞ്ഞെന്നാണ് പ്രചാരണം;

സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നിൽ ഭഗവദ്ഗീതയും ഉപനിഷത്തുകളുമാണെന്ന് സുനിത വില്ല്യംസ് പറഞ്ഞെന്ന് പ്രചാരണം
2024 ജൂണ്‍ അഞ്ചിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും ഒൻപത് മാസത്തിന് ശേഷമാണ് തിരികെയത്തിയത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം എട്ട് ദിവസം മാത്രമായിരുന്ന ദൗത്യ കാലയളവ് ഒൻപത് മാസം നീളുകയായിരുന്നു. 2025 മാർച്ച് 19ന് സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകമാണ് സുനിതയും വിൽമോറും ഉൾപ്പെട്ട ക്രൂ-9 സംഘത്തെ സുരക്ഷിതരായി ഭൂമിയിലെത്തിച്ചത്. ഇതിന് പിന്നാലെ ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നിൽ ഭഗവദ്ഗീതയും ഉപനിഷത്തുകളുമാണെന്ന് സുനിത വില്ല്യംസ് പറയുന്ന വാർത്താ സമ്മേളനത്തിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്റെ ഇന്ത്യൻ പൈതൃകത്തെ ശരിക്കും വിലമതിക്കുന്നു എന്നും, അതിന്റെ ഒരു ഭാഗം തന്നോടൊപ്പം ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമാണ് സുനിത വില്ല്യംസ് പറയുന്നത്. ഗണേശൻ എപ്പോഴും തന്റെ വീട്ടിലുണ്ടായിരുന്നു, ഞാൻ താമസിച്ചിരുന്ന എല്ലായിടത്തും, എനിക്ക് ഗണേശൻ ഉണ്ടായിരുന്നു.. ഇന്ത്യൻ ഭക്ഷണത്തെയും പ്രകീർത്തിച്ച സുനിത ബഹിരാകാശത്ത് എപ്പോഴും സമോസ ലഭിച്ചെന്ന് ഉറപ്പാക്കാറുണ്ടെന്നുമാണ് പറയുന്നത്. പോസ്റ്റും ലിങ്കും ചുവടെ.

വസ്തുത പരിശോധന:
ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നിൽ ഭഗവദ്ഗീതയും ഉപനിഷത്തുകളുമാണെന്ന് സുനിത വില്ല്യംസ് പറഞ്ഞെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വീഡിയോ 2013ലേതാണെന്നും കണ്ടെത്തി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ 2013 ഏപ്രിൽ 2 ന് എൻഡിടിവി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ലഭിച്ചു. ബഹിരാകാശത്ത് വെച്ച് സമോസ കഴിച്ചെന്ന് സുനിത വില്ല്യംസ് എന്ന തലക്കെട്ടോടെയാണ് എൻഡിടിവി വാർത്ത നൽകിയത്.
സുനിത വില്യംസിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഡൽഹിയിലെ നാഷണൽ സയൻസ് സെന്ററിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് യൂട്യൂബ് പോസ്റ്റിന്റെ വിവരണം.
ബഹിരാകാശത്തേക്ക് കൊണ്ടുപോയ വസ്തുക്കളെക്കുറിച്ച് സംസാരിക്കവെയാണ് ഭഗവദ്ഗീത, ഉപനിഷത്തുകൾ കൂടെ കരുതിയിരുന്നെന്ന് സുനിത പറയുന്നത്. ആത്മീയ ഗ്രന്ഥങ്ങൾ സ്വയം ചിന്തിക്കാനുള്ള അവസരം നൽകുകയും ജീവിതത്തെയും ലോകത്തെയും വ്യത്യസ്തമായി വീക്ഷിക്കാൻ സഹായിക്കുമെന്നും സുനിത പറയുന്നു.
സുനിത വില്ല്യംസിന്റെ ബഹിരാകാശ കിറ്റിൽ സമോസയും ഗണേശ വിഗ്രഹവും എന്ന തലക്കെട്ടോടെ 2013 ഏപ്രിൽ 2 ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. ഡൽഹിയിലെ നാഷണൽ സയൻസ് സെന്ററിലെ വിദ്യാർത്ഥികളോടാണ് സുനിതയുടെ പ്രതികരണം എന്ന് റിപ്പോർട്ടിലുണ്ട്.
ഇത്തവണ സുനിത ഗണേഷ വിഗ്രഹവും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക് കൊണ്ടുപോയതായി ഇകണോമിക് ടൈംസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ നൽകിയ വാർത്ത ലഭിച്ചു. 2025 മാർച്ച് 18-ന് റിപ്പബ്ലിക് വേൾഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, 2024 മെയ് മാസത്തിലെ ബഹിരാകാശ ദൌത്യത്തിൽ സുനിത വില്ല്യംസ് ഭഗവത് ഗീത കയ്യിൽ കരുതിയതായി പറയുന്നുണ്ട്.
ഇത് സംബന്ധിച്ച് സുനിത വില്ല്യംസ് എന്തെങ്കിലും പ്രതികരണം നടത്തിയോയെന്ന അന്വേഷണത്തിൽ ദൌത്യത്തിന് ശേഷം സുനിത മാധ്യമങ്ങളെ കണ്ടിട്ടില്ലെന്ന ബിബിസി നൽകിയ റിപ്പോർട്ടും ലഭിച്ചു. സുനിത വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര തത്സമയ റിപ്പോർട്ട് നൽകിയ ബിബിസി ദൌത്യത്തിന് ശേഷമുള്ള വിവരങ്ങൾ നാസ വാർത്താ സമ്മേളനത്തിൽ നൽകിയതായും എന്നാൽ വാർത്ത സമ്മേളനത്തിൽ ഇരുവരും പങ്കെടുത്തിട്ടില്ലെന്നും പറയുന്നുണ്ട്.
ഇതോടെ ഒൻപത് മാസത്തെ ബഹിരാകാശ ദൌത്യത്തിന് ശേഷം മടങ്ങിയെത്തിയ സുനിത വില്ല്യംസ് മാധ്യമങ്ങളെ കണ്ടിട്ടില്ലെന്ന് വ്യക്തമായി. 2025 മാർച്ച് 31ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ സുനിതയും ബുച്ചും തങ്ങളുടെ ഒൻപത് മാസം നീണ്ട ബഹിരാകാശ ദൌത്യ അനുഭവങ്ങളും വെല്ലുവിളികളും വിശദീകരി
ഒമ്പത് മാസത്തെ ബഹിരാകാശ ദൌത്യത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നിൽ ഭഗവദ്ഗീതയും ഉപനിഷത്തുകളുമാണെന്ന് സുനിത വില്ല്യംസ് പറഞ്ഞെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ 2013ൽ ഇന്ത്യയിലെത്തിയപ്പോൾ സുനിത വില്ല്യംസ് ഡൽഹിയിലെ നാഷണൽ സയൻസ് സെന്ററിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞതാണെന്നും വ്യക്തമായി.