ഫാക്ട് ചെക്ക്: വഖഫ് ചർച്ചയ്ക്ക് രാഹുൽ ഗാന്ധി ലോക്സഭയിലെത്തിയില്ലേ?

ബില്ലിലെ വോട്ടിങ്ങിന് മാത്രമാണ് പ്രതിപക്ഷ നേതാവ് സഭയിലെത്തിയതെന്നാണ് പ്രചാരണം;

Update: 2025-04-03 14:37 GMT
ഫാക്ട് ചെക്ക്: വഖഫ് ചർച്ചയ്ക്ക് രാഹുൽ ഗാന്ധി ലോക്സഭയിലെത്തിയില്ലേ?
  • whatsapp icon


വാദ പ്രതിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കുമിടയിൽ വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയിരിക്കുകയാണ്. 2025 ഏപ്രിൽ 2ന് പാർലമെന്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. 14 മണിക്കൂറിലധികം നീണ്ട നടപടിക്ക് ശേഷമാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതാണ് ബിൽ.  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി  ബില്ലിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാത്തതും പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യവും വലിയ തോതിൽ ചർച്ചയാവുകയാണ്. പ്രതിപക്ഷ നേതാവ് എന്ന പദവിയിലിരിക്കുമ്പോള്‍ രാഹുല്‍ സംസാരിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിയിലുയരുന്നുണ്ട്. പ്രിയങ്കയുടെ അസാന്നിധ്യത്തെയും രാഹുല്‍ സംസാരിക്കാത്തതിനെയും സിപിഎം വിമര്‍ശിച്ചു. ബില്ലിലെ ചര്‍ച്ചയിലും, വോട്ടെടുപ്പിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിൽ വലിയ വിമർശനാണ് ഉയരുന്നത്. മുഴുവന്‍ എംപിമാരും സഭയിലുണ്ടാകണമെന്നും പാര്‍ട്ടി പറയുന്ന നിലപാടിനൊപ്പം നില്‍ക്കണമെന്ന വിപ്പുണ്ടായിരിക്കെയാണ് വയനാട് എംപിയുടെ അസാന്നിധ്യം. ബന്ധുവിന്റെ ചികിത്സയ്ക്കായി വിദേശത്തായിരുന്നുവെന്നാണ് അനൌദ്യോഗിക വിശദീകരണം. പാർട്ടി അധ്യക്ഷനെയും സ്പീക്കറെയും വിവരം അറിയിച്ചെന്നുമാണ് വിശദീകരണം. അതിനിടെ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലെത്താത്ത പ്രതിപക്ഷ നേതാവ് ബിൽ വോട്ടിനിട്ടപ്പോൾ മാത്രം എത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. പോസ്റ്റും ലിങ്കും ചുവടെ.




 





വസ്തുത പരിശോധന:

വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയ്ക്കായി രാഹുൽ ഗാന്ധി ലോക്സഭയിൽ എത്തിയില്ലെന്നും ബില്ലിൻമേൽ വോട്ടുചെയ്യാൻ മാത്രമാണ് ലോക്സഭയിലെത്തിയതുമെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. ബില്ലിൽ ചർച്ച നടക്കുമ്പോൾ രാഹുൽ ഗാന്ധി സഭയിലുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

2025 ഏപ്രിൽ 2ന് പാർലമെന്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. സഭാ നടപടികളുടെ സംപ്രേഷണം സൻസദ് ടിവിയും ഇൻഡ്യ ടുഡെ ഉൾപ്പടെയുള്ള മാധ്യമങ്ങളും നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി ലോക്സഭയിലെത്തിയിരുന്നോ എന്നറിയാൻ നടത്തിയ കീവേഡ് പരിശോധനയിൽ എഎൻഐ രാഹുൽ സഭയിലെത്തുന്ന ദൃശ്യം നൽകിയത് ലഭിച്ചു. വഖഫ് ബില്ലിൽ ലോക്സഭയിൽ ചർച്ച പുരോഗമിക്കുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് പാർലമെന്റിലെത്തിയെന്നുമുള്ള വിവരണത്തോടെ നൽകിയ ദൃശ്യം 12:55നാണ് എഎൻഐ പോസ്റ്റ് ചെയ്യുന്നത്.


ലഭ്യമായ വിവരം പ്രകാരം രാഹുൽ ഗാന്ധി വൈകിയാണ് സഭയിലെത്തിയതെന്ന് വ്യക്തമായി. ഗൌരവ് ഗ്രൊഗോയി സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി സഭയിലുള്ളത് വ്യക്തമാണ്. ഇതോടെ വഖഫ് ബിൽ ചർച്ച നടക്കുമ്പോൾ രാഹുൽ ഗാന്ധി സഭയിലുണ്ടായിരുന്നില്ലെന്നും വോട്ടിങ്ങിന് മാത്രമാണ്  എത്തിയതെന്നുമുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.



ബില്ലിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം പരിശോധിച്ചപ്പോൾ സഭയിൽ രാഹുൽ സംസാരിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതിൽ ഇൻഡ്യ സഖ്യത്തിൽ വിമർശനമുയർന്നിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബില്ലിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം എക്സിലൂടെ മാത്രമായിരുന്നു. മുസ്ലീംകളെ അരികുവൽക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് (ഭേദഗതി) ബിൽ. ആർ‌എസ്‌എസും ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ഭരണഘടനയ്‌ക്കെതിരായി നടത്തുന്ന ഈ ആക്രമണം ഇന്ന് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെങ്കിൽ ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യംവെക്കുന്നതിനുള്ള മാതൃകയാണ്.. എന്ന് തുടരുന്നതാണ് പോസ്റ്റ്.


സമൂഹ മാധ്യമങ്ങളിൽ വോട്ടിങ്ങിന് മാത്രമാണ് രാഹുൽ എത്തിയതെന്ന തരത്തിൽ പ്രചരിക്കുന്നത് ഐഎഎൻഎസ് വീഡിയോയാണ്. വഖഫ് ബില്ലിലെ വോട്ടിങ്ങിന് മുന്നോടിയായി പാർലമെന്റിലെത്തുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയ്ക്കായി രാഹുൽ ഗാന്ധി ലോക്സഭയിൽ എത്തിയില്ലെന്നും ബില്ലിൻമേൽ വോട്ടുചെയ്യാൻ മാത്രമാണ് ലോക്സഭയിലെത്തിയതുമെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 12:15ന് തുടങ്ങിയ ബിൽ അവതരണത്തിൽ രാഹുൽ വൈകിയാണ്  എത്തിയത്. പിന്നീട് വോട്ടിങ്ങിനെത്തുന്ന ദൃശ്യമുപയോഗിച്ചാണ് വോട്ടിങ്ങിന് മാത്രമാണ് എത്തിയതെന്ന തരത്തിലുള്ള പ്രചാരണമെന്ന്  വ്യക്തമായി. സഭയിലെത്തിയെങ്കിലും പതിനാല് മണിക്കൂർ നീണ്ട ചർച്ചയിൽ  രാഹുൽ ഗാന്ധി സംസാരിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Claim :  വഖഫ് ബിൽ ചർച്ചയ്ക്കെത്താത്ത രാഹുൽ ഗാന്ധി എത്തിയത് വോട്ടിങ്ങിന് മാത്രം
Claimed By :  SOCIAL MEDIA USERS
Fact Check :  Misleading
Tags:    

Similar News